വിജയ്‌യുടെ നിലപാടിൽ കോൺഗ്രസ് അതൃപ്തി; ഇന്ത്യാ സഖ്യത്തിൽ നിന്ന് ടിവികെ അകലുന്നുവോ?

ഇന്ത്യാ സഖ്യത്തിന്റെ റാലിയിൽ നിന്ന് വിജയ്‌യും ടിവികെയും വിട്ടുനിന്നതോടെ കോൺഗ്രസ്-ടിവികെ ബന്ധത്തിലും ദേശീയ പ്രതിപക്ഷ ഐക്യത്തിലും പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്.

Nov 03, 2026 - 17:08
Updated: 2 hours ago
0
വിജയ്‌യുടെ നിലപാടിൽ കോൺഗ്രസ് അതൃപ്തി; ഇന്ത്യാ സഖ്യത്തിൽ നിന്ന് ടിവികെ അകലുന്നുവോ?

അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു മന്ത്രിയും രാജിവയ്ക്കാനുള്ള നീക്കം ആരംഭിച്ചുവെന്ന വാര്‍ത്ത തമിഴ്‌നാട് രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്നുണ്ട്. ദ്രാവിഡ രാഷ്ട്രീയം കൂടുതല്‍ കലുഷിതമാവുകയാണ്. എഡിഎംകെയില്‍ നിന്നുള്ള 46 എംഎല്‍എമാരില്‍ കുറഞ്ഞത് 20 പേര്‍ ടിവികെയ്‌ക്കൊപ്പം പോകാന്‍ സന്നദ്ധത അറിയിച്ചതോടെയാണ് വിജയ്ക്ക് തങ്ങള്‍ക്കൊപ്പം നിന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളോട് പുച്ഛം തോന്നുന്നത്. ഇന്ത്യാ സഖ്യം സംഘടിപ്പിച്ച രാഷ്ട്രീയ റാലിയില്‍ നിന്ന് വിജയും ടിവികെയും വിട്ടുനിന്ന നടപടി തമിഴ്‌നാട്ടിലെയും ദേശീയതലത്തിലെയും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ടിവികെയുമായുള്ള സഖ്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറണം എന്ന ആവശ്യം ശക്തമായിരിക്കുന്നത്. ടിവികെ സര്‍ക്കാരില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിയുണ്ട്. ഇതിന് പുറമേ നാല് എംഎല്‍എമാരുമുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി തങ്ങളുടെ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുന്ന വിജയിയുടെ ഈ നിലപാട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് സമവാക്യങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്നത് കണ്ടിരിക്കേണ്ട കാര്യമാണ്.

ഡിഎംകെ എന്ന പാര്‍ട്ടിയെ വെറുപ്പിച്ചാണ് അങ്ങ് തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ടിവികെയ്ക്ക് കൈകൊടുത്തത്. എന്നാല്‍ അതേ ടിവികെ പ്രധാനമന്ത്രി മോദിക്കും ബിജെപിക്കും എതിരെ ശബ്ദിക്കാന്‍ മടിക്കുന്നു. അല്ലെങ്കില്‍ ഭയക്കുന്നു. സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കാതെ വെള്ളംകുടിച്ച് നിന്ന വിജയ്ക്ക് പിന്തുണ നല്‍കിയത് തമിഴ്‌നാട്ടില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചേര്‍ന്ന സഖ്യമാണ്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് ടിവികെയ്ക്ക് കൈകൊടുത്തത്. എന്നാല്‍ ഇന്ന് അതേ രാഹുല്‍ ഗാന്ധിയെ ചതിക്കുന്ന സമീപനമാണ് ടിവികെയില്‍ നിന്നുണ്ടാകുന്നത്. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യാ മുന്നണി റാലികള്‍ സംഘടിപ്പിക്കാറുള്ളത്. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍, ഈ മുന്നണി കൂട്ടായ്മയില്‍ നിന്നോ അവര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ നിന്നോ അകലം പാലിക്കുന്ന സമീപനമാണ് തുടക്കം മുതല്‍ ടിവികെ സ്വീകരിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകളും, തമിഴ്‌നാട്ടില്‍ തങ്ങളുടേതായ ഒരു സ്വതന്ത്ര രാഷ്ട്രീയ അടിത്തറ ഉണ്ടാക്കിയെടുക്കാനുള്ള കടുത്ത താല്‍പര്യവുമാണ് ഈ വിട്ടുനില്‍ക്കലിന് പിന്നിലെ പ്രധാന കാരണങ്ങളായി കാണുന്നത്. ഡിഎംകെയോ അണ്ണാഡിഎംകെയോ പോലുള്ള പരമ്പരാഗത ദ്രാവിഡ പാര്‍ട്ടികളുടെ നിഴലില്‍ നിന്ന് മാറിനില്‍ക്കാനാണ് വിജയ് ശ്രമിക്കുന്നത്.

ഒരു ദേശീയ സഖ്യത്തിന്റെ റാലിയില്‍ പങ്കെടുക്കുന്നത് തന്റെ പാര്‍ട്ടി മറ്റൊരു മുന്നണിയുടെ ഭാഗമാണെന്നോ അല്ലെങ്കില്‍ ആരുടെയെങ്കിലും പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതാണെന്നോ ഉള്ള തെറ്റായ സന്ദേശം പൊതുജനങ്ങള്‍ക്ക് നല്‍കിയേക്കാമെന്ന് ടിവികെ നേതൃത്വം ഭയപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ മുന്‍ ഭരണകക്ഷിയായ ഡിഎംകെയെയാണ് വിജയ് തന്റെ പ്രധാന രാഷ്ട്രീയ എതിരാളിയായി കാണുന്നത്. ഡിഎംകെ നേതൃത്വം നല്‍കുന്ന അല്ലെങ്കില്‍ മുന്‍കൈയെടുക്കുന്ന മുന്നണി പരിപാടികളില്‍ പങ്കെടുക്കുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ സ്വരൂപിക്കുന്നതില്‍ നിന്ന് തന്നെ പിന്നോട്ട് വലിക്കുമെന്ന് വിജയ് കരുതുന്നുണ്ട്. എന്നാല്‍ ദേശീയതലത്തിലേയ്ക്ക് വന്നാല്‍ അവിടെ പ്രതിഷേധങ്ങള്‍ നടക്കുന്നത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ്. സ്വാഭാവികമായും ഒരു മുന്നണി മര്യാദയുടെ പേരില്‍ വിജയിയും വിജയിയുടെ പാര്‍ട്ടിയും പങ്കെടുക്കേണ്ടതുണ്ട്. ദേശീയതലത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, വിജയിയെപ്പോലെയുള്ള വളര്‍ന്നുവരുന്ന ശക്തികള്‍ വിട്ടുനില്‍ക്കുന്നത് പ്രതിപക്ഷ നിരയിലെ ഐക്യത്തെ ബാധിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ കക്ഷികള്‍ക്കുണ്ട്. വിജയിയുടെയും ടിവികെയുടെയും ഇന്ത്യാ സഖ്യ റാലിയില്‍ നിന്നുള്ള വിട്ടുനില്‍ക്കല്‍ കേവലം ഒരു വിസമ്മതം മാത്രമല്ല, മറിച്ച് വളരെ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളുടെ ഫലമാണ്. പ്രധാനമന്ത്രി മോദിയെ തുറന്ന് എതിര്‍ക്കാന്‍ മടിക്കുന്ന വിജയിക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണോ മൂലകാരണമെന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യാ സഖ്യത്തില്‍ സുപ്രധാന ഘടകമായി ടിവികെയുണ്ടാകുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകളാണ് നിലവില്‍ അസ്ഥാനത്തായത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User