അഞ്ച് സംസ്ഥാനങ്ങളിൽ 2.29 കോടി വോട്ടർമാർ കുറഞ്ഞു; എസ്‌ഐആറിൽ വൻ ഇടിവ്, 90 ശതമാനവും യുപിയിൽ
എസ്‌ഐആർ നടപടിക്കുശേഷം അഞ്ച് സംസ്ഥാനങ്ങളിലായി വോട്ടർമാരുടെ എണ്ണത്തിൽ 12.2 ശതമാനം കുറവ്. മൂന്ന് കോടി പേരെ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയ അമിത് ഷാ തെളിവ് നൽകണമെന്ന് കോൺഗ്രസ്.
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്‌ഐആറിനു (SIR) പിന്നാലെ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. ആകെ 2.29 കോടി വോട്ടർമാരാണ് പട്ടികയിൽനിന്ന് കുറഞ്ഞത്. 18.71 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 16.43 കോടിയായി ചുരുങ്ങി. ഏകദേശം 12.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ടർമാരുടെ എണ്ണത്തിലുണ്ടായ കുറവിന്റെ ഭൂരിഭാഗവും ഉത്തർപ്രദേശിലാണ്. എസ്‌ഐആറിനുശേഷം യുപിയിൽ 15.44 കോടിയായിരുന്ന വോട്ടർമാരുടെ എണ്ണം 13.40 കോടിയായി കുറഞ്ഞു. 2.89 കോടി വോട്ടർമാർ കുറഞ്ഞെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായാണ് വോട്ടർമാരുടെ എണ്ണം കുറഞ്ഞത്. 14 ലക്ഷം പേരുടെ കുറവുണ്ടായി. ഉത്തരാഖണ്ഡിൽ 80 ലക്ഷത്തിൽനിന്ന് 72 ലക്ഷമായി കുറഞ്ഞപ്പോൾ എട്ട് ലക്ഷം വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയത്.
മണിപ്പൂരിൽ 20.90 ലക്ഷമായിരുന്ന വോട്ടർമാരുടെ എണ്ണം 19.61 ലക്ഷമായി കുറഞ്ഞു. ഗോവയിൽ 11.85 ലക്ഷത്തിൽനിന്ന് 10.58 ലക്ഷമായും കുറഞ്ഞു. ജനുവരി ഒന്നിന് മുൻപ് 18 വയസ് തികയുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.
അതേസമയം, പശ്ചിമ ബംഗാളിലെ എസ്‌ഐആർ അപ്പീലുകൾ പരിഗണിക്കുന്ന ട്രൈബ്യൂണലുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. അപ്പീലുകളിൽ കൂട്ടത്തോടെ ഉത്തരവുകൾ അപ്‌ലോഡ് ചെയ്യുന്നതിനായി ഡിജിറ്റൽ സിഗ്നേച്ചർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ജഡ്ജിമാർക്ക് ലഭ്യമാക്കും. നിലവിൽ അംഗീകരിച്ചിട്ടുള്ള 13 രേഖകൾക്ക് പുറമേ മറ്റ് രേഖകളും അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ കമ്മീഷന്റെ നെറ്റ്‌വർക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.
എസ്‌ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയാണെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. വോട്ടർമാരെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് കോൺഗ്രസ് വിമർശിച്ചു.
പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട മൂന്ന് കോടി പേരും നുഴഞ്ഞുകയറ്റക്കാരാണെന്നതിന് അമിത് ഷാ തെളിവ് നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എസ്‌ഐആറിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ അതിനെ പ്രതിരോധിച്ച് ബിജെപിയുടെ പദയാത്രകളും ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)