കേരള വെളുത്തേടത്ത് നായർ സമാജം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം
കെ.വി.എൻ.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു; നടി നിഷ സാരംഗ് വിശിഷ്ടാതിഥിയായി
ചാലിങ്കാൽ: കേരള വെളുത്തേടത്ത് നായർ സമാജം (കെ.വി.എൻ.എസ്) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. ചാലിങ്കാൽ എസ്.എൻ. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.വി.എൻ.എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിനിമ-സീരിയൽ താരം നിഷ സാരംഗ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ഗോപി മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എൻ. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. രവീന്ദ്രൻ ഐമാട്ട്, കെ.ബി. ശ്രീധരൻ, കെ.വി. വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസർകോട് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വെളുത്തേടത്ത് നായർ വിഭാഗം സാമുദായികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥ നേരിടുന്ന സാഹചര്യത്തിൽ നിലവിലുള്ള ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യത്തിന് പുറമെ തൊഴിൽ സംവരണവും അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ നിന്ന് വേർപ്പെടുത്തിയ സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനിൽ തന്നെ പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

തുടർന്ന് നടന്ന ആദര സമ്മേളനം കെ.വി.എൻ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബി. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ശശി മാസ്റ്റർ, നാരായണൻ പരപ്പ, ബി. കൃഷ്ണൻ ബാര, തമ്പാൻ മടിക്കൈ, മിനിരാജ് ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.
വിവിധ ക്ഷേത്രസ്ഥാനികരായ സമുദായാംഗങ്ങളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അംഗങ്ങളെയും 80 വയസ്സ് പിന്നിട്ട മുതിർന്ന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു.

സാംസ്കാരിക സമ്മേളനം ഫോക്‌ലാൻഡ് ചെയർമാൻ ഡോ. വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വി. കൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഓമന ചെന്തളം, ശിവരാമൻ മേസ്ത്രി, സുജാത, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
സമുദായാംഗങ്ങളായ കുട്ടികളുടെ കലാപരിപാടികളും തിരുവാതിരയും അരങ്ങേറി. സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് സോഷ്യൽ പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ക്ലാസും സംഘടിപ്പിച്ചു. പി.കെ. രാമകൃഷ്ണൻ സബ് ഇൻസ്‌പെക്ടർ ക്ലാസിന് നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)