ആരാധനാലയങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണം

ആരാധനാലയങ്ങളിൽ   യൂത്ത് കോൺഗ്രസ്  പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണം

ആരാധനാലയങ്ങളിലും സാമുദായികസംഘടനകളിലും വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നത് തടയാന്‍ ക്ഷേത്രങ്ങളിലും പള്ളികളിലും യൂത്ത് കോൺഗ്രസ്  പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണം.  പ്രധാന പ്രവര്‍ത്തകര്‍ സാമുദായികസംഘടനകളില്‍ നേതൃസ്ഥാനത്തുണ്ടാവരുതെന്ന മുന്‍ നിലപാടും തിരുത്തുകയാണ് പാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലവതരിപ്പിച്ച പ്രമേയം.

സമൂഹത്തില്‍ ശക്തമാകുന്ന വര്‍ഗീയതയെ ചെറുക്കാനും അതിലേക്ക് ആകര്‍ഷിക്കപ്പെട്ടവരെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഇത് ഉണ്ടാവണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. ആര്‍.എസ്.എസും എസ്.ഡി.പി.ഐ.യും ഉള്‍പ്പെടെയുള്ള സംഘടനകള്‍ സൃഷ്ടിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശക്തമായ ഇടപെടല്‍ വേണമെന്നും നിര്‍ദേശമുണ്ട്.

ഓരോ മണ്ഡലത്തിലും അഞ്ചുമുതല്‍ പത്തുവരെ യൂണിറ്റുകള്‍ പുതുതായി രൂപവത്കരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ അടിത്തറ വിപുലപ്പെടുത്തണം. പാര്‍ട്ടി ആശയങ്ങള്‍ പഠിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസും പഠനകേന്ദ്രങ്ങള്‍ ആരംഭിക്കും. പൊതുവിഷയങ്ങളില്‍ അപ്പപ്പോള്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ തീരുമാനിക്കാനും പ്രവര്‍ത്തകരെ അറിയിക്കാനും കോര്‍ കമ്മിറ്റിക്ക് രൂപം നല്‍കും.

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് വരുമാനത്തിന് മാന്യമായ തൊഴിലുണ്ടാവണമെന്നും സംരംഭകത്വം പ്രോത്സാഹിപ്പിക്കണമെന്നും ഭാവിസംബന്ധിച്ച കെ.എസ്. ശബരീനാഥന്റെ നേതൃത്വത്തിലുള്ള പ്രമേയങ്ങളില്‍
നിർദ്ദേശിച്ചിട്ടുണ്ട് .