കെ ടി ജലീലിനെതിരെ നടപടിയാവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ പ്രതിനിധികൾ മുഖ്യമന്ത്രിക്ക് കത്ത് നൽകി
മാധ്യമം ദിനപത്രത്തിനെതിരെ വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്തയച്ച കെ ടി ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. കോവിഡ് കാലത്ത് പ്രവാസികൾ നേരിട്ട ദുരവസ്ഥ തുറന്നു കാണിച്ച മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് അയച്ച സംഭവത്തെ തുടർന്നാണ് പരാതി നൽകിയത്.
മാധ്യമത്തിന്റെ പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിണറായി വിജയനെ കാണാനെത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യസംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേൽപ്പിക്കുന്ന ജലീലിന്റെ പ്രവർത്തിയിൽ മാധ്യമം ദിനപത്രത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും പ്രതിനിധികൾ അറിയിച്ചു.കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ മാധ്യമം ശക്തമായി പിന്തുണച്ചിരുന്നു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തിൽ ജനങ്ങളുടെ വേദനയും നിലവിളിയും മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല. കോവിഡ് ഭീഷണി രൂക്ഷമായപ്പോൾ സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോൾ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നിൽ കണ്ട് വേറിട്ടൊരു രീതിയിൽ ആവിഷ്‌കരിക്കുകയായിരുന്നു 2020 ജൂൺ 24ന് മാധ്യമം ചെയ്തതെന്നും പരാതിയിൽ പറയുന്നു.
പരിപാടിയെ കുറിച്ചുള്ള വിമർശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ ആ വാർത്ത മുൻനിർത്തി മന്ത്രിസഭാംഗം കെ.ടി. ജലീൽ ‘മാധ്യമ’ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികൾക്ക് കത്തെഴുതുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് കത്തിൽ ദിനപത്രത്തിന്റെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.