ലജ്ജയില്ലേ അമിത് ഷാ? യു.പി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

യു.പി പോലീസിന്റെ നിയമവിരുദ്ധ നടപടികളും അന്വേഷണത്തിലെ വീഴ്ചകളും ചോദ്യം ചെയ്ത് അലഹബാദ് ഹൈക്കോടതിയും സുപ്രീം കോടതിയും നടത്തിയ രൂക്ഷ വിമർശനങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കുന്നു.

Nov 09, 2026 - 12:16
Updated: 5 hours ago
0
ലജ്ജയില്ലേ അമിത് ഷാ? യു.പി പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

"ലജ്ജയില്ലേ അമിത് ഷാ... ഇരട്ട എൻജിനും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കാൻ?" എന്ന തരത്തിൽ ബി.ജെ.പി സർക്കാരിനെ പിച്ചിച്ചീന്തുന്ന പരാമർശമാണ് യു.പി കോടതിയിൽ നിന്നുണ്ടായത്. ഓർക്കണം, വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിൽ ഏത് വിധേനയും ജയിക്കാനുള്ള സകല കുടിലതന്ത്രങ്ങളും പയറ്റാനായി അമിത് ഷായെ യു.പിയിലേക്ക് പറഞ്ഞുവിട്ടിരിക്കുന്നതിനിടയിലാണ്, ഇതേ അമിത് ഷായുടെ നെഞ്ചിൽ തറയ്ക്കുന്ന ചോദ്യം കോടതി ചോദിക്കുന്നത്. മുൻപ് സുപ്രീം കോടതിയും യു.പി സർക്കാരിനും പോലീസിനും എതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടതാണ്. പക്ഷേ 'ഞങ്ങൾക്കെന്ത് കോടതി, എല്ലാം ആർ.എസ്.എസ് തീരുമാനിക്കും, ഞങ്ങൾ നടപ്പിലാക്കും' എന്നൊരു രീതിയായിരുന്നു യു.പിയിലെ ബി.ജെ.പിയുടേത്.... അല്ലെങ്കിലും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെപ്പോലും നിയമിക്കുന്നത് ബി.ജെ.പിയാണ്, കേന്ദ്ര സർക്കാരാണ് എന്ന തുറന്നുപറച്ചിൽ കഴിഞ്ഞ ദിവസമാണ് നമ്മൾ കേട്ടത്. ഇതുതന്നെയാണ് നിരന്തരം രാഹുൽ ഗാന്ധിയും പറയുന്നത്; തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും അടക്കം എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും മോദിയും കൂട്ടരും ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്ന്. എന്തായാലും യു.പി പോലീസിന്റെ മനുഷ്യത്വമില്ലാത്ത നീക്കത്തിനെതിരെ കോടതി അവസാന ആണിയും അടിച്ചിരിക്കുകയാണ്... ഉത്തർപ്രദേശിലെ പൗരാവകാശങ്ങളുടെ യഥാർത്ഥ ചിത്രം എത്രത്തോളം ഭയാനകമാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു അലഹബാദ് ഹൈക്കോടതിയിൽ നിന്നുണ്ടായ നിർണായക ഉത്തരവുകൾ. ബിജ്‌നോർ സ്വദേശിയായ ഔസാദ് അഹ്‌മദ് എന്നയാൾ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെ, ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അചൽ സച്ച്‌ദേവ് എന്നിവരടങ്ങിയ ബെഞ്ച് യു.പി പോലീസിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. യു.പിയിലെ പൗരാവകാശ സാഹചര്യം അങ്ങേയറ്റം ലജ്ജാകരമാണെന്നും, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക് പോലീസ് വളരെ കുറഞ്ഞ പരിഗണന മാത്രമാണ് നൽകുന്നതെന്നും കോടതി നിരീക്ഷിച്ചു...

കഴിഞ്ഞ സെപ്റ്റംബർ 5-ന് ഹണിട്രാപ്പ് കേസുമായി ബന്ധപ്പെട്ട് ബിജ്‌നോർ പോലീസ് ഔസാദ് അഹ്‌മദിനെ കസ്റ്റഡിയിലെടുത്തെങ്കിലും, സെപ്റ്റംബർ 7-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമവിരുദ്ധമായി തടങ്കലിൽ വെച്ച ഈ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും, സി.സി.ടി.വി സംവിധാനം തകരാറിലാണെന്ന പതിവ് ഒഴികഴിവാണ് സർക്കാർ കോടതിയിൽ ആവർത്തിച്ചത്. എന്നാൽ നിയമവിരുദ്ധ തടങ്കൽ ആരോപിക്കപ്പെടുന്ന കേസുകളിൽ 'സി.സി.ടി.വി തകരാറിലാണ്' എന്ന വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹർജിക്കാരനെതിരെ മറ്റ് കേസുകൾ നിലവിലില്ലെങ്കിൽ ഉടൻ മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. ഒപ്പം സംസ്ഥാന സർക്കാരിന് 20,000 രൂപ കോടതിച്ചെലവും ചുമത്തി...

ഇത് ഒറ്റപ്പെട്ട സംഭവമല്ല; യു.പി പോലീസിന്റെ കേസ് അന്വേഷണ രീതികൾക്കെതിരെ സാക്ഷാൽ സുപ്രീം കോടതി പോലും ഇതിനുമുമ്പ് കടുത്ത നടപടികളുമായി രംഗത്തുവന്നിട്ടുണ്ട്. ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, സഞ്ജീവ് സച്ച്‌ദേവ് എന്നിവരടങ്ങിയ ബെഞ്ചാണ് യു.പി പോലീസിന്റെ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളെ ചോദ്യം ചെയ്തത്. പോലീസ് ഈ രീതിയിലാണ് മുന്നോട്ടുപോകുന്നതെങ്കിൽ, ഉത്തർപ്രദേശിലെ എല്ലാ കേസുകളുടെയും അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടിവരുമെന്നും, എന്തിന് യു.പി പോലീസ് സേനയെ തന്നെ പിരിച്ചുവിടുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സാഹചര്യമാണുള്ളതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി....

ഒരു കേസിൽ സംഭവസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയ ബൈക്ക് യാത്രക്കാരനെ, എഫ്.ഐ.ആറിൽ പ്രതിയായി ചേർക്കുന്നതിന് പകരം 'അജ്ഞാത വ്യക്തി' എന്ന് രേഖപ്പെടുത്തിയ കൃത്രിമത്വമാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് കാരണമായത്. രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രതിപ്പട്ടികയിൽ തങ്ങൾക്കിഷ്ടമുള്ള പേരുകൾ ഇഷ്ടാനുസരണം ഉൾപ്പെടുത്തുന്നതാണോ പോലീസിന്റെ രീതിയെന്ന് കോടതി ചോദിച്ചു. ഇത്തരം പക്ഷപാതപരമായ നടപടികളിലൂടെ ജനങ്ങൾക്ക് പോലീസിലുള്ള വിശ്വാസം പൂർണമായി തകരുകയാണെന്നും, യു.പി പോലീസ് സമർപ്പിച്ച സത്യവാങ്മൂലം അങ്ങേയറ്റം നിരാശാജനകമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. എഫ്.ഐ.ആറിൽ പ്രതിയുടെ പേര് ആദ്യം ഒഴിവാക്കാനും പിന്നീട് സൗകര്യപ്രദമായി ചേർക്കാനുമുണ്ടായ സാഹചര്യം വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകാനും കോടതി കർശന നിർദേശം നൽകിയിരുന്നു....

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഏകാധിപത്യരീതിയിൽ മുന്നോട്ടുപോകുന്ന ഭരണകൂടത്തിനും പോലീസിനുമേൽ നീതിന്യായ സംവിധാനങ്ങൾ അടിക്കുന്ന കനത്ത പ്രഹരമാണിത്. ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽപ്പറത്തുന്ന ഇത്തരം നീതികേടുകൾക്കെതിരെ കോടതികൾ ശക്തമായി പ്രതികരിക്കുന്നത്, യു.പിയിലെ യഥാർത്ഥ ഭരണകൂട ഭീകരതയെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User