ഒവൈസിയുടെ പ്രസ്താവനയിൽ പിടിച്ച് യോഗി; യുപിയിൽ വർഗീയത ആളിക്കത്തിക്കാൻ ബിജെപി നീക്കം
ഒവൈസിയുടെ പ്രസ്താവനയെ ആയുധമാക്കി യുപിയിൽ വർഗീയ രാഷ്ട്രീയത്തിന് വഴിയൊരുക്കുകയാണ് യോഗിയെന്നും തെരഞ്ഞെടുപ്പ് നേട്ടമാണ് ബിജെപിയുടെ ലക്ഷ്യമെന്നും വിമർശനം.
സത്യത്തിൽ ഇതാണോ ഉത്തർപ്രദേശിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയം? അഞ്ച് മാസത്തിനകം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പത്ത് വർഷത്തെ ബിജെപി ഭരണത്തിന്റെ കെടുതിയിലാണ് സംസ്ഥാനം. ഭരണവിരുദ്ധ വികാരം കാര്യമായി അലയടിക്കുന്നുണ്ട്. ഹാട്രിക് വിജയം ലക്ഷ്യമിടുന്ന BJP അതുകൊണ്ടുതന്നെ ആശങ്കയിലാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. കൂടാതെ രാജ്യം ഇപ്പോൾ ഒന്നായി ചർച്ച ചെയ്യുന്ന SIR അട്ടിമറിയിലും പ്രതിസ്ഥാനത്ത് BJP ഉണ്ട്. ഇതിനൊക്കെ ഒപ്പം അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയും ജനങ്ങൾക്കിടയിൽ ചർച്ചയാകുമ്പോൾ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൈകാലിട്ടടിക്കുകയാണ് ഭരണപ്പാർട്ടി. ജനങ്ങളെ ബാധിക്കുന്ന, രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കേണ്ട സ്ഥാനത്ത് പക്ഷേ ഇപ്പോൾ തീർത്തും അപ്രസക്തമായ കാര്യങ്ങളാണ് ചർച്ച ചെയ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം AIMIM നേതാവ് അസദുദ്ദീൻ ഒവൈസി നടത്തിയ ഒരു പ്രസ്താവന ആയുധമാക്കി യോഗി ആദിത്യനാഥ് സംസ്ഥാനത്ത് വർഗീയത ഇളക്കി നേട്ടം കൊയ്യാൻ നോക്കുകയാണ്.
എന്താണ് ഒവൈസി പറഞ്ഞത്? യുപിയിൽ അബ്ദുൾ വിജയിക്കും എന്ന്. അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലിം ആയ അബ്ദുൽ അൽ സയിദിന്റെ വിജയത്തെ ആസ്പദമാക്കിയായിരുന്നു ആ പ്രസ്താവന. ഒരു ജനാധിപത്യത്തിൽ അബ്ദുൾ സെനറ്ററായിരിക്കുന്നു. ഇനി യുപിയിൽ അബ്ദുൾ ആരുടെ മുന്നിലും തല കുനിക്കാതെ MLA ആകും. സംസ്ഥാന രാഷ്ട്രീയത്തിൽ മുസ്ലിങ്ങൾ ഉയർന്നുവരും എന്നാണ് ഒവൈസി പറഞ്ഞത്. കൂടാതെ ഉത്തർപ്രദേശിന് ഒരു മുസ്ലിം മുഖ്യമന്ത്രിയും ഇന്ത്യയ്ക്ക് ബുർഖ ധരിച്ച ഒരു വനിതാ പ്രധാനമന്ത്രിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. അതിൽ പ്രത്യക്ഷത്തിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാൻ പറ്റില്ല. കാരണം ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത് ഒരു പൗരൻ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതാണ്. എന്നാൽ ഇത് കിട്ടിയ അവസരം എന്ന നിലയിൽ വർഗീയത ആളിക്കത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് യോഗി. ഒവൈസിയുടെ ആഗ്രഹം നടക്കാൻ പോകുന്നില്ല, ഒവൈസിയുടെ അജണ്ട രാജ്യവിരുദ്ധവും ഹിന്ദുവിരുദ്ധവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണ് എന്നാണ് യോഗി പറയുന്നത്. ഒരു മുസ്ലിം മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹമുണ്ട് എന്ന് ഒരാൾ പറയുന്നത് എങ്ങനെയാണ് രാജ്യവിരുദ്ധമാകുന്നത്? ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാകുന്നത്? ഹിന്ദുക്കൾ മാത്രം മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയാൽ മാത്രമേ ഭരണഘടനാ മൂല്യം ആവുകയുള്ളൂ എന്ന സംഘപരിവാർ ചിന്ത എത്രത്തോളം നല്ലതാണ്? തന്റെയും സംഘപരിവാറിന്റേയും മുസ്ലിം വിരുദ്ധത തുറന്നുകാട്ടുകയാണ് യോഗി. വരുന്ന തെരഞ്ഞെടുപ്പിൽ ഇത് അജണ്ടയാക്കി പ്രചാരണം നടത്താനാണ് BJP ഇനി ശ്രമിക്കുക. മുസ്ലിം വിരുദ്ധത ആളിക്കത്തിച്ച് ഹിന്ദുവികാരം ഉണർത്തി പച്ചയായ വർഗീയത വിതച്ച് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള നീക്കമാണ് ഇനി യോഗിയിൽ നിന്ന് ഉണ്ടാവുക എന്ന് ഉറപ്പ്. അതിന്റെ വ്യക്തമായ സൂചനയാണ് കോൺഗ്രസിനേയും SPയേയും ഒവൈസിയുടെ രാഷ്ട്രീയത്തോട് ചേർത്തുകെട്ടി നിമിഷങ്ങൾക്കകം യോഗി പ്രസ്താവന നടത്തിയത്.
താൻ കാത്തിരുന്ന സാധനം കൈയിൽ കിട്ടിയ ഉന്മാദത്തിലാണ് യോഗി. പ്രതിരോധത്തിലാണ്ടുപോയിരുന്ന ഒരു പാർട്ടിക്ക് ജീവജലം നൽകുകയാണ് ഒവൈസി ചെയ്തത്. അവിടെയാണ് ഒവൈസിയുടെ പ്രസ്താവനയിലെ യഥാർത്ഥ അപകടം കാണേണ്ടത്. ഇത്തരമൊരു നിർണായക ഘട്ടത്തിൽ ആർക്ക് വേണ്ടിയാണ് ഒവൈസി അത്തരമൊരു പ്രസ്താവന നടത്തിയത്? BJPയുടെ B ടീം എന്ന വിമർശനം കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ വളരെ നേരത്തെ മുതൽ ഒവൈസിക്കെതിരെ ഉയർത്തുന്നുണ്ട്. കാരണം BJP തോൽവി ഉറപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിൽ സ്വന്തം നിലയ്ക്ക് മത്സരിച്ച് മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് അതിന്റെ നേട്ടം അവർക്ക് ഉണ്ടാക്കിക്കൊടുക്കുന്ന പണിയാണ് ഒവൈസി എടുത്തുകൊണ്ടിരിക്കുന്നത്. ആ പശ്ചാത്തലത്തിൽ വേണം നിലവിലെ സാഹചര്യം വിലയിരുത്താൻ. സമൂഹത്തിൽ വർഗീയതയുടെ വിത്ത് പാകാൻ യോഗിക്കും BJPക്കും മണ്ണ് ഒരുക്കിക്കൊടുത്തിരിക്കുകയാണ് ഒവൈസി. യുപി പിടിക്കാൻ BJPയും ഒവൈസിയും ചേർന്ന് നടത്തിയ കളിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല. ദേശീയ മാധ്യമമായ ആജ് തക് സംഘടിപ്പിച്ച ഒരു ചടങ്ങിൽ വെച്ചായിരുന്നു യോഗി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. അതിന് പിന്നാലെ മറ്റൊരു കാര്യം കൂടി അദ്ദേഹം പറയുന്നുണ്ട്. അത് യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സാധ്യതകളെക്കുറിച്ചാണ്. 80 ശതമാനം വോട്ടും സീറ്റും തങ്ങൾ ഇക്കുറി നേടുമെന്നാണ് യോഗിയുടെ അവകാശവാദം. അതായത് 403 അംഗ നിയമസഭയിൽ 322 ഓളം സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്ന് ആണ് യോഗി അവകാശപ്പെടുന്നത്. ഇപ്പോൾ ബിജെപിക്ക് 275 സീറ്റുകളാണ് ഉള്ളത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണം തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. അത്തരമൊരു പേടി ബിജെപിക്കുമുണ്ട്. എന്നിട്ടും 80 ശതമാനം എന്ന് ആത്മവിശ്വാസത്തോടെ പറയാൻ ധൈര്യം നൽകുന്ന ഘടകം ഒവൈസി തന്നെയാണ്. ഒവൈസി ഇട്ടുകൊടുത്ത കച്ചിത്തുരുമ്പിൽ പിടിച്ച് കയറാമെന്നാണ് പ്രതീക്ഷ. എന്നാൽ ബിജെപിയുടെ വർഗീയത ഉത്തർപ്രദേശിൽ ഇനി വിജയിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. കാരണം 2024 ലോക്സഭാ തെരഞ്ഞെടുപ്പ് അതിന് വ്യക്തമായ ഉദാഹരണമാണ്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)