20 ശതമാനത്തിലധികം എഥനോൾ കലർത്തുന്ന കമ്പനികൾക്കെതിരെ എപ്പോഴാണ് നടപടി? കേന്ദ്രത്തോട് ചോദ്യമുയർത്തി രാഹുൽ ഗാന്ധി
E20 പെട്രോളിന്റെ ഗുണനിലവാരവും വാഹനങ്ങളുടെ സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ഉന്നയിച്ചാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം.
ന്യൂഡൽഹി : പെട്രോളിൽ 20 ശതമാനത്തിലധികം എഥനോൾ കലർത്തുന്ന കമ്പനികൾക്കെതിരെ എപ്പോഴാണ് നടപടിയെടുക്കുകയെന്ന് കേന്ദ്രസർക്കാരിനോട് ചോദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. E20 പെട്രോളിലെ എഥനോൾ അളവ് സംബന്ധിച്ച വിവാദം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാഹുൽ ഗാന്ധി വിശദീകരണം തേടിയത്.
കർണാടക സർക്കാർ ഏഴ് ജില്ലകളിൽനിന്ന് ശേഖരിച്ച പെട്രോൾ സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ 14 സാമ്പിളുകളിൽ 11 എണ്ണത്തിലും എഥനോൾ അളവ് 20 ശതമാനത്തിൽ കൂടുതലാണെന്ന് കണ്ടെത്തിയതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഒരു സാമ്പിളിൽ 31.2 ശതമാനവും ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനവും എഥനോൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
IOCL, HPCL, BPCL, നയാര, ഷെൽ തുടങ്ങിയ കമ്പനികളുടെ ഇന്ധനത്തിലാണ് അമിതമായ എഥനോൾ കലർത്തലുണ്ടായതെന്നാണ് രാഹുലിന്റെ ആരോപണം. കമ്പനികളുടെ സ്വന്തം ലാബുകളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടുകളിൽ എഥനോൾ അളവ് രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
അമിതമായ എഥനോൾ കലർത്തൽ വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്നതിനും ഇന്ധന സംവിധാനത്തിലെ വിവിധ ഭാഗങ്ങൾക്ക് തകരാറുണ്ടാക്കുന്നതിനും കാരണമാകാമെന്നും രാഹുൽ മുന്നറിയിപ്പ് നൽകി. പെട്രോൾ പമ്പുകളിൽ ഇന്ധനത്തിലെ എഥനോൾ അളവ് വ്യക്തമാക്കണമെന്നും ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)