52 കുട്ടികൾക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം; ശിശുദിനത്തിൽ വിതരണം ചെയ്യും

കല, കായികം, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് അംഗീകാരം; ഓരോ കുട്ടിക്കും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും

Nov 12, 2026 - 08:26
0
52 കുട്ടികൾക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം; ശിശുദിനത്തിൽ വിതരണം ചെയ്യും

തിരുവനന്തപുരം: വിവിധ മേഖലകളിൽ അസാധാരണമായ കഴിവും മികവും തെളിയിച്ച 52 കുട്ടികൾക്ക് ഉജ്ജ്വലബാല്യം പുരസ്‌കാരം. വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ 2025ലെ പുരസ്‌കാരത്തിനാണ് സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി 52 കുട്ടികളെ തെരഞ്ഞെടുത്തത്. വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.

കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, വിവരസാങ്കേതികവിദ്യ, കൃഷി, മാലിന്യസംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പനിർമാണം, അസാമാന്യ ധൈര്യം പ്രകടിപ്പിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളാണ് പുരസ്‌കാരത്തിന് അർഹരായത്.

ആറ് മുതൽ 11 വയസ്സുവരെയും 12 മുതൽ 18 വയസ്സുവരെയും പ്രായമുള്ള കുട്ടികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. പൊതുവിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലും പ്രത്യേകം പുരസ്‌കാരങ്ങളുണ്ട്. ഓരോ ജില്ലയിൽ നിന്നും പരമാവധി നാലു കുട്ടികളെയാണ് തെരഞ്ഞെടുത്തത്. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിശ്ചയിച്ചത്.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും

ഓരോ പുരസ്‌കാരത്തിനും 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ശിശുദിനാഘോഷ ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

കുട്ടികളുടെ കഴിവുകൾക്ക് അംഗീകാരം നൽകുന്നതിനും ആത്മവിശ്വാസവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുരസ്‌കാരം ഏർപ്പെടുത്തിയതെന്ന് മന്ത്രി പറഞ്ഞു. സാമൂഹികമോ സാമ്പത്തികമോ ശാരീരികമോ ആയ പരിമിതികൾ കുട്ടികളുടെ പ്രതിഭയ്ക്ക് തടസ്സമാകരുതെന്നും തുല്യ അവസരങ്ങളും പ്രോത്സാഹനവും ലഭിച്ചാൽ ഓരോ കുട്ടിക്കും മികവ് തെളിയിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ശിശുദിനത്തിൽ പ്രസംഗമത്സരവും കലാപരിപാടികളും

നവംബർ 14ന് തിരുവനന്തപുരത്തെ ഡി.പി.ഐ ജംഗ്ഷനിലുള്ള ജവഹർ സഹകരണ ഭവനിലാണ് ശിശുദിനാഘോഷം. യു.പി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പ്രസംഗമത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്കാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം. വിജയികൾക്ക് ചാച്ചാ നെഹ്റു മെമ്മോറിയൽ ട്രോഫി, സർട്ടിഫിക്കറ്റ്, ക്യാഷ് പ്രൈസ് എന്നിവ നൽകും.

കുട്ടികളുടെ സുരക്ഷയ്ക്ക് കുടുംബ സുസ്ഥിരതാ മാപ്പിംഗ്

കുട്ടികൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും തടയുന്നതിനായി അപകടസാധ്യതയുള്ള സാഹചര്യങ്ങൾ മുൻകൂട്ടി കണ്ടെത്തി സംരക്ഷണം ഉറപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കും. ഇതിനായി സംസ്ഥാനവ്യാപകമായി കുടുംബ സുസ്ഥിരതാ മാപ്പിംഗ് നടപ്പാക്കും.

പോഷകാഹാരക്കുറവ്, അവഗണന, കുടുംബത്തിലെ അതിക്രമങ്ങൾ, ബാലവേല, ബാലഭിക്ഷാടനം, പഠനം ഉപേക്ഷിക്കൽ, ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഓൺലൈൻ ചൂഷണം തുടങ്ങിയ അപകടസാധ്യതകൾ നേരിടുന്ന കുട്ടികളെ നേരത്തേ കണ്ടെത്തി സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുകയാണ് ലക്ഷ്യം.

സ്കൂളുകൾ, അങ്കണവാടികൾ, തദ്ദേശസ്ഥാപനങ്ങൾ, ആരോഗ്യപ്രവർത്തകർ, പോലീസ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. വനിതാ ശിശു വികസനം, ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകൾ സംയുക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User