ജലപീരങ്കിയിലെ വെള്ളവും പഴയ ആരോപണങ്ങളും; ചെന്നിത്തലയുടെ മറുപടി വൈറലാകുന്നു

കഴിഞ്ഞ പത്ത് വർഷം മൗനം പാലിച്ച എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സർക്കാർ മാറിയതോടെ സമരമുഖത്ത് സജീവമായെന്ന വിമർശനവുമായി ചെന്നിത്തല രംഗത്തെത്തി.

Sep 02, 2026 - 16:15
0
ജലപീരങ്കിയിലെ വെള്ളവും പഴയ ആരോപണങ്ങളും; ചെന്നിത്തലയുടെ മറുപടി വൈറലാകുന്നു

കഴിഞ്ഞ പത്ത് കൊല്ലം എവിടെയായിരുന്നു? ലഹരിക്കെതിരെ പോരാടി കണ്ടിട്ടില്ല. വിദ്യാർത്ഥികൾക്ക് വേണ്ടി തെരുവിലിറങ്ങി കണ്ടിട്ടില്ല. പി.എസ്.സി. നിയമനത്തിനായി മണ്ണുവാരി തിന്നവർക്ക് വേണ്ടിയോ, ചെയ്യുന്ന ജോലിക്കുള്ള കൂലി കിട്ടാൻ മുടിമുറിച്ച ആശാ വർക്കർമാർക്ക് വേണ്ടിയോ തെരുവിലിറങ്ങി കണ്ടിട്ടില്ല. ആരെയും കണ്ടിട്ടില്ല. എസ്.എഫ്.ഐയെയും ഡി.വൈ.എഫ്.ഐയെയും കണ്ടിട്ടില്ല.ഇടതുരാഷ്ട്രീയത്തിന്റെ ചുവപ്പൻ കോട്ടകൾ തീർത്ത വിദ്യാർത്ഥി സംഘടനകളും യുവജന സംഘടനകളും കഴിഞ്ഞ പത്ത് കൊല്ലം തപസ്സിരിക്കുകയായിരുന്നു. ഇപ്പോഴാണ് അവർക്ക് വെളിപാടുണ്ടായത്; ഈ സംസ്ഥാനത്ത് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന്. സർക്കാർ മാറേണ്ടിവന്നു അവരുടെ കണ്ണുതുറക്കാൻ.ആവശ്യത്തിന് സമരം ചെയ്താൽ പോരെ? അനാവശ്യത്തിനും കിടന്ന് തുള്ളിയാൽ ദേ, ഇതുപോലെ ആഭ്യന്തരമന്ത്രിയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടും.കഴിഞ്ഞ പത്ത് കൊല്ലം ഈ സംഘടനകളെ കണ്ടിട്ടില്ലല്ലോ? എന്തിനു വേണ്ടിയാണ് ഈ സമരം? എന്ന് ചോദിച്ചെത്തിയ ചെന്നിത്തല, ഇപ്പോൾ ഭരണത്തിലെത്തി വെറും നൂറുദിവസമായ സർക്കാരിനെതിരെ എസ്.എഫ്.ഐ.യും ഡി.വൈ.എഫ്.ഐയും നടത്തുന്ന സമരങ്ങളെ ആട്ടിയോടിക്കുകയാണ്.വിദ്യാർത്ഥികളുടെ ഏത് ആവശ്യമാണ് സർക്കാർ തള്ളിക്കളഞ്ഞതെന്ന് വ്യക്തമാക്കണമെന്ന ചെക്ക് കൂടി പ്രതിപക്ഷത്തിന് മുന്നിൽ ചെന്നിത്തല വെക്കുകയാണ്.

ഇനി കുറച്ചു മാസങ്ങൾ പിന്നോട്ടുപോയാൽ ഒരു കാര്യത്തിൽ വ്യക്തത വന്നത് ഇന്നായിരുന്നു. ഇടതുപക്ഷ യുവജന സംഘടനകൾ നടത്തിയ നിയമസഭാ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ കറുത്ത ചെളിവെള്ളവും മലിനജലവുമാണ് ഉപയോഗിച്ചതെന്ന് പറഞ്ഞുകൊണ്ട് ഒരു കുപ്പി ചെളിവെള്ളവുമായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയൻ നടത്തിയ വിപ്ലവ പ്രസംഗം അത്രപെട്ടെന്ന് കേരളക്കര മറന്നുകാണില്ല.നനഞ്ഞ ഷർട്ടുമിട്ട് കെ. രാജൻ കൂടി സഭയിലെത്തിയതോടെ കാര്യങ്ങൾ കൊഴുത്തു. അന്ന് കെട്ടിക്കിടന്ന വെള്ളം കുപ്പിയിലാക്കുന്ന വീഡിയോ ഉൾപ്പെടെ പുറത്തുവന്നെങ്കിലും ആരോപണങ്ങളിൽ അടിയുറച്ച പ്രതിപക്ഷത്തിന്റെ വയറ്റത്തടിച്ച റിപ്പോർട്ട് പിന്നീട് എത്തിപ്പോയിരുന്നു.
ഉപയോഗിച്ചത് മലിനജലമല്ലെന്നും അണുബാധയില്ലെന്നും പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെ കാര്യങ്ങൾ കലങ്ങിമറിഞ്ഞു. കലക്കവെള്ളത്തിൽ മീൻ പിടിക്കാമെന്ന് കരുതിയ പ്രതിപക്ഷത്തിന് നന്നായി കിട്ടി.അന്ന് ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ടായെന്ന് പിണറായി പറഞ്ഞതുപോലെ, അവരുടെ വാദവും തെളിവുകളും അവർക്കെതിരെ തന്നെ തിരിഞ്ഞുകൊത്തി.

പക്ഷേ, ഇവിടെയാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും നടത്തുന്ന അനാവശ്യ സമരങ്ങൾക്കെതിരെ ചെന്നിത്തല നടത്തിയ പ്രതികരണം പ്രസക്തി നേടിയത്.ഒരു കാരണവുമില്ലാതെ സർക്കാരിനെതിരെ സമരം ചെയ്ത് സ്വന്തം തടി കേടാക്കേണ്ട കാര്യമുണ്ടോയെന്നാണ് ചെന്നിത്തല ചോദിച്ചത്.ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളവുമായി ബന്ധപ്പെട്ട് പുതിയതായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിച്ചുവരുന്ന അതേ രീതിയിലുള്ള വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.അപ്പോൾ മുൻ സർക്കാർ യൂത്ത് കോൺഗ്രസിനെതിരെ ഉപയോഗിച്ച അതേ വെള്ളമാണ് ഇതെന്നും കൂടി ബോധ്യപ്പെടുത്തിക്കൊടുത്തു.

കേരള യൂണിവേഴ്സിറ്റിയിൽ വന്ദേ മാതരം ആലപിച്ചതിനെതിരെയാണ് എസ്.എഫ്.ഐ. സമരം നടത്തിയതെങ്കിൽ, ഡി.വൈ.എഫ്.ഐ തിരുവനന്തപുരത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലേക്കായിരുന്നു പ്രധാന മാർച്ച് നടത്തിയത്. കൂടാതെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. ഓഫീസിലേക്കും മറ്റൊരു പ്രധാന മാർച്ച് നടത്തി.രണ്ടിടത്തും ബാരിക്കേഡ് പൊളിക്കലായിരുന്നു പ്രധാന കലാരൂപം.ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ കൊണ്ടുവന്നത് ഈ സർക്കാരാണ്. അതേ പോരാട്ടത്തിന്റെ വലയിൽ വീണ യൂത്ത് കോൺഗ്രസ് നേതാവിനെ ഇതേ സർക്കാർ സംരക്ഷിക്കുന്നുവെന്ന വിലയില്ലാത്ത ആരോപണമാണ് ഡി.വൈ.എഫ്.ഐ നടത്തുന്നത്.ഈ കഴിഞ്ഞ പത്ത് കൊല്ലം കൊണ്ട് ലഹരിയുടെ ഇത്രയും വലിയ വ്യാപനം വന്നപ്പോൾ കയ്യുംകെട്ടി നോക്കിനിന്നവർ ഇപ്പോൾ പോരാട്ടം നടത്തുമ്പോൾ ചിരിയാണ് വരുന്നത്.
അങ്ങനെ കത്തിക്കയറുന്ന ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐയെയും ഊതിക്കെടുത്തുകയാണ് ചെന്നിത്തല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User