ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് കെ.സി. വേണുഗോപാൽ; 'കേരളത്തിൽ അഴിമതി നടത്തിയ കാട്ടുകള്ളൻ'
വോട്ടുകൾ ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യം; ഗ്യാനേഷ് കുമാറിനെ പുറത്താക്കുംവരെ പോരാട്ടം തുടരുമെന്ന് കെ.സി. വേണുഗോപാൽ
കണ്ണൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിൽ വ്യാപകമായി അഴിമതി നടത്തിയ ശേഷമാണ് ഗ്യാനേഷ് കുമാർ ഡൽഹിയിലേക്ക് പോയതെന്നും അദ്ദേഹത്തെ 'കാട്ടുകള്ളൻ' എന്ന് വിശേഷിപ്പിച്ചും കെ.സി. വേണുഗോപാൽ രംഗത്തെത്തി.
ഒരു നാട്ടിലെ ജനങ്ങളുടെ വോട്ടുകൾ ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഗ്യാനേഷ് കുമാർ കൂട്ടുനിന്നുവെന്നും അദ്ദേഹത്തെ പുറത്താക്കുകയും തെരഞ്ഞെടുപ്പ് സുതാര്യമായി നടത്തുകയും ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളവോട്ടിന്റെ ബലത്തിൽ വിജയിച്ചാണ് രാജ്യം ഭരിക്കുന്നതെന്ന ബി.ജെ.പിയുടെ വാദം അവസാനിപ്പിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ടും അദ്ദേഹം കേന്ദ്ര സർക്കാരിനെ വിമർശിച്ചു. 95 ദിവസമായിട്ടും പാർലമെന്റ് സമ്മേളനം പ്രൊറോഗ് ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ശീതകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരമൊരു നടപടി സ്വീകരിക്കാത്തതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ചു.
മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി രാഷ്ട്രീയ കക്ഷികളിൽനിന്ന് കൂറുമാറ്റമുണ്ടാകാൻ ബി.ജെ.പി കാത്തിരിക്കുകയാണെന്നും ഇത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, കേരളത്തിൽ സി.പി.എം നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. 102 സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിലെത്തിയതും സി.പി.എമ്മിന് ഇതുവരെ ലഭിക്കാത്ത പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിൽ യു.ഡി.എഫ് വിജയിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോൽവിക്ക് പിന്നാലെ സി.പി.എം സെക്രട്ടറിയെ മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും നേതൃത്വം അതിന് തയ്യാറായില്ലെന്നും വിമർശിച്ചു. ജനാധിപത്യത്തെ തകർക്കുന്ന ശക്തികൾക്കെതിരായ പോരാട്ടത്തിലാണ് കോൺഗ്രസെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷനെ സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കോൺഗ്രസ് ദേശീയ നേതൃത്വമാണെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)