റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ.കോളി; പാലക്കാട് ജങ്ഷനും പട്ടികയിൽ
വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിൽ ബാക്ടീരിയ സാന്നിധ്യം; 512 സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ 458 ഇടങ്ങളിലും സൗകര്യങ്ങളുടെ കുറവ്
ന്യൂഡൽഹി: രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ലഭ്യമാക്കുന്ന കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. വാട്ടർ കൂളറുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ ശുചിത്വനിലവാരത്തിലും വീഴ്ചകൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ദക്ഷിണ റെയിൽവേയ്ക്ക് കീഴിലുള്ള കോയമ്പത്തൂർ, പാലക്കാട് ജങ്ഷൻ സ്റ്റേഷനുകളിൽനിന്നുള്ള വാട്ടർ കൂളർ വെള്ളത്തിന്റെ സാമ്പിളുകളിലാണ് ഇ.കോളി ബാക്ടീരിയ കണ്ടെത്തിയത്. ഹൈദരാബാദ്, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല, മധുപൂർ തുടങ്ങിയ സ്റ്റേഷനുകളിലെ സാമ്പിളുകളിലും ഇ.കോളിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഇ.കോളിയുടെ ചില വകഭേദങ്ങൾ ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കത്തിനും ഗുരുതരമായ സാഹചര്യങ്ങളിൽ വൃക്കത്തകരാറിനും കാരണമാകാമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി 512 നോൺ-സബർബൻ ഗ്രേഡ് സ്റ്റേഷനുകളിലാണ് ഓഡിറ്റിന്റെ ഭാഗമായി പരിശോധന നടത്തിയത്. 2022-23 കാലയളവിൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിൽനിന്നും 2023-24ൽ ഒൻപത് സോണുകളിലെ 56 സ്റ്റേഷനുകളിൽനിന്നും പ്ലാറ്റ്ഫോമുകളിലെ ടാപ്പുകളിൽ ശേഖരിച്ച വെള്ളത്തിലും ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി സി.എ.ജി വ്യക്തമാക്കി.
യാത്രക്കാർക്ക് ആവശ്യമായ കുടിവെള്ളം, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി റെയിൽവേ ബോർഡ് വിവിധ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ഓഡിറ്റ് നടത്തിയത്.
പരിശോധിച്ച 512 സ്റ്റേഷനുകളിൽ 458 ഇടങ്ങളിലും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കുറവുകളുണ്ടെന്നും സി.എ.ജി റിപ്പോർട്ട് വ്യക്തമാക്കുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)