രണ്ട് TVK എംഎൽഎമാർ വിവാദത്തിൽ; പ്രതിരോധത്തിലായി വിജയ് സർക്കാർ

വനിതാ കളക്ടർക്ക് അശ്ലീല സന്ദേശമയച്ചെന്ന ആരോപണവും വോട്ടറെ മർദിച്ചെന്ന പരാതിയും ഉയർന്നതോടെ രണ്ട് TVK എംഎൽഎമാർക്കെതിരെ വിവാദം ശക്തമായി; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി വിജയ്.

Nov 11, 2026 - 10:07
Updated: 8 minutes ago
0
രണ്ട് TVK എംഎൽഎമാർ വിവാദത്തിൽ; പ്രതിരോധത്തിലായി വിജയ് സർക്കാർ

ഭരണപക്ഷത്തെ രണ്ട് എംഎൽഎമാർ നേരിടുന്ന ഗുരുതര ആരോപണങ്ങൾ ഒരു സർക്കാരിനെയും അതിനെ നയിക്കുന്ന പാർട്ടിയേയും വൻ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരു എംഎൽഎ വനിതാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണം നേരിടുമ്പോൾ, ഡെപ്യൂട്ടി സ്പീക്കർ തന്റെ വോട്ടറെ മർദിച്ചെന്നാണ് പരാതി വന്നിരിക്കുന്നത്. സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ ഈ നടപടിയിൽ നാണംകെട്ട് നിൽക്കുകയാണ് മുഖ്യമന്ത്രി. പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. സംഭവം വലിയ വിവാദമായതോടെ എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുകയാണ് മുഖ്യമന്ത്രി.

നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാട്ടിലാണ് രണ്ട് TVK എംഎൽഎമാർ സ്വന്തം മുഖ്യമന്ത്രിയെ വിവാദത്തിലാക്കിയത്. നമുക്കറിയാം, ഇന്ത്യൻ രാഷ്ട്രീയത്തെ അത്ഭുതപ്പെടുത്തിയാണ് TVK ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഭരണം പിടിച്ചത്. രൂപം കൊണ്ടിട്ട് ഏതാണ്ട് രണ്ട് വർഷത്തിനുള്ളിൽ TVK എന്ന പാർട്ടി കൈവരിച്ച നേട്ടം അമ്പരപ്പിക്കുന്നതായിരുന്നു. അധികാരത്തിലേറി ആറ് മാസം പൂർത്തിയായിരിക്കുകയാണ് ജോസഫ് വിജയ് സർക്കാർ. കേരളത്തിലെ പോലെ തന്നെ ഒട്ടേറെ ജനകീയ പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കി സർക്കാർ മുന്നോട്ടുപോവുകയാണ്. അതിനിടയിലാണ് ഇപ്പോൾ രണ്ട് ഗുരുതര വിഷയങ്ങൾ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കിയത്. മണ്ഡലത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ കാർത്തിക് കുമാർ എന്ന യുവാവിനെ മർദിച്ചു എന്നാണ് ഡെപ്യൂട്ടി സ്പീക്കർ കൂടിയായ TVK എംഎൽഎ എം. രവിശങ്കറിനെതിരെ ഉയർന്നിരിക്കുന്ന പരാതി.

ഇതിനേക്കാൾ ഗുരുതരമാണ് കള്ളക്കുറിച്ചി എംഎൽഎ സി. അരുൾ വിഗ്നേഷിനെതിരെ ഉയർന്നിരിക്കുന്നത്. വനിതാ കളക്ടർക്ക് എംഎൽഎ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നാണ് ആരോപണം. എന്നാൽ എംഎൽഎ ഇത് നിഷേധിക്കുകയാണ്. TVK ഈ വിഷയത്തിൽ പാർട്ടിതല അന്വേഷണം നടത്തുന്നുണ്ട്. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് രണ്ടും. ഒരു സാധാരണ മനുഷ്യൻ മുതൽ ജില്ലാ ഭരണാധികാരിയായ വനിതയ്ക്ക് വരെ TVK എംഎൽഎമാരിൽ നിന്ന് ഉണ്ടാകുന്ന ദുരനുഭവങ്ങളായാണ് ഇവയെ വിലയിരുത്തുന്നത്. അത് മുഖ്യമന്ത്രി വിജയ്‌ക്ക് ഉണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. ഇതിനോടകം DMK ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഇത് ആയുധമാക്കിക്കഴിഞ്ഞു. തമിഴ്നാട്ടിലെ ക്രമസമാധാന നില ICUവിലാണെന്ന എം.കെ. സ്റ്റാലിന്റെ വിമർശനം വെറുതെയല്ല. ഒരു ദിവസം 17 കൊലപാതകങ്ങൾ നടന്നത് കൂടി ചൂണ്ടിക്കാട്ടിയാണ് വിമർശനം. പാർട്ട് ടൈം മുഖ്യമന്ത്രിക്ക് ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണ് മുൻ മുഖ്യമന്ത്രിയുടെ ആക്ഷേപം. AIADMKയും AMMKയും എല്ലാം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചാണ് വിമർശനം ഉന്നയിക്കുന്നത്.

ഈ രണ്ട് വിഷയങ്ങളും സംസ്ഥാനത്തെ ആകെ പിടിച്ചുലച്ചിട്ടുണ്ട്. ഇതോടെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പാർട്ടി എംഎൽഎമാരുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ രണ്ട് വിഷയങ്ങളും വിശദമായി ചർച്ച ചെയ്യും. എംഎൽഎമാർക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച് കർശന നിർദേശം നൽകാനാണ് നീക്കം. അച്ചടക്കം സംബന്ധിച്ചും ജനങ്ങളോടുള്ള പെരുമാറ്റത്തിലും കൃത്യമായ മാർഗനിർദേശം വേണമെന്നാണ് പല നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. പാർട്ടി എന്ന നിലയിൽ കൃത്യമായ ചട്ടക്കൂടോ സംഘടനാ സംവിധാനമോ അച്ചടക്കമോ ഒന്നും ഇല്ലാത്തത് TVKയെ സംബന്ധിച്ച് ശരിക്കും ഒരു പോരായ്മയാണ്. അതിന് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User