അമുൽ പാലിന്റെ വില മോദി കുറയ്ക്കട്ടെ; പിന്നാലെ നന്ദിനിയുടെയും വില കുറയ്ക്കാം: ഡി.കെ. ശിവകുമാർ
ക്ഷീരകർഷകരുടെ താൽപര്യം സംരക്ഷിക്കാനാണ് വിലവർധന; വിമർശിക്കുന്നവർ കർഷകരുടെ പ്രയാസങ്ങൾ മനസ്സിലാക്കണമെന്ന് കർണാടക മുഖ്യമന്ത്രി.
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി അമുൽ പാലിന്റെ വില കുറയ്ക്കുകയാണെങ്കിൽ കർണാടകയിൽ നന്ദിനി പാലിന്റെ വിലയും കുറയ്ക്കാമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നന്ദിനി പാലിന്റെ വിലവർധനയെച്ചൊല്ലിയുള്ള ബി.ജെ.പി വിമർശനങ്ങൾക്ക് മറുപടിയായാണ് ശിവകുമാറിന്റെ പ്രതികരണം.
നന്ദിനി പാലിന്റെ വില വർധിപ്പിച്ചത് ക്ഷീരകർഷകരുടെ താൽപര്യം സംരക്ഷിക്കാനും അവരുടെ വരുമാനം മെച്ചപ്പെടുത്താനുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിലവർധനയെ വിമർശിക്കുന്നവർ പാൽ ഉൽപാദന മേഖലയിലെ കർഷകർ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ മനസ്സിലാക്കണമെന്നും ശിവകുമാർ പറഞ്ഞു.
അമുൽ പാലിന് ലിറ്ററിന് ഏകദേശം 62 രൂപ വിലയുള്ളപ്പോൾ നന്ദിനി പാലിന് അതിനേക്കാൾ കുറഞ്ഞ വിലയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമുൽ കർഷകർക്ക് ലിറ്ററിന് 61–62 രൂപ ലഭിക്കുമ്പോൾ കർണാടകയിലെ ക്ഷീരകർഷകർക്ക് ലഭിക്കുന്നത് 54 രൂപ മാത്രമാണ്. പശുവളർത്തൽ, കാലിത്തീറ്റ, മരുന്നുകൾ, പാൽ ഉൽപാദനം എന്നിവയ്ക്കുള്ള ചെലവുകൾ പരിഗണിക്കുമ്പോൾ കർഷകർക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ ഒന്നുമുതലാണ് കർണാടകയിൽ നന്ദിനി പാലിന്റെ വില ലിറ്ററിന് എട്ട് രൂപ വർധിപ്പിച്ചത്. ഇതിൽ ഏഴ് രൂപ നേരിട്ട് ക്ഷീരകർഷകർക്ക് നൽകുന്നതിനും ഒരു രൂപ പാൽ യൂണിയനുകളുടെ പ്രവർത്തനച്ചെലവുകൾക്കുമായാണ് നീക്കിവെച്ചിരിക്കുന്നത്. വിലവർധനയിലൂടെ കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ ഏകദേശം 25 ലക്ഷം കർഷകർ ക്ഷീരോൽപാദക സഹകരണ സംഘങ്ങളിൽ അംഗങ്ങളാണ്. സഹകരണ സ്ഥാപനങ്ങളാണ് കർഷകരുടെ ഉപജീവനത്തിന്റെ നട്ടെല്ലെന്നും അവയെ ശക്തിപ്പെടുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാർ പറഞ്ഞു.
കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ നന്ദിനി പാലിന്റെ വിലവർധനക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് അമുൽ പാലിന്റെ വില കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടുകൊണ്ട് ശിവകുമാർ രംഗത്തെത്തിയത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)