തിരുവനന്തപുരം സംഘർഷം: എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

പന്തംകൊളുത്തി പ്രകടനത്തിന് നേരെ കല്ലും ബിയർ കുപ്പികളും എറിഞ്ഞത് പ്രകോപനമായെന്ന് യൂത്ത് കോൺഗ്രസ്; സംഘർഷത്തിൽ ഇരുവിഭാഗത്തിനെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്

Oct 01, 2026 - 08:27
0
തിരുവനന്തപുരം സംഘർഷം: എസ്‌എഫ്‌ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ യൂത്ത് കോൺഗ്രസ്–എസ്‌എഫ്‌ഐ പ്രവർത്തകർ ഏറ്റുമുട്ടിയ സംഭവത്തിൽ ഇരുവിഭാഗത്തിനെതിരെയും പോലീസ് കേസെടുത്തു. മ്യൂസിയം പോലീസാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. തിരിച്ചറിയാവുന്നവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് സംഘർഷത്തിന് തുടക്കമായത്. പാളയം യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് സമീപം പന്തംകൊളുത്തി പ്രകടനത്തിന് തയ്യാറെടുക്കുന്നതിനിടെ ഹോസ്റ്റലിൽ നിന്ന് ബിയർ കുപ്പികളും കല്ലുകളും പ്രകടനക്കാർക്ക് നേരെ എറിഞ്ഞത് പ്രകോപനത്തിന് കാരണമായാത് 

തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്തുനിന്നും തിരിച്ചും കല്ലേറുണ്ടായി. ചിലർ കത്തിച്ച പന്തങ്ങൾ ഹോസ്റ്റൽ വളപ്പിലേക്ക് എറിഞ്ഞതോടെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. പിന്നീട് പ്രകടനം സെക്രട്ടേറിയറ്റിലേക്ക് നീങ്ങിയെങ്കിലും തിരികെ എത്തിയ പ്രവർത്തകർ ഹോസ്റ്റലിന് സമീപം വീണ്ടും സംഘടിച്ചതോടെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടു.

ഹോസ്റ്റലിലേക്ക് പ്രവേശിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ഇടപെട്ടു. സ്ഥിതി നിയന്ത്രിക്കാൻ കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും സംഘർഷം തുടർന്നു. പിന്നാലെ പോലീസ് ഹോസ്റ്റൽ വളപ്പിനുള്ളിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ വിദ്യാർഥികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും പരിക്കേറ്റു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആകാരണമായി ആക്രമിച്ച യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായിരുന്ന എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെ കോൺഗ്രസ്‌ ശക്തമായി പ്രതിഷേധം അറിയിച്ചു കല്ലുകളും കുപ്പികളും ഹോസ്റ്റൽ വളപ്പിൽ നിന്നും എറിഞ്ഞത് എന്തിനായിരുന്നു എന്നാണ് കോൺഗ്രസ്‌ ചോദിക്കുന്നത് 

ബിജെപി സംഘപരിവാർ സംഘടനകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിൽ എസ് എഫ് ഐ പ്രവർത്തകർ അസഹിഷ്ണുത കാണിക്കുന്നത് എന്ത് ഡീലിന്റെ ഭാഗമായാണ് എന്ന് കോൺഗ്രസ്‌ നേതാക്കൾ ചോദിക്കുന്നു 

സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എസ്‌എഫ്‌ഐ പ്രവർത്തകർക്കെതിരെയും രണ്ട് കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ കേസുകളിൽ തുടർനടപടികൾ പോലീസ് ആരംഭിച്ചു.

സംഘർഷത്തിനെതിരെ എസ്‌എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനും പ്രതിഷേധത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്താനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User