മുട്ടിൽ മരംമുറി ഗൂഢാലോചനയിൽ പുനരന്വേഷണത്തിന് സർക്കാർ
വിവാദ റവന്യൂ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകൾ അന്വേഷിക്കും; പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകിയേക്കും
കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ നേരത്തെ അന്വേഷിക്കാതെ വിട്ട ഗൂഢാലോചനാ ഭാഗത്ത് തുടരന്വേഷണത്തിന് സർക്കാർ നീക്കം. സംസ്ഥാനത്തുടനീളം വ്യാപകമായ മരംമുറിക്ക് വഴിയൊരുക്കിയ റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവിന് പിന്നിലെ ഉന്നതതല ഇടപെടലുകളാണ് പ്രധാനമായും പരിശോധിക്കുക.
ഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ തന്നെ തുടരന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് സാധ്യത. റവന്യൂ വകുപ്പിലെ പഴയ ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകളുടെ സൂചനകൾ ലഭിച്ചതായാണ് വിവരം.
പട്ടയഭൂമിയിലെ മരംമുറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതോടെ ഇലക്ട്രോണിക് ഫയലായി മുന്നോട്ടുപോയിരുന്ന നടപടികൾ പിന്നീട് ഫിസിക്കൽ ഫയലിലേക്ക് മാറ്റിയതും അന്വേഷണ പരിധിയിലാകും. അന്നത്തെ വനം മന്ത്രിയുടെ പരിഗണനയ്ക്ക് ഫയൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ഈ മാറ്റമെന്നാണ് വിവരം. ഇതിനിടയിലെ ചില പ്രധാന കുറിപ്പുകൾ ഫയലിൽ കാണാനില്ലെന്നതും സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
മരംമുറിക്കേസിലെ പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ മുറിച്ചിട്ട മരങ്ങൾ കൊണ്ടുപോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ കത്തും ഫയലിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, അഗസ്റ്റിൻ സഹോദരന്മാരും ഒരു പ്രമുഖ വാർത്താ ചാനലിന്റെ മേധാവിയും തമ്മിൽ എറണാകുളത്തെ ചാനൽ ഓഫീസിൽ മരംമുറിയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകൾക്ക് താൻ സാക്ഷിയായിരുന്നുവെന്ന് അടുത്തിടെ ഒരു മാധ്യമപ്രവർത്തകൻ വെളിപ്പെടുത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് ഫയലിൽ നടപടികൾ സ്വീകരിച്ചതെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമാകും.
തുടരന്വേഷണം എങ്ങനെ നടത്തണമെന്നതുമായി ബന്ധപ്പെട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസഫലിയുമായി വനംമന്ത്രി കഴിഞ്ഞ ദിവസം ചർച്ച നടത്തി. ജുഡീഷ്യൽ അന്വേഷണത്തിന്റെ സാധ്യതയും ചർച്ചയായെങ്കിലും നിലവിൽ മുട്ടിൽ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം തന്നെ തുടരന്വേഷണം നടത്തുന്നതാണ് പ്രായോഗികമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുട്ടിൽ മരംമുറിക്കേസ് അന്വേഷിച്ച് ബത്തേരി കോടതിയിൽ 41 കുറ്റപത്രങ്ങൾ സമർപ്പിച്ചത്. ഇതിൽ 36 കേസുകളിലും അഗസ്റ്റിൻ സഹോദരന്മാരാണ് പ്രധാന പ്രതികൾ.
വന്യജീവി നിയമപ്രകാരമുള്ള കേസുകൾ ഒഴികെയുള്ള വനംവകുപ്പ് കേസുകൾ പൊലീസിനും അന്വേഷിക്കാമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വനനിയമത്തിലെ വകുപ്പുകൾ കൂടി ഉൾപ്പെടുത്തി നിലവിലെ കുറ്റപത്രങ്ങൾ പരിഷ്കരിക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്.
മുട്ടിൽ മരംമുറിക്കേസിൽ ഇതുവരെ പുറത്തുവരാത്ത ഉന്നതതല ഇടപെടലുകളും വിവാദ ഉത്തരവിന് പിന്നിലെ നടപടിക്രമങ്ങളും ഇനി അന്വേഷണത്തിന്റെ നിർണായക ഭാഗമാകും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)