മലബാറിലെ ക്ഷേത്രങ്ങളിലെ ആചാര്യ സ്ഥാനികരുടെ പെൻഷൻ വർധിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ
മലബാറിന്റെ ആചാര-അനുഷ്ഠാന പാരമ്പര്യങ്ങൾ സംരക്ഷിക്കുന്ന ആചാര്യ സ്ഥാനികരുടെ ക്ഷേമം ഉറപ്പാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
മലബാറിലെ ക്ഷേത്രങ്ങളിലെ ആചാര്യ സ്ഥാനികരുടെ പെൻഷൻ വർധിപ്പിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ
പെരിയ: പെരിയ ചാണവളപ്പ് തറവാട് കുട്ടി വെളിച്ചപ്പാടന്റെ 23-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പെരിയ രാജ് അറീനയിൽ ആചാര സ്ഥാനിക സംഗമവും ചാണവളപ്പിൽ കുട്ടി വെളിച്ചപ്പാടൻ സ്മാരക പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സാഹിത്യ ശ്രേഷ്ഠ പുരസ്‌കാരം ഡോ. പി.വി. കൃഷ്ണൻ നായർക്കും ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം വിഷ്ണു പ്രസാദ് ഹെബ്ബാറിനും മുല്ലപ്പള്ളി രാമചന്ദ്രൻ സമ്മാനിച്ചു. 37 വർഷം ദൈവസന്നിധിയിൽ ഉപാസന നടത്തിയ കുട്ടി വെളിച്ചപ്പാടന്റെ ജീവിതവഴികൾ പരിചയപ്പെടുത്തുന്ന ഹ്രസ്വ ഡോക്യുമെന്ററിയും ചടങ്ങിൽ പ്രദർശിപ്പിച്ചു.
രാജൻ പെരിയ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ പെരിയ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സബിത, വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, സി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ആചാര സ്ഥാനികർ, വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹികൾ, ചാണവളപ്പ് കുടുംബാംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലബാറിലെ ക്ഷേത്രങ്ങളിലെ ആചാര്യ സ്ഥാനികർക്ക് ലഭിക്കുന്ന പെൻഷൻ തുക വർധിപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ആചാര-അനുഷ്ഠാന പാരമ്പര്യങ്ങൾ തലമുറകളായി സംരക്ഷിച്ചുപോരുന്ന സ്ഥാനികരുടെ ക്ഷേമം ഉറപ്പാക്കാൻ ജനപ്രതിനിധികൾ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരും എംഎൽഎമാരും വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പെൻഷൻ വർധനയ്ക്കായി ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിൽ ആചാര്യ സ്ഥാനികർ നിർണായക പങ്കാണ് വഹിക്കുന്നതെന്നും അവരുടെ ജീവിതസുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ഭാഷകളും സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഒത്തുചേരുന്ന സംഗമഭൂമിയാണ് കാസർകോടെന്ന് മുല്ലപ്പള്ളി പറഞ്ഞു. തെയ്യം, പുലിക്കളി, കൊറഗ പാരമ്പര്യങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒരേ സാമൂഹിക അന്തരീക്ഷത്തിൽ പരസ്പരം ചേർന്നുനിൽക്കുന്നതാണ് ജില്ലയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
കാസർകോടിന്റെ ചരിത്രത്തിൽ നൂറ്റാണ്ടുകളായി മനുഷ്യരെ ചേർത്തുനിർത്തിയ സ്‌നേഹത്തിന്റെയും സമന്വയത്തിന്റെയും പാരമ്പര്യം കാണാനാകുമെന്നും ജില്ലയിലെ അനുഷ്ഠാനങ്ങളുടെ വൈവിധ്യം ബഹുസ്വരതയുടെ ഉദാത്ത മാതൃകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തെയ്യംപാട്ടുകൾക്കൊപ്പം മാപ്പിള തെയ്യങ്ങൾ ഉൾപ്പെടെയുള്ള പാരമ്പര്യങ്ങൾ നിലനിൽക്കുന്നതും ഈ സാംസ്‌കാരിക സമന്വയത്തിന്റെ സവിശേഷതയാണെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)