റോഡ് സുരക്ഷ ഉറപ്പാക്കണം; ദേശീയപാതകളിൽ പ്രത്യേക നിരീക്ഷണ സംഘങ്ങൾക്ക് ഹൈക്കോടതി നിർദേശം
ദേശീയപാതകളിലെ റോഡ് സുരക്ഷ ശക്തമാക്കാൻ ഒരു മാസത്തിനകം നടപടി സ്വീകരിക്കണമെന്നും ഓരോ 50 കിലോമീറ്ററിലും പ്രത്യേക ഹൈവേ നിരീക്ഷണ സംഘങ്ങളെ നിയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
തൃശ്ശൂർ: ദേശീയപാതകളിലെ റോഡ് സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ഒരു മാസത്തിനുള്ളിൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദേശം. ദേശീയപാതകളിൽ 50 കിലോമീറ്റർ ഇടവിട്ട് പ്രത്യേക നിരീക്ഷണ സംഘങ്ങളെ വിന്യസിക്കണമെന്നും കോടതി നിർദേശിച്ചു.പോലീസിലെയും മോട്ടോർ വാഹന വകുപ്പിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിക്കുന്ന പ്രത്യേക ഹൈവേ സ്‌ക്വാഡുകൾക്കായിരിക്കും റോഡുകളിലെ സുരക്ഷാ പരിശോധനയുടെ ചുമതല. അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനൊപ്പം നിയമലംഘനങ്ങൾ പരിശോധിക്കുകയും റോഡ് സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഈ സംഘങ്ങളായിരിക്കും.
സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നുവെന്നാരോപിച്ച് ചാലക്കുടി സ്വദേശി അഡ്വ. ക്ലമൻസ് തൊട്ടാപ്പിള്ളി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിനുള്ള പ്രധാന ഉത്തരവാദിത്വവും കോടതി ചൂണ്ടിക്കാട്ടി.അതിനിടെ, ദേശീയപാതകളിൽ മുഴുവൻ സമയ പരിശോധന നടത്താൻ ആവശ്യമായ ജീവനക്കാരുടെ കുറവ് മോട്ടോർ വാഹന വകുപ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 722 യൂണിഫോം തസ്തികകൾ പുതുതായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഗതാഗതവകുപ്പിന് കത്ത് നൽകിയിരുന്നു.സംസ്ഥാനത്ത് നിലവിലുള്ള എൻഫോഴ്‌സ്‌മെന്റ് സംവിധാനത്തിന്റെ പരിമിതികളും ഇതോടെ വീണ്ടും ചർച്ചയാകുകയാണ്. 'ശബരിമല സേഫ് സോൺ' മാതൃകയിൽ സംസ്ഥാനമാകെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി 2018-ൽ ആരംഭിച്ച 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി 85 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് രൂപീകരിച്ചത്.
ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും അടങ്ങുന്നതാണ് ഓരോ സ്‌ക്വാഡും. 24 മണിക്കൂറും പരിശോധന ഉറപ്പാക്കാൻ മൂന്ന് ഷിഫ്റ്റുകളിലായി ഇവരുടെ സേവനം വിന്യസിക്കാനായിരുന്നു പദ്ധതി. എന്നാൽ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭിക്കാത്തതിനാൽ ഒരു ഷിഫ്റ്റിലേക്ക് മാത്രമാണ് നിലവിൽ ജീവനക്കാരെ നിയോഗിക്കാൻ സാധിച്ചിട്ടുള്ളത്. 85 സ്‌ക്വാഡുകളിലായി ഇപ്പോൾ ആകെ 269 ഉദ്യോഗസ്ഥരാണ് പ്രവർത്തിക്കുന്നത്. ആവശ്യമായ ജീവനക്കാരുടെ എണ്ണവും നിലവിലുള്ള സംവിധാനവും തമ്മിലുള്ള വലിയ അന്തരമാണ് ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വെല്ലുവിളിയായി ഉയരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)