കോവളത്തെ സ്പായിൽ പതിനാറുകാരിക്ക് ക്രൂരപീഡനം; ഒരു ദിവസം പീഡിപ്പിച്ചത് 15 പേർ വരെ, മനുഷ്യക്കടത്ത് കേസും

ഒരു വർഷത്തോളം നീണ്ട പീഡനമെന്ന് പെൺകുട്ടിയുടെ മൊഴി; സ്പാ സന്ദർശകരുടെ പട്ടിക തയ്യാറാക്കി പൊലീസ്, തിരിച്ചറിയൽ പരേഡിനൊരുങ്ങുന്നു

Oct 20, 2026 - 17:02
0
കോവളത്തെ സ്പായിൽ പതിനാറുകാരിക്ക് ക്രൂരപീഡനം; ഒരു ദിവസം പീഡിപ്പിച്ചത് 15 പേർ വരെ, മനുഷ്യക്കടത്ത് കേസും

കോവളം: കോവളത്തെ ഡ്രീംസ് സ്പായിൽ പതിനാറുകാരി നേരിട്ടത് ക്രൂരമായ ലൈംഗിക പീഡനമെന്ന് പൊലീസ്. ഒരു ദിവസം പതിനഞ്ചോളം പേർ വരെ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതായും തുടർച്ചയായ പീഡനത്തെ തുടർന്ന് സ്വകാര്യഭാഗങ്ങളിൽ അണുബാധയുണ്ടായതായും റിപ്പോർട്ടുകളുണ്ട്. പീഡനത്തിന് വഴങ്ങിയില്ലെങ്കിൽ മാതൃസഹോദരി ശരീരത്തിൽ തീകൊളുത്തി പൊള്ളലേൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പീഡനം നടന്ന മുറിക്ക് പുറത്ത് കാവലിനായി ആളെ നിയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബെംഗളൂരുവിലുള്ള യുവതി മുഖേന സ്പാ ഉടമ സജിത്താണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ ലൈംഗിക പീഡനത്തിനും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾക്കും പുറമെ മനുഷ്യക്കടത്ത് സംബന്ധിച്ച വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

ജൂലൈ മുതലുള്ള സ്പാ സന്ദർശകരുടെ പട്ടിക പൊലീസ് തയ്യാറാക്കിവരികയാണ്. പട്ടികയിലുള്ളവരെ പെൺകുട്ടിയെക്കൊണ്ട് തിരിച്ചറിയിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്. തിരിച്ചറിയൽ പരേഡിൽ പെൺകുട്ടി തിരിച്ചറിയുന്നവർക്കെതിരെ തെളിവുകളുടെ അടിസ്ഥാനത്തിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനാണ് നീക്കം.

പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ദിവസേന 5,000 രൂപ വരെ എത്തിയിരുന്നതായുള്ള വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് ഇടപാടുകൾ, ഇടപാടുകാരെ സ്പായിലെത്തിച്ച ഓട്ടോ ഡ്രൈവർമാരുടെ പങ്ക് എന്നിവയും അന്വേഷണവിധേയമാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

പെൺകുട്ടിയുടെ മാതൃസഹോദരി നാഗലക്ഷ്മിയുടെയും ഇവരുടെ ആൺസുഹൃത്ത് ഗോപിയുടെയും കോൾ ഡീറ്റെയിൽ റെക്കോർഡുകളും (സി.ഡി.ആർ) പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

ഏകദേശം ഒരു വർഷം മുമ്പാണ് പെൺകുട്ടിയെ കോവളത്ത് എത്തിച്ചതെന്നാണ് വിവരം. അച്ഛനും അമ്മയും മരിച്ചുപോയതിനെ തുടർന്ന് ജോലി ചെയ്യാനാണെന്ന് പറഞ്ഞാണ് നാഗലക്ഷ്മിയും ഇവരുടെ ആൺസുഹൃത്ത് ഗോപിയും ചേർന്ന് കുട്ടിയെ കോവളത്തേക്ക് അയച്ചതെന്നാണ് പെൺകുട്ടിയുടെ മൊഴി.

തുടർന്ന് പ്രതികളുമായി ബന്ധപ്പെട്ട സ്പാകളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഒരു വർഷത്തോളം പീഡനം നേരിടേണ്ടിവന്നതായി പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

പീഡനം സഹിക്കാനാകാതെ വന്നതോടെ സ്പായിൽ പരിചയപ്പെട്ട കാട്ടാക്കട സ്വദേശിയായ യുവാവിനൊപ്പം പെൺകുട്ടി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നാഗലക്ഷ്മിയും ഗോപിയും കോവളം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പാ ജീവനക്കാരായ സജിത്ത് കുമാർ, നിഷാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിലവിൽ റിമാൻഡിലാണ്.

കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പെൺകുട്ടിയെ പീഡിപ്പിച്ചവരെല്ലാം ആരൊക്കെയാണെന്നും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User