രാഹുലിനെതിരെ മോദിയുടെ വ്യക്ത്യാധിക്ഷേപം; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതിപക്ഷ ഐക്യം

രാഹുൽ ഗാന്ധിക്കെതിരായ മോദിയുടെ വ്യക്ത്യാധിക്ഷേപവും ഗ്യാനേഷ് കുമാറിനെതിരായ സമരവും ദേശീയ രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നു.

Oct 24, 2026 - 12:05
Updated: 2 hours ago
0
രാഹുലിനെതിരെ മോദിയുടെ വ്യക്ത്യാധിക്ഷേപം; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രതിപക്ഷ ഐക്യം

ബിജെപിയേയും അതിന്റെ കേന്ദ്രനേതൃത്വത്തേയും അസ്വസ്ഥപ്പെടുത്തുന്നത് രാഹുൽ ഗാന്ധി എന്ന നേതാവിന്റെ സാന്നിധ്യവും സ്വാധീനവുമാണെന്ന് തെളിയുകയാണ്. തെരഞ്ഞെടുപ്പ് അട്ടിമറി ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാഹുൽ തുടങ്ങിവെച്ച സമരം ഇന്ന് രാജ്യമൊന്നാകെ ഏറ്റെടുത്ത് മുന്നോട്ട് പോവുകയാണ്. രാജ്യതലസ്ഥാനമായ ദില്ലി കഴിഞ്ഞ കുറേ ദിവസങ്ങളായി സമരമുഖരിതമാണ്. അത് മോദിക്കും അമിത് ഷായ്ക്കും ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ചെറുതല്ല. അതുകൊണ്ട് തന്നെയാണ് രാഹുലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന നിലയിലേക്ക് മോദിയും കൂട്ടരും പോയിരിക്കുന്നത്. രാഹുലിന്റെ സമരങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്ന ഹീനതന്ത്രമാണ് ബിജെപി പയറ്റുന്നത്. അതിന് നേതൃത്വം കൊടുക്കുന്നത് പ്രധാനമന്ത്രി കസേരയിൽ ഇരിക്കുന്ന മോദിയാണ് എന്നതാണ് ഏറെ ദുഃഖകരം. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധിക്കെതിരെ അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശങ്ങളാണ് കഴിഞ്ഞ ദിവസം മോദി നടത്തിയിരിക്കുന്നത്. മാനസിക സ്ഥിരത ഇല്ലാത്തയാളും പരാജയപ്പെട്ട ഉൽപ്പന്നവും എന്നൊക്കെ അധിക്ഷേപിച്ച് മോദി സ്വയം ചെറുതാവുകയാണ് ചെയ്തത് എന്ന് പറയേണ്ടി വരും. സത്യത്തിൽ മോദിയുടെ യഥാർത്ഥ നിലവാരമാണ് അതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ബിജെപി നേതാവായ നരേന്ദ്രമോദിക്ക് വായിൽ വരുന്നത് എന്തും പറയാം. പക്ഷെ അത് പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ടാകുമ്പോഴാണ് പ്രശ്നമാകുന്നത്. അത് ഏറ്റെടുത്ത് മോദിയുടെ വക്താക്കൾ രാഹുലിനെതിരെ കടന്നാക്രമണം നടത്തുകയും ചെയ്യുകയാണ്. കഴിഞ്ഞ ദിവസം അമിത് ഷായും രാഹുലിനെ ആക്രമിക്കുന്നതാണ് കണ്ടത്. ഇന്ത്യാ മുന്നണിയുടെ സമരത്തിന് നായകത്വം വഹിക്കുന്ന രാഹുലിനെ തകർത്ത് അതിലൂടെ സമരത്തെ തന്നെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തിലാണ് മോദിയും കൂട്ടരും. കഴിഞ്ഞ ദിവസങ്ങളിൽ രാഹുലിന്റെ വിയറ്റ്നാം യാത്രയാണ് ബിജെപി വിവാദമാക്കാൻ ശ്രമിച്ചത്. അത് ഫലിച്ചില്ല. അതോടെ മോദി തന്നെ മുന്നിൽ നിന്ന് വ്യക്ത്യാധിക്ഷേപത്തിലേക്ക് കടന്നിരിക്കുകയാണ്. ഗ്യാനേഷിനെതിരായ പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തിന് നവംബർ ഒന്നിന് തുടക്കം കുറിക്കാനിരിക്കെയാണ് രാഹുലിനെതിരായ ഈ നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. 

എന്നാൽ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് രാഹുലിന് പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വലിയ പിന്തുണയാണ് ഇപ്പോൾ കിട്ടുന്നത്. മോദിയുടെ പരാമർശത്തിൽ രാഹുലിനെ പിന്തുണച്ച് ആദ്യം രംഗത്ത് വന്നത് ശശി തരൂർ എംപിയാണ്. മോദി വിമർശനം ഉന്നയിച്ച ദേശീയ മാധ്യമത്തിന്റെ അതേ വേദിയിൽ തന്നെയാണ് തരൂർ മറുപടി കൊടുത്തത്. കഴിഞ്ഞ കുറച്ച് കാലമായി രാഹുൽ ഗാന്ധി പ്രവർത്തകരിൽ ആവേശം തീർക്കുന്നത് കണ്ടുള്ള വെപ്രാളമാണ് മോദിയുടെ വാക്കുകളിലെന്നാണ് തരൂർ മറുപടി കൊടുത്തത്. രാജ്യത്തെ യുവാക്കൾക്കിടയിൽ വലിയ ആവേശം തീർക്കാൻ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. അത് ബിജെപി മനസ്സിലാക്കുന്നുണ്ടെന്നും ഇത്തരം വഴിയിലൂടെ രാഹുലിനെ തകർക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്നും വിമർശിക്കുന്നുണ്ട് തരൂർ. എം.എ. ബേബി ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ രാഹുലിന്റെ വിദേശസന്ദർശനത്തെ പിന്തുണച്ച് രംഗത്ത് വന്ന് കഴിഞ്ഞിട്ടുണ്ട്. അതായത് രാഹുലിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് കോൺഗ്രസിലും ഇന്ത്യാ മുന്നണിയിലും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ബിജെപി നടത്തിയ നീക്കം ദയനീയമായി പരാജയപ്പെട്ടു എന്ന് ചുരുക്കം. 

എന്തായാലും രാഹുൽ ഇന്ന് ദില്ലിയിലേക്ക് തിരിച്ചെത്തുന്നതോടെ ഇന്ത്യാ മുന്നണിയുടെ തുടർസമരങ്ങൾക്ക് വീണ്ടും ജീവൻവെക്കും. അടുത്ത മാസം ഒന്നിന് നടക്കുന്ന മെഗാറാലിക്ക് മുന്നോടിയായി മറ്റൊരു വലിയ പ്രതിഷേധം സംഘടിപ്പിക്കാനുള്ള നീക്കവും കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഗ്യാനേഷ് കുമാറിനെ പരസ്യമായി ജനകീയ കുറ്റവിചാരണ നടത്തി പ്രതീകാത്മകമായി ഇംപീച്ച് ചെയ്തുകൊണ്ടുള്ള ഒരു സമരപരിപാടിയാണ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്. മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഗ്യാനേഷിനെ സംരക്ഷിക്കുന്നതിനുള്ള മുന്നറിയിപ്പായി അത് മാറും. ഇത്രയേറെ വിവാദങ്ങൾ ഉണ്ടായിട്ടും ഗ്യാനേഷിനെ പിന്തുണച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഗ്യാനേഷിനെ കൈവിട്ടാൽ അത് തങ്ങൾക്കും തിരിച്ചടിയാകുമെന്ന തിരിച്ചറിവ് ബിജെപിക്കുണ്ട്. അതിനാൽ ഈ സമരം തകർക്കേണ്ടത് മോദിക്കും ഷായ്ക്കും അത്യാവശ്യമാണ്. അതിനുള്ള ശ്രമമാണ് ഓരോ വഴിയിലൂടെയും അവർ നടത്തുന്നത്. അതിന്റെ ഭാഗമായാണ് രാഹുലിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം രാജ്യത്ത് അരാജകത്വം പടർത്താനുള്ള ശ്രമമാണെന്ന ബിജെപിയുടെ പ്രചരണം. ഇപ്പോൾ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തിന് വിദേശശക്തികളുടെ പിന്തുണ ഉണ്ടെന്ന ആരോപണവും സമരത്തേയും അതിന്റെ ഉദ്ദേശശുദ്ധിയേയും തകർക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User