ഭരണം കിട്ടിയപ്പോൾ കെപിസിസി അനാഥം? മുഴുവൻസമയ അധ്യക്ഷനില്ലാതെ കോൺഗ്രസ് പ്രതിസന്ധിയിൽ

അധ്യക്ഷനും രണ്ട് വർക്കിംഗ് പ്രസിഡന്റുമാരും മന്ത്രിസഭയിലെത്തിയതോടെ മുഴുവൻസമയ നേതൃത്വമില്ലാതെ കെപിസിസി പ്രതിസന്ധിയിലായിരിക്കെ പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത് ഹൈക്കമാൻഡ് വൈകിപ്പിക്കുന്നു.

Sep 05, 2026 - 16:02
0
ഭരണം കിട്ടിയപ്പോൾ കെപിസിസി അനാഥം? മുഴുവൻസമയ അധ്യക്ഷനില്ലാതെ കോൺഗ്രസ് പ്രതിസന്ധിയിൽ

കേരളത്തിൽ യുഡിഎഫ് അധികാരമേറ്റതോടെ അനാഥമായത് കെപിസിസി ആണ്.. പൂർണമായും അനാഥമായോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് പറയാം.. പക്ഷെ ഒരു മുഴുവൻ സമയ അധ്യക്ഷനും നേതൃത്വവും ഇല്ലാതെ ഇഴയുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടി എന്നതിൽ തർക്കമില്ല.. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് സണ്ണി ജോസഫ് എംഎൽഎയെ തേടി കെപിസിസി അധ്യക്ഷപദം എത്തിയത്.. തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച അധ്യക്ഷൻ മന്ത്രിയുമായതോടെ കെപിസിസിക്ക് ഏതാണ്ട്  നാഥനില്ലാത്ത അവസ്ഥയായി.. അധ്യക്ഷൻ മാത്രമല്ല, രണ്ട് വർക്കിംഗ് പ്രസിഡന്റുമാരായ വിഷ്ണുനാഥും അനിൽകുമാറും ജയിച്ച് മന്ത്രിസഭയിലുണ്ട്.. മന്ത്രിമാരെന്ന നിലയിൽ പിടിപ്പത് പണിയാണ് മൂവർക്കുമുള്ളത്. അതുകൊണ്ട് പാർട്ടിയുടെ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ മുന്നോട്ട് പോകുന്നില്ലെന്ന വിമർശനം ഏറെനാളായി ശക്തമാണ്.. യുഡിഎഫ് അധികാരമേറ്റിട്ട് മൂന്ന് മാസം പിന്നിട്ടു.. ഇക്കാലമായി പുതിയ കെപിസിസി അധ്യക്ഷനായുള്ള നേതാക്കളുടെ ചരടുവലിയും നേതൃത്വത്തിന്റെ ചർച്ചകളും നടക്കുകയാണ്.. പക്ഷെ ഇതുവരെ തീരുമാനമായിട്ടില്ല..

കഴിഞ്ഞ ദിവസം നടന്ന കെപിസിസി രാഷ്ട്രീയകാര്യ സമതിയിൽ ഉയർന്ന പ്രധാന വിഷയം ഇതായിരുന്നു.. മുഴുവൻ സമയം അധ്യക്ഷനും നേതൃത്വവും ഇല്ലാത്തത് പാർട്ടിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന വിമർശനമാണ് പല നേതാക്കളും ഉയർത്തിയത്.. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനവും ശരിയാകുന്നില്ലെന്നും ആരോപണമുണ്ട്.. മുഖ്യമന്ത്രി വിഡി സതീശൻ ഒറ്റയാനായി സർക്കാരിനെ കൊണ്ടുപോകുന്നെന്നും സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്നുമാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഉന്നയിക്കുന്ന പ്രശ്നം.. നിലവിലെ അധ്യക്ഷൻ മന്ത്രിസഭാംഗമായത് കൊണ്ട് തന്നെ സർക്കാരിനെ വിമർശിക്കുന്നതിനോ തെറ്റ് ചൂണ്ടിക്കാട്ടുന്നതിനോ പരിമിതിയുണ്ട്.. അധ്യക്ഷനെന്ന നിലയിൽ സണ്ണി ജോസഫ് സർക്കാരിനെതിരെ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ തന്നെ ബാധിക്കും.. അത്തരമൊരു പ്രതിസന്ധിയിലാണ് പാർട്ടിയിപ്പോൾ.. അതുകൊണ്ട് പൂർണസമയ അധ്യക്ഷൻ ഉടൻ തന്നെ വേണമെന്ന വികാരമാണ് രാഷ്ട്രീയ കാര്യസമതിയിൽ ഉയർന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടും അനുകൂല സമീപനമല്ല ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.. കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിൽ നേതൃത്വം ഇപ്പോൾ വലിയ പ്രാധാന്യം കൊടുക്കുന്നില്ല.. പകരം അടുത്ത വർഷം നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ സംഘടനാ കാര്യങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്.. പ്രത്യേകിച്ച് പ‍ഞ്ചാബിൽ സംസ്ഥാന അധ്യക്ഷനും മുൻമുഖ്യമന്ത്രിയും തമ്മിലുള്ള പ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുകയും സംഘടനാതലത്തിൽ അഴിച്ചുപണി നടത്തേണ്ടതുമുണ്ട്.. കൂടാതെ ഉത്തർപ്രദേശിലെ നിയമസഭാ തെര‍ഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങളും കാര്യമായി ചെയ്യണം.. അതിനാൽ ഇതെല്ലാം ഒന്ന് ഒതുക്കിയിട്ട് മാത്രമേ കേരളത്തിലെ പാർട്ടിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താൻ ഒരുങ്ങു.. കാരണം കേരളത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്തുക അത്രഎളുപ്പമായിരിക്കില്ലെന്ന് ഹൈക്കമാൻഡിന് നന്നായിട്ടറിയാം.. ഒരുപിടി നേതാക്കൾ സ്ഥാനമോഹവുമായി നടക്കുന്നുണ്ട്.. ഗ്രൂപ്പിസവും പടലപ്പിണക്കങ്ങളും എല്ലാം ഉണ്ടാകും.. പിന്നീട് അതിന് പുറകെ നടക്കേണ്ടി വരും.. ഈ തിരക്കിനിടയിൽ അതിനെല്ലാമുള്ള സമയം കിട്ടില്ല.. അതുകൊണ്ട് തന്നെ പിന്നത്തേക്ക് മാറ്റിവെക്കുകയാണ് നേതൃത്വം ചെയ്യുന്നത്..

സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ചർച്ചകളിൽ നിന്നെല്ലാം വിട്ടുനിൽക്കുകയുമാണ്.. അധ്യക്ഷമോഹവുമായി തന്നെ കാണാൻ ചെന്ന നേതാക്കളോടെല്ലാം ചർച്ചിയിലേ താനില്ലെന്നാണ് കെസി അറിയിച്ചിരിക്കുന്നത് എന്നാണ് ഈ നേതാക്കൾ തന്നെ പറയുന്നത്.. അത് എന്തെങ്കിലും സമ്മർദതന്ത്രമാണോ എന്ന് അറിയില്ല.. അത് കാത്തിരുന്ന് കാണാം.. മുൻ അധ്യക്ഷൻ എംഎം ഹസൻ ഉൾപ്പെടെ മുഴുവൻ സമയ പ്രസിഡന്റ് എത്രയും പെട്ടെന്ന് വേണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്.. ഹൈക്കമാൻഡ് ഉടനെ അത് പരിഗണിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു.. അതുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ പുതിയൊരു നിർദേശം മുന്നോട്ട് വെച്ച് കഴിഞ്ഞു.. നിലവിലെ നേതൃത്വം തന്നെ കൂടതൽ സജീവമാകാനാണ് തീരുമാനം.. രാഷ്ട്രീയകാര്യസമിതിയിൽ സണ്ണി ജോസഫ് ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.. പുതിയ അധ്യക്ഷൻ വരുന്നത് വരെ പരമാവധി സമയം ഇന്ദിരാഭവനിൽ തന്നെ ചെലവഴിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.. രണ്ട് മന്ത്രിമാരുൾപ്പെടെയുള്ള വർക്കിംഗ് പ്രസിഡന്റുമാരും സമയം കണ്ടെത്തേണ്ടി വരും.. എന്നാൽ അത് എത്രകാലമെന്ന ചോദ്യമാണ് പ്രസക്തം.. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User