യു. ഷറഫലിയുടെ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ചാനൽ കൈമാറിയത് രണ്ട് കോടി രൂപ

അർജന്റീനയുമായുള്ള കരാറിൽ സാക്ഷിയായതിന്റെ പ്രതിഫലമെന്ന് വിശദീകരണം; മുൻ കായികമന്ത്രി വി. അബ്ദുറഹിമാനടക്കമുള്ളവരെ പ്രതിചേർത്തുള്ള റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും.

Nov 22, 2026 - 10:16
0
യു. ഷറഫലിയുടെ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ചാനൽ കൈമാറിയത് രണ്ട് കോടി രൂപ

തിരുവനന്തപുരം:ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പിൽ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയുടെ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ട് കോടി രൂപ കൈമാറിയതായി കണ്ടെത്തൽ. ഇതുസംബന്ധിച്ച രേഖകൾ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ലഭിച്ചു.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാറിൽ സാക്ഷിയായതിന്റെ പ്രതിഫലമായാണ് രണ്ട് കോടി രൂപ കൈമാറിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. മലപ്പുറം അരീക്കോട് പ്രവർത്തിക്കുന്ന നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തിരുന്നു. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, യു. ഷറഫലി എന്നിവരെ പ്രതികളാക്കിയത്.

സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതി. ഇവർക്കൊപ്പമാണ് മറ്റു പ്രതികളെയും കേസിൽ ഉൾപ്പെടുത്തിയത്.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ, യു. ഷറഫലി എന്നിവരടക്കമുള്ളവരെ പ്രതിചേർത്തുകൊണ്ടുള്ള റിപ്പോർട്ട് എസ്‌ഐടി നാളെ കോടതിയിൽ സമർപ്പിക്കും. മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും അതിന് പിന്നിലെ പങ്കാളിത്തവുമാണ് അന്വേഷണ പരിധിയിലുള്ളത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User