ഫണ്ട് ശേഖരണത്തിന് വീടുകൾ കയറാൻ ഒരുങ്ങി സിപിഎം; സർക്കാരിനെതിരായ പ്രചാരണവും ലക്ഷ്യം

സംഘടനാ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണത്തോടൊപ്പം സർക്കാരിന്റെ നടപടികൾ ജനങ്ങളിലെത്തിക്കാനും സ്ക്വാഡുകൾ വീടുകളിലെത്തും

Aug 17, 2026 - 10:10
0
ഫണ്ട് ശേഖരണത്തിന് വീടുകൾ കയറാൻ ഒരുങ്ങി സിപിഎം; സർക്കാരിനെതിരായ പ്രചാരണവും ലക്ഷ്യം

തിരുവനന്തപുരം: സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണവും സംഘടനാ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണവും ലക്ഷ്യമിട്ട് സിപിഎം വീണ്ടും ഗൃഹസന്ദർശനം നടത്തുന്നു. സെപ്റ്റംബറിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ലക്ഷ്യങ്ങളും തീരുമാനങ്ങളും വീടുകളിലെത്തുന്ന സ്ക്വാഡുകൾ വിശദീകരിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണം നടത്തിയതിന് പിന്നാലെയാണ് സംഘടനാ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണം ആരംഭിച്ചത്. വെള്ളപ്പൊക്കബാധിത ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും ഫണ്ട് ശേഖരണത്തിന് സാവകാശം അനുവദിച്ചിട്ടുണ്ട്.

പുതിയ സർക്കാർ സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതും ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്ന സംവിധാനം പിൻവലിക്കാൻ നീക്കം നടത്തുന്നതുമടക്കമുള്ള വിഷയങ്ങൾ ജനങ്ങളോട് വിശദീകരിക്കാനാണ് സ്ക്വാഡുകൾക്ക് നിർദേശം.

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബ്രാഞ്ച് തലത്തിൽ അനുഭാവി യോഗങ്ങൾ ഉൾപ്പെടെ നടത്തിയതിനാൽ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വീണ്ടും വിശദീകരണം നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഗൃഹസന്ദർശനത്തിനിടെ രാഷ്ട്രീയ വിഷയങ്ങളിൽ ജനങ്ങളുമായി തർക്കത്തിൽ ഏർപ്പെടരുതെന്നും പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User