പ്രേതകഥയിൽ ഭയന്ന് 600 പേർ; പരിശോധനയിൽ കണ്ടെത്തിയത് മറ്റൊരു സത്യം

മഹാരാഷ്ട്രയിലെ ഗോത്രവർഗ സ്കൂളിൽ ‘പ്രേതബാധ’യെന്ന ഭീതിയെ തുടർന്ന് 600ഓളം വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടെങ്കിലും, സംഭവത്തിന് പിന്നിൽ മാനസിക സമ്മർദ്ദമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

Aug 17, 2026 - 10:32
0
പ്രേതകഥയിൽ ഭയന്ന് 600 പേർ; പരിശോധനയിൽ കണ്ടെത്തിയത് മറ്റൊരു സത്യം

അമരാവതി: ഒരു രാത്രി കേട്ട പാദസരത്തിന്റെ ശബ്ദം... പിന്നാലെ അസ്വാഭാവികമായി പെരുമാറിയ നാല് പെൺകുട്ടികൾ... ഒടുവിൽ ‘പ്രേതബാധ’യെന്ന് ഭയന്ന്  600ഓളം വിദ്യാർഥികളാണ് ഹോസ്റ്റൽ വിട്ടത്. മഹാരാഷ്ട്രയിലെ ഒരു ഗോത്രവർഗ സ്കൂളിലാണ് ഈ വിചിത്രമായ സംഭവം നടന്നിരിക്കുന്നത്.  എന്നാൽ, ഈ സംഭവത്തിന് പിന്നിൽ പ്രേതമോ ആത്മാവോ ഒന്നുമല്ലയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അമരാവതി ജില്ലയിലെ ചിക്കൽദാര താലൂക്കിലെ ഡോമ ഗ്രാമത്തിലുള്ള റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഏകദേശം 810 വിദ്യാർഥികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. ജൂലൈ 22 ന് ഹോസ്റ്റലിലെ നാല് പെൺകുട്ടികൾ പെട്ടന്ന് നിയന്ത്രണമില്ലാതെ കരയാനും ചിരിക്കാനും തുടങ്ങി. ഇതേ തുടർന്ന് ഹോസ്റ്റലിൽ പ്രേതബാധയുണ്ടെന്ന കഥകൾ പ്രചരിക്കാൻ തുടങ്ങി. കൂടാതെ, ചില കുട്ടികൾ രാത്രിയിൽ പാദസരത്തിന്റെ ശബ്ദം കേട്ടതായും പറഞ്ഞതോടെ ഭീതി കൂടുതൽ ശക്തമായി. ഇതോടെ പല കുട്ടികളും ഹോസ്റ്റൽ ഉപേക്ഷിക്കാൻ തുടങ്ങി. ഇതിനു പിന്നാലെ പല കഥകളാണ് പടരുന്നത്. സ്കൂൾ വളപ്പിലുണ്ടായിരുന്ന മഹുവ മരം മുറിച്ചുമാറ്റിയതോടെ അതിൽ താമസിച്ചിരുന്ന ആത്മാക്കൾ കോപിച്ചുവെന്നാണ് ചിലരുടെ വിശ്വാസം. സ്കൂളിലെ ഡ്രെയിനേജ് പൈപ്പുകൾ സമീപത്തെ ക്ഷേത്രത്തിന് അരികിലൂടെ കടന്നുപോകുന്നതാണ് ദൈവകോപത്തിന് കാരണമെന്ന വാദവും ഉയർന്നു. അതേസമയം, സമീപത്തെ പാടത്ത് മരിച്ച ഒരു യുവാവിന്റെ ആത്മാവാണ് വിദ്യാർഥികളെ ഭയപ്പെടുത്തുന്നതെന്ന പ്രചാരണവും ശക്തമാകുന്നുണ്ട്. 

എന്നാൽ, ആരോഗ്യവിദഗ്ധർ നടത്തിയ പരിശോധനയിൽ അമാനുഷികമായ യാതൊന്നും കണ്ടെത്തിയില്ല. മാനസിക സമ്മർദ്ദവും ഭയവും കൂട്ടമായി പടരുന്നതിന്റെ ഭാഗമായി ഉണ്ടായ ‘സെലക്ടീവ് ഹിസ്റ്റീരിയ’ പോലുള്ള അവസ്ഥയായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് അധികൃതരുടെ നിഗമനം. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ശാസ്ത്രീയമായ കാഴ്ചപ്പാട് നൽകുന്നതിനായി മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമ്മൂലൻ സമിതി പ്രവർത്തകരും സ്ഥലത്തെത്തി കൗൺസിലിങ് നടത്തി. ഒപ്പം, വിദ്യാർഥികൾ ഭയപ്പെടേണ്ടതില്ലെന്നും പഠനം പുനരാരംഭിക്കണമെന്നും അമരാവതി എംപി ബൽവന്ത് വാങ്കഡെ അഭ്യർഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User