ചെറുപ്പത്തിലേ കാൻസർ സാധ്യത വർധിക്കുന്നോ? ജൈവിക പ്രായം അതിവേഗം ഉയരുന്നതായി പുതിയ പഠനം
ഇന്നത്തെ ജീവിത രീതികൾ മൂലം ഇപ്പോൾ കാൻസർ എല്ലാവർക്കും തന്നെ പിടിപ്പെടുന്നുണ്ട്. കൂടുതലും പ്രായമായവരിലാണ് കണ്ടുവരുന്നത്. എന്നാൽ, 30 മുതൽ 40 വയസ്സുള്ളവരിൽ കാൻസർ സാധ്യത കൂടുതലാണെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. അടുത്തിടെ നേച്ചർ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ പ്രകാരം ഇപ്പോഴത്തെ തലമുറയിലെ യുവാക്കൾ മുമ്പത്തേക്കാള്‍ വേഗത്തില്‍ ജൈവശാസ്ത്രപരമായി വാര്‍ദ്ധക്യം പ്രാപിക്കുകയാണെന്ന് പറയുന്നു.അതുകൊണ്ട് തന്നെ,ഈ മാറ്റം ചെറുപ്രായത്തില്‍ തന്നെ കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും പറയുന്നുണ്ട്.
നേരത്തെ പറഞ്ഞ പുതിയ പഠനത്തെ കുറിച്ച് കാർഡിയോളജിസ്റ്റ് ഡോ. അഫ്ഷിൻ ഇമ്രാനി തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇപ്രകാരമാണ്, ഒരാളുടെ യഥാർത്ഥ പ്രായവും ജൈവികപ്രായവും തമ്മിലുള്ള അന്തരം വർധിക്കുന്നതനുസരിച്ച് വിവിധ തരത്തിലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. യുകെയിലെ, യുകെ ബയോബാങ്കില്‍ നിന്നുള്ള 154,000-ത്തിലധികം ആളുകളുടെ രക്തസാമ്പിളുകളും യുഎസിലെ 'ഓള്‍ ഓഫ് അസ്' ഗവേഷണ പരിപാടിയില്‍ നിന്നുള്ള 10,000-ത്തിലധികം ആളുകളുടെ ആരോഗ്യ ഡാറ്റയും ഗവേഷണത്തിനായി ഉപയോഗിച്ചിരുന്നു. 1950-കളിൽ ജനിച്ചവരെയും 1965, 1974, 1990 എന്നീ കാലഘട്ടങ്ങളിൽ ജനിച്ചവരെയും ഗവേഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. മുൻ തലമുറകളെ അപേക്ഷിച്ച് ഇപ്പോഴത്തെ തലമുറയിലുള്ളവരിൽ ജൈവിക വാര്‍ദ്ധക്യത്തിന്റെ നിരക്ക് പെട്ടന്ന് തന്നെ വർധിക്കുന്നുണ്ടെന്നും പഠനത്തിൽ പറയുന്നു. ജൈവശാസ്ത്രപരമായ പ്രായവും യഥാര്‍ത്ഥ പ്രായവും തമ്മിലുള്ള വ്യത്യാസത്തിന്റെ അപകടം എന്താണെന്ന് നമുക്ക് നോക്കാം.

കണ്ടെത്തലുകൾ പ്രകാരം,ഒരാളുടെ ജൈവിക പ്രായവും യഥാർഥ പ്രായവും തമ്മിലുള്ള അന്തരം കൂടുംതോറും കാൻസർ വരാനുള്ള സാധ്യത വർധിക്കുകയാണ്.യഥാർഥ പ്രായത്തിന് അനുസൃതമായി പ്രവർത്തിക്കേണ്ട രോഗപ്രതിരോധ സംവിധാനം നേരത്തേ തന്നെ ദുർബലമാകുന്നവരിൽ ചെറുപ്പത്തിൽ തന്നെ ശ്വാസകോശാർബുദം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. അതുപോലെ തന്നെ കൊഴുപ്പ് കലകൾ വേഗത്തിൽ വാർദ്ധക്യം പ്രാപിക്കുന്നവരിൽ വൻകുടൽ കാൻസറിനുള്ള സാധ്യതയും കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രായമാകുമ്പോള്‍ ശരീരത്തിലെ കോശങ്ങള്‍ക്ക് സംഭവിക്കുന്ന ഡിഎന്‍എ കേടുപാടുകള്‍ ഒരു സാധാരണ പ്രക്രിയയാണ്. എന്നാല്‍ ചെറുപ്രായത്തില്‍ത്തന്നെ ഇങ്ങനെ സംഭവിച്ചാൽ അകാല വാര്‍ദ്ധക്യം പിടിപെടാം.മോശം ഭക്ഷണശീലങ്ങൾ, അമിതവണ്ണം, പുകവലി, വായു മലിനീകരണം, വ്യായാമ കുറവ്, മതിയായ ഉറക്കമില്ലായ്മ എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി പ്രധാന ഘടകങ്ങളാണ്.