കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം 4 പ്രായപൂർത്തിയാകാത്തവർ പിടിയിൽ
67കാരനായ ശിവൻകുട്ടിയെ വീട്ടിനുള്ളിൽ കൈകാലുകൾ ബന്ധിച്ച നിലയിൽ കണ്ടെത്തി; കൊലപാതകത്തിന് പിന്നിൽ കൊച്ചുമകളുടെ ക്വട്ടേഷനെന്ന് പൊലീസ് കണ്ടെത്തൽ
ആലപ്പുഴ: കരുവാറ്റയിൽ 67 വയസുകാരനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 13 വയസുകാരിയായ കൊച്ചുമകളടക്കം നാല് പ്രായപൂർത്തിയാകാത്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കൊലപാതകം.

ശിവൻകുട്ടിയുടെ മകളുടെ മകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ കൊലയാളിയല്ലെന്ന് പൊലീസ് സംശയിച്ചിരുന്നു. വീട്ടിനുള്ളിൽ നിന്ന് ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എട്ടാം ക്ലാസുകാരിയായ കൊച്ചുമകൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്. കൈകളും കാലുകളും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയ നിലയിലും കണ്ടെത്തി. വീട്ടിൽനിന്ന് ആറുപവൻ സ്വർണവും കാണാതായിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് പേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവർ നിലവിൽ ഹരിപ്പാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം, ക്വട്ടേഷന്റെ പശ്ചാത്തലം, മറ്റ് ആർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)