ന്യൂനപക്ഷ മേഖലകളിൽ കൂട്ട ഒഴിവാക്കലോ? വോട്ടർ പട്ടിക വിവാദത്തിൽ പുതിയ ആരോപണങ്ങൾ
ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആർ. നടപടിക്ക് പിന്നാലെ വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയെന്ന ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനത്തിന് വിധേയമാകുന്നു.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമാണ് വോട്ടെടുപ്പ് എന്ന് പറയുന്നത്. അതിൽ പങ്കെടുക്കുന്ന വോട്ടർമാരാണ് അതിന്റെ ശക്തി. അതിനെ നിയന്ത്രിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലാണ് അതിന്റെ വിജയത്തിന്റെ അടിസ്ഥാനം. എന്നാൽ ഇവിടെ വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്. നടത്തിപ്പുകാർ തന്നെ ഉത്സവം കലക്കുന്ന അതിദാരുണമായ ഒരു കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയാണ് രാജ്യത്ത് ബി.ജെ.പി. ചെയ്യുന്നതെന്ന ശക്തമായ ആരോപണമാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ഡൽഹിയിലും മഹാരാഷ്ട്രയിലും എസ്.ഐ.ആർ. നടപടിക്ക് ശേഷം വോട്ടർമാരെ പട്ടികയിൽ നിന്ന് പുറത്താക്കിയ സംഭവത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
വിശ്വാസ്യത മുഴുവൻ നഷ്ടപ്പെട്ട ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ 'വോട്ട് ചോരി ആയോഗ്' എന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്. അതായത്, വോട്ടുകള്ളന്മാരുടെ ആസ്ഥാനമായി രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ ആ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചപ്പോൾ, അൽപ്പമെങ്കിലും മര്യാദയോ അഭിമാനബോധമോ ഉണ്ടെങ്കിൽ മാനനഷ്ടക്കേസെങ്കിലും നൽകാൻ ധൈര്യം കാണിക്കണം തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ അങ്ങനെ ഒരു കേസും നൽകുന്നില്ല എന്ന് പറയുമ്പോൾ, രാഹുൽ ഗാന്ധി പറഞ്ഞതോടെ വോട്ടുകൊള്ള നടത്തുന്നവരുടെ നേതാവായി കമ്മീഷൻ മാറിയെന്നുള്ളതാണ് സത്യം. രാഹുലിനെതിരെ കേസൊന്നും നൽകിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നെറികേടുകളും കോടതിയിൽ വിളമ്പും രാഹുൽ ഗാന്ധി എന്നുള്ളത് ഉറപ്പാണ്. അതാണ് രാഹുലിനെതിരെ ഒരക്ഷരം മിണ്ടാൻ പോലും കമ്മീഷൻ തയ്യാറാകാത്തത്. ചെറിയ ആരോപണമല്ല തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. അതായത്, ബി.ജെ.പിയും 'വോട്ട് ചോരി ആയോഗ്' എന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് തന്ത്രങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും, എന്തുവില കൊടുത്തും ബി.ജെ.പിയുടെ വിജയം ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി രാജ്യത്തെ അറിയിച്ചിട്ടുണ്ട്.
അതാണ് ശരിയെങ്കിൽ രാഹുൽ ഗാന്ധിക്കെതിരെ കമ്മീഷൻ പരാതി നൽകേണ്ടതല്ലേ? എന്നാൽ ഇതുവരെ ഒരു പരാതിയും നൽകിയിട്ടില്ല. എല്ലാ ആരോപണങ്ങളെയും ശിരസാ വഹിച്ചുകൊണ്ട് ബി.ജെ.പിയെ സഹായിച്ചുകൊണ്ടിരിക്കുകയാണ് എന്ന ആരോപണമാണ് ഉയരുന്നത്. അങ്ങനെ 'വോട്ടുചോരി'യുടെ പിൻബലത്തിൽ അധികാരത്തിലേറിയ സർക്കാരിന് ജനം വലിയ വില കൽപ്പിക്കില്ലെന്നും രാഹുൽ ഗാന്ധി തുറന്നടിക്കുകയാണ്. അതിനുള്ള ഉദാഹരണങ്ങൾ നിരത്തിയാണ് രാഹുൽ ഗാന്ധി ആഞ്ഞടിക്കുന്നത്.അതായത്, മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ നിന്ന് 2.06 കോടി പേരാണ് എസ്.ഐ.ആർ. നടപടിക്ക് ശേഷം പുറത്തായത്. സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ കണക്കുകൾ പ്രകാരം നിലവിലെ കരട് പട്ടികയിൽ 7.71 കോടിയിലധികം വോട്ടർമാരാണുള്ളത്.ആകെ 2,06,88,487 പേരുടെ എന്യൂമറേഷൻ ഫോമുകൾ ശേഖരിക്കാനായിട്ടില്ല. ഇവരിൽ വിലാസത്തിൽ കണ്ടെത്താനാകാത്തവർ, മരിച്ചവർ, താമസം മാറിയവർ, മറ്റൊരിടത്ത് രജിസ്റ്റർ ചെയ്തവർ, ഡ്യൂപ്ലിക്കേറ്റ് എൻട്രികളുള്ളവർ തുടങ്ങിയവരുണ്ട്. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാൻ വിസമ്മതിച്ചവരും ഈ വിഭാഗത്തിൽ ഉൾപ്പെടും.
കൂടാതെ, ഡൽഹിയിൽ 47.56 ലക്ഷം പേരും കരട് വോട്ടർപട്ടികയിൽ നിന്ന് പുറത്തായിരുന്നു. ഡൽഹിയിൽ ന്യൂനപക്ഷ, എസ്.സി. മേഖലകളിൽ കൂട്ടത്തോടെ ഒഴിവാക്കൽ നടന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്.ഡൽഹിയിൽ എസ്.ഐ.ആർ. കരട് പ്രസിദ്ധീകരിച്ചപ്പോൾ 33 ശതമാനം പേരാണ് പുറത്തായത്. ഡൽഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളിലായി ആകെ 1.45 കോടി വോട്ടർമാരിൽ 47.5 ലക്ഷം പേരെ ഒഴിവാക്കി. അതായത് മൂന്നിൽ ഒരാൾ.ഇതിൽ 20 മുതൽ 45 ശതമാനം വരെ വോട്ടർമാരെ ഒഴിവാക്കിയത് ന്യൂനപക്ഷ ഭൂരിപക്ഷമുള്ളതും എസ്.സി. സംവരണ സീറ്റുകളുള്ളതുമായ മണ്ഡലങ്ങളിൽ നിന്നാണെന്നാണ് കണക്കുകൾ.ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഷാഹീൻ ബാഗ്, ബട്‌ല ഹൗസ്, ജാമിഅ മില്ലിയ തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഓഖ്‌ല മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവാക്കൽ നടന്നത്.

ജാമാ മസ്ജിദ്, ദരിയാഗഞ്ച് പ്രദേശങ്ങൾ ഉൾപ്പെടുന്ന ചാന്ദ്നി ചൗക്കിൽ 38 ശതമാനവും, ബല്ലിമാരനിൽ 32 ശതമാനവും, മുസ്തഫാബാദിൽ 28 ശതമാനവും, ബാബർപുരിൽ 26 ശതമാനവും, മതിയാ മഹലിൽ 24 ശതമാനവും വീതം വോട്ടർമാരെ ഒഴിവാക്കി.ഓഖ്‌ലയിലും ചാന്ദ്നി ചൗക്കിലും വിവരം ശേഖരിക്കാത്ത വിഭാഗത്തിലാണ് കൂടുതൽ പേരും പുറത്തായത് എന്ന് പറയുമ്പോൾ, അത് കരുതിക്കൂട്ടിയുള്ള പരിപാടി തന്നെയാണെന്ന് വ്യക്തമാക്കുകയാണ്.ഡൽഹിയിലെ 12 എസ്.സി. സംവരണ സീറ്റുകളിലും ഉയർന്ന തോതിലുള്ള ഒഴിവാക്കലാണ് നടന്നിരിക്കുന്നത്. അതായത്, ബി.ജെ.പി. ഇതര പാർട്ടികൾക്ക് കൂടുതൽ സ്വാധീനമുള്ളതും ചില സാമുദായിക സംഘടനകളും സമുദായങ്ങളും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കൊപ്പം നിൽക്കുന്നതുമായ മണ്ഡലങ്ങളിലാണ് കൂടുതൽ ഒഴിവാക്കൽ നടന്നിരിക്കുന്നതെന്ന് പറയുമ്പോൾ, ഇതൊരു രാഷ്ട്രീയ നീക്കമാണെന്ന ആരോപണം ശക്തമാകുകയാണ്.
കരോൾ ബാഗിൽ 40 ശതമാനവും, അംബേദ്കർ നഗറിൽ 39 ശതമാനവും, ദേവ്ലി, കോണ്ട്ലി എന്നിവിടങ്ങളിൽ 37 ശതമാനം വീതവും, ത്രിലോക്പുരിയിൽ 33 ശതമാനവും, സീമാപുരി, സുൽത്താൻപുരി മാജ്റ എന്നിവിടങ്ങളിൽ 31 ശതമാനം വീതവും വോട്ടർമാരെ ഒഴിവാക്കി.അങ്ങനെ രാജ്യത്തെ മുസ്ലിംകൾ താമസിക്കുന്ന ഇടങ്ങളിലെ വോട്ടർമാരെ ബംഗ്ലാദേശുകാരാണെന്ന വ്യാജേന ഒഴിവാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള വഴിവിട്ട നീക്കമാണിതെന്നും രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുകയാണെന്നുമാണ് വിമർശനം.ജനാധിപത്യം തകർത്ത് ജനങ്ങളെ പരിഹസിക്കുന്ന ബി.ജെ.പിക്ക് ഈ രാജ്യത്തുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നതാണ് ഈ വോട്ടുമോഷണം. അത് വരും തെരഞ്ഞെടുപ്പുകളിലെല്ലാം ഈ ജനാധിപത്യ രാജ്യത്ത് പ്രതിഫലിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.ഏതായാലും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുഖത്ത് നോക്കി 'വോട്ടുകള്ളൻ' എന്ന് വിളിച്ചിട്ടും ഒരു കേസ് കൊടുക്കാൻ പോലും ത്രാണിയില്ലാതെ നിൽക്കുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ ആ പദവിയിൽ നിന്ന് രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)