കൊച്ചിയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുമായി കൂട്ടുകൂടി സിപിഎം കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു

കൊച്ചിയില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയുമായി കൂട്ടുകൂടി സിപിഎം കോണ്‍ഗ്രസിനെ തോല്‍പ്പിച്ചു

കൊച്ചി: നഗരസഭാ ഭരണം നിലനിര്‍ത്തുവാന്‍ കോര്‍പ്പറേഷനില്‍ ബിജെപിയുമായി രഹസ്യബന്ധം പുലര്‍ത്തി സിപിഎം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി സിപിഎം കൈകോര്‍ത്തതോടെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തൊതുങ്ങി. മാന്യതയ്ക്ക് നിരക്കാത്ത രാഷ്ട്രിയകളിയാണ് ഇവിടെ സിപിഎം കളിച്ചതെന്ന അണികള്‍ക്കിടയില്‍ പോലും ആക്ഷേപമുണ്ട്. നഗരസഭാ 62-ാം ഡിവിഷനിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ മേനോന്‍ 75 വോട്ടിന് ജയിച്ചാണ് നഗരസഭാ കൗണ്‍സിലിലെത്തിയത്. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അശ്വതി എസിന് ആകെ കിട്ടിയത് 328 വോട്ടാണ്. രണ്ടാം സ്ഥാനതെത്തിയ കോണ്‍ഗ്രസിന്റെ അനിതാ വാര്യര്‍ 899 വോട്ട് നേടി. ഈ ഡിവിഷനില്‍ യുഡിഎഫ് വിജയിക്കുകയായിരുന്നുവെങ്കില്‍ എല്‍ഡിഎഫ്- യുഡിഎഫ് തമ്മിലുള്ള കക്ഷി നിലയിലെ വ്യത്യാസം ഒരു സീറ്റ് മാത്രമായി കുറയും. നിലവില്‍ ആകെ 74 ഡിവിഷനുകളുള്ള കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് 34 സീറ്റും യുഡിഎഫിന് 32 സീറ്റുമാണുള്ളത്. ബിജെപിക്ക് അഞ്ച് സീറ്റുമുണ്ട്. യുഡിഎഫ് വിമതരുടെ കൂടെ പിന്തുണയോടെയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ 62-ാം ഡിവിഷനിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് എല്‍ഡിഎഫിനെ സംബന്ധിച്ച് ജീവന്‍മരണ പോരാട്ടമായിരുന്നു. ബിജെപി ജയിച്ചാലും കോണ്‍ഗ്രസ് ജയിക്കരുതെന്ന നയത്തിലൂന്നിയാണ് സിപിഎം അവിടെ പ്രവര്‍ത്തിച്ചത്. ഇതിന്റെ ഫലമായിട്ടാണ് എല്‍ഡിഎഫിലെ വോട്ട് കൂട്ടമായി ചേര്‍ന്ന് ബിജെപിയില്‍ എത്തിയത്. ചുരുക്കി പറഞ്ഞാല്‍ ഡിവിഷനില്‍ സിപിഎം സഹായത്തോടെ ബിജെപി ജയിച്ചുകയറി. ഇവിടെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വി ഫോര്‍ കൊച്ചിയുടെ പ്രതിനിധിയായി കോര്‍പ്പറേഷനിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടതാണ്. അന്ന് അവര്‍ക്ക് 200ലേറെ വോട്ടുകള്‍ കിട്ടി. ആ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ഥിക്ക് 300ന് അടുത്ത് വോട്ടും കിട്ടി. എന്നാല്‍ ഇത്തവണ സിപിഎമ്മിന്റെ വോട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് കിട്ടിയില്ലെന്ന് മാത്രമല്ല, ബിജെപിക്ക് പോവുകയും ചെയ്തു.