പാർട്ടി തോറ്റപ്പോൾ രമ്യ പാട്ടുപാടി; ചിറയിൻകീഴ് കോൺഗ്രസിൽ പ്രതിഷേധം ശക്തം
കയ്യാങ്കളി വിവാദത്തിന് പിന്നാലെ ചിറയിൻകീഴിലെ രണ്ട് സിറ്റിംഗ് സീറ്റുകൾ യുഡിഎഫിന് നഷ്ടമായതോടെ രമ്യ ഹരിദാസിനെതിരെ കോൺഗ്രസ് അണികളിൽ പ്രതിഷേധം ശക്തമാകുന്നു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഞെട്ടിച്ച രണ്ട് തോൽവിയായിരുന്നു ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന രണ്ട് വാർഡുകളിലേത്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ്, മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്ക്കൽ എന്നീ സിറ്റിംഗ് വാർഡുകൾ കോൺഗ്രസിന് നഷ്ടമായി. അനുകൂല സാഹചര്യമുണ്ടായിരുന്നിട്ടും സംഭവിച്ച ഈ തോൽവികൾ പാർട്ടിക്ക് ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഈ രണ്ട് തോൽവിക്കും കാരണമായി പ്രാദേശിക പ്രവർത്തകർ തന്നെ പറയുന്നത് അടുത്തിടെ അവിടെ ഉണ്ടായ കയ്യാങ്കളിയാണ്. മണ്ഡലത്തിലെ എംഎൽഎ രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി വലിയ തോതിൽ അവിടെ പാർട്ടിക്ക് ക്ഷീണമേൽപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് നേതാവായ സജാദിനെ സസ്പെൻഡ് ചെയ്ത പാർട്ടി, പക്ഷെ പ്രശ്നത്തിൽ കുറ്റക്കാരിയായ രമ്യയ്ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല.ഈ വിഷയത്തിലുള്ള അണികളുടെ അതൃപ്തിയാണ് തോൽവിയിലേക്ക് നയിച്ചതെന്ന് കാണാൻ കഴിയും. കുറ്റക്കാരിയാണെന്ന് തെളിഞ്ഞിട്ടും രമ്യക്കെതിരെ നടപടി എടുക്കാത്തതിലും പ്രാദേശിക നേതാവായ സജാദിനെതിരെ നടപടി എടുത്തതിലും പാർട്ടി അണികൾ അമർഷത്തിലാണ്. അതിനുള്ള പാർട്ടി പ്രവർത്തകരുടെ ഒരു മധുര പ്രതികാരമായിട്ടാണ് തോൽവിയെ വിലയിരുത്തുന്നത്. രമ്യയുടെ കയ്യാങ്കളി വിവാദവും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനിടയിലെ അതൃപ്തിയും ഫലത്തിൽ പ്രതിഫലിച്ചതായി റിപ്പോർട്ടുകളുമുണ്ട്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രമ്യ സ്ഥാനാർത്ഥിയായി എത്തിയത് മുതൽ തുടങ്ങിയതാണ് ചിറയിൻകീഴ് കോൺഗ്രസിലെ പ്രശ്നങ്ങൾ. സിപിഐയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് തരംഗത്തിൽ രമ്യ വിജയിക്കുകയും ചെയ്തു. എന്നാൽ അവിടെ പാർട്ടി നേതൃത്വവുമായി ചേർന്ന് പോകാതെ അവരെ വെല്ലുവിളിക്കുന്ന നിലപാടുകൾ രമ്യ തുടരുകയായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു അടുത്തിടെ ഉണ്ടായ കയ്യാങ്കളി.ഒരിടത്ത് പാർട്ടി ജയിപ്പിച്ചുകഴിഞ്ഞാൽ അവിടം കുളമാക്കുന്ന സ്വഭാവമാണ് രമ്യയ്ക്കെന്ന ആരോപണം പണ്ടുമുതലേ ഉണ്ട്. ആലത്തൂരിലൊക്കെ അത് കണ്ടതാണ്. സാധാരണ പാർട്ടി പ്രവർത്തകർ അഹോരാത്രം കഷ്ടപ്പെട്ടാണ് ഓരോ സ്ഥാനാർത്ഥികളെയും ജയിപ്പിക്കുന്നത്. ജയിച്ചുകഴിഞ്ഞാൽ അവർ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുക എന്നത് പ്രവർത്തകരോട് ചെയ്യുന്ന അനീതിയാണ്.രമ്യയുടെ തുടർച്ചയായുള്ള ഈ ശൈലിയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനം ഉയർന്നിട്ടുള്ളതാണ്. ഇവിടെ പാളയം പ്രദീപ് എന്ന തന്റെ വിശ്വസ്തന് വേണ്ടി പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ശത്രുക്കളാക്കുകയാണ് രമ്യ ചെയ്തത് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

എന്തായാലും കൈയിലിരുന്ന രണ്ട് സീറ്റ് കൊണ്ട് പോയി എൽഡിഎഫിന് താലത്തിൽ വെച്ച് കൊടുക്കുകയാണ് രമ്യ ചെയ്തതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിമർശനം. ഈ തോൽവിയുടെ ഉത്തരവാദി രമ്യ മാത്രമാണെന്നും ഇവർ ആരോപിക്കുന്നു.ഇന്നലെ തോൽവിയേറ്റ നിരാശയിൽ പ്രവർത്തകർ ഇരിക്കുമ്പോൾ മണ്ഡലത്തിൽ നടന്ന പരിപാടിയിൽ പാട്ടുപാടി ആഘോഷിക്കുന്ന എംഎൽഎയെയാണ് കണ്ടത്. വേളി-കഠിനംകുളം സോളാർ ബോട്ട് സർവീസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു രമ്യയുടെ പാട്ടുപാടിയുള്ള പ്രസംഗം.ഇവിടെ പാർട്ടി തോറ്റ് നിൽക്കുമ്പോൾ എംഎൽഎ അവിടെ പാട്ടുപാടി ആഹ്ലാദിക്കുകയാണെന്നാണ് പ്രവർത്തകർ വിമർശിക്കുന്നത്. ഇതെങ്ങനെ സാധിക്കുന്നു എന്നാണ് പലരും ചോദിക്കുന്നത്.
തോൽവിയിൽ രമ്യയ്ക്കെതിരെ പാർട്ടിയിൽ വലിയ രീതിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതിനിടയിൽ എംഎൽഎ പാട്ടുപാടി നടക്കുന്നത് പ്രവർത്തകരെ ശരിക്കും രോഷാകുലരാക്കിയിട്ടുണ്ട് എന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാകുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)