ആർഎസ്എസ് വിദ്യാഭ്യാസ അജണ്ടക്കെതിരെ സംസ്ഥാനങ്ങൾ ശക്തമായ പ്രതിരോധം തീർക്കണം; എഐസിസി നിർദേശം

വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിരോധം; സംസ്ഥാനതലത്തിലും ദേശീയതലത്തിലും സെമിനാറുകൾ നടത്തി ബദൽ വിദ്യാഭ്യാസ നയം രൂപപ്പെടുത്താൻ നിർദേശം

Sep 30, 2026 - 07:33
0
ആർഎസ്എസ് വിദ്യാഭ്യാസ അജണ്ടക്കെതിരെ സംസ്ഥാനങ്ങൾ ശക്തമായ പ്രതിരോധം തീർക്കണം; എഐസിസി നിർദേശം

ദില്ലി: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന അജണ്ടയ്‌ക്കെതിരെ കേരളം ഉൾപ്പെടെയുള്ള കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ശക്തമായ പ്രതിരോധം തീർക്കണമെന്ന് എഐസിസി നിർദേശം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നേതൃത്വം നിർദേശം നൽകിയത്.

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും സംസ്ഥാനതലത്തിൽ സെമിനാറുകൾ സംഘടിപ്പിച്ച് ബദൽ വിദ്യാഭ്യാസ നയത്തിന് രൂപം നൽകണമെന്നും യോഗത്തിൽ നിർദേശിച്ചു. ദേശീയ തലത്തിലും സെമിനാർ സംഘടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആശയങ്ങൾ ചർച്ച ചെയ്യും.

വൈസ് ചാൻസലർമാരിലൂടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും നടക്കുന്ന ഇടപെടലുകൾ തുറന്നുകാട്ടണമെന്നും മുഖ്യമന്ത്രിമാരോട് നേതൃത്വം ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് തന്നെ മാതൃകയാക്കുന്ന തരത്തിൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും നിർദേശമുണ്ട്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ അനുഭവങ്ങളും ആശയങ്ങളും ഏകോപിപ്പിച്ച് ദേശീയതലത്തിൽ ബദൽ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിനുള്ള തുടർചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനമായി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User