കേരളം ഇനി ക്യാമറക്കണ്ണിൽ; കുറ്റവാളികളെ പൂട്ടാൻ ഓരോ ജില്ലയിലും 5000 സി.സി.ടി.വി. ക്യാമറകൾ!
ലഹരി മാഫിയകൾക്കും ഗുണ്ടാസംഘങ്ങൾക്കും പിടിവീഴും; തൂഫാൻ രണ്ടാംഘട്ടത്തിൽ പൊതുജന പങ്കാളിത്തത്തോടെ നിരീക്ഷണം ശക്തമാക്കാൻ പോലീസ്.
കണ്ണൂർ: ലഹരി മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും പ്രവർത്തനങ്ങൾ തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ വേഗത്തിൽ പിടികൂടുന്നതിനുമായി സംസ്ഥാനത്ത് സി.സി.ടി.വി. നിരീക്ഷണം വ്യാപിപ്പിക്കാൻ പോലീസ് നടപടി ആരംഭിക്കുന്നു. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണത്തോടെ നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനാണ് തീരുമാനം. തൂഫാൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പദ്ധതി നടപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.
ഓരോ ജില്ലയിലും കുറഞ്ഞത് 5000 സി.സി.ടി.വി. ക്യാമറകളെങ്കിലും സ്ഥാപിക്കാനാണ് ആലോചന. വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, പ്രധാന റോഡുകൾ തുടങ്ങിയ ഇടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നതിന് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും.
ഇതിനായി ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി ബോധവത്കരണം നടത്തും. ക്യാമറകൾ സ്ഥാപിക്കുമ്പോൾ കുറഞ്ഞത് ഒരെണ്ണമെങ്കിലും പൊതുനിരത്തിലേക്ക് അഭിമുഖമായി ക്രമീകരിക്കണമെന്നാണ് നിർദേശം. ഇതിലൂടെ സ്ഥാപനങ്ങളുടെയും വീടുകളുടെയും സുരക്ഷയ്ക്കൊപ്പം പൊതുസ്ഥലങ്ങളിലെ നിരീക്ഷണവും ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഗുണ്ടാ ആക്രമണങ്ങൾ, കവർച്ചകൾ, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നാൽ സമീപത്തെ ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ അന്വേഷണത്തിന് നിർണായകമാകുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പ്രതികളുടെ സഞ്ചാരപാത കണ്ടെത്താനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ തിരിച്ചറിയാനും ദൃശ്യങ്ങൾ സഹായകമാകും.
അതേസമയം, മുൻകാലങ്ങളിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച നിരവധി ക്യാമറകൾ കൃത്യമായ അറ്റകുറ്റപ്പണികളില്ലാതെ പ്രവർത്തനരഹിതമായത് പുതിയ പദ്ധതിക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. സ്ഥാപിക്കുന്ന ക്യാമറകളുടെ തുടർപരിപാലനവും പ്രവർത്തനക്ഷമതയും ഉറപ്പാക്കേണ്ടതുണ്ട്.
പൊതുജന പങ്കാളിത്തത്തോടെ വിപുലമായ നിരീക്ഷണശൃംഖല സൃഷ്ടിച്ച് കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം അന്വേഷണങ്ങൾ കൂടുതൽ വേഗത്തിലാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)