കോഴഞ്ചേരി പാലം വിവാദം: വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി; 'ചെറുനുണകൾക്ക് ഊതിയാൽ തെറിക്കുന്ന മൂക്കല്ല എന്റേത്'

2018ൽ തുടങ്ങിയ പാലത്തിന്റെ അവസാനഘട്ട നിർമാണവും അപ്രോച്ച് റോഡുകളും പൂർത്തിയാക്കിയത് താൻ എം.എൽ.എയായ ശേഷമെന്ന് വിശദീകരണം; നവംബർ 15ന് നടക്കുന്ന ഉദ്ഘാടനത്തിലേക്ക് എല്ലാവരെയും ക്ഷണിച്ചു.

Nov 14, 2026 - 07:12
0
കോഴഞ്ചേരി പാലം വിവാദം: വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി; 'ചെറുനുണകൾക്ക് ഊതിയാൽ തെറിക്കുന്ന മൂക്കല്ല എന്റേത്'

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മന്ത്രി വീണാ ജോർജിന് ശക്തമായ മറുപടിയുമായി അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും വസ്തുതകൾ നിരത്തിയാണ് അദ്ദേഹം മറുപടി നൽകിയത്.

പാലത്തിന്റെ ഉദ്ഘാടനം ഒരു നാടിന്റെ ഉത്സവമായി മാറണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എല്ലാവരും ഒരുമിച്ചുനിന്ന് ഉദ്ഘാടനം ചെയ്യണമെന്നുമാണ് വിഭാവനം ചെയ്തിരുന്നതെന്നും അബിൻ വർക്കി പറഞ്ഞു. എന്നാൽ ഇതിലും വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ മാർച്ചിൽ പാലത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും ഇതുവരെ ഒരു സൈക്കിളിന് പോലും പാലത്തിലൂടെ കടന്നുപോകാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ എം.എൽ.എയായ ശേഷം പാലവുമായി ബന്ധപ്പെട്ട് യാതൊരു പ്രവർത്തനവും നടന്നിട്ടില്ലെന്ന വിമർശനവും അദ്ദേഹം തള്ളി.

2018ൽ ആരംഭിച്ച പാലത്തിന്റെ നിർമാണത്തിന്റെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കിയത് താൻ ജനപ്രതിനിധിയായ ശേഷമാണെന്ന് അബിൻ വർക്കി വ്യക്തമാക്കി. പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കുകയും ഇരുവശങ്ങളിലെയും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു.

എം.എൽ.എയായ ശേഷം ജൂൺ ആദ്യം മാധ്യമപ്രവർത്തകരെയും ജനപ്രതിനിധികളെയും കൂട്ടി പാലം സന്ദർശിച്ച കാര്യവും അദ്ദേഹം ഓർമിപ്പിച്ചു. അന്ന് റോഡിന്റെയും പാലത്തിന്റെയും ഡ്രൈനേജിന്റെയും അവസ്ഥ നേരിട്ട് പരിശോധിച്ചിരുന്നു. പരാതിയെ തുടർന്ന് ഒരു വശത്തെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യവുമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

തുടർച്ചയായ അവലോകന യോഗങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് മാരാമൺ കൺവെൻഷന് മുമ്പ് എന്നതിലുപരി ശബരിമല സീസണിന് മുമ്പുതന്നെ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

'ചെറുനുണകൾ പറഞ്ഞ് ഊതിയാൽ തെറിക്കുന്ന മൂക്കോ കഴുത്തോ അല്ല എന്റേത്' എന്ന പരിഹാസത്തോടെയാണ് അബിൻ വർക്കി വിമർശകർക്ക് മറുപടി നൽകിയത്. നവംബർ 15ന് നടക്കുന്ന പാലം ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാവരെയും അദ്ദേഹം സ്വാഗതം ചെയ്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User