ഡൽഹിയിൽ പറന്നിറങ്ങി സതീശൻ; കൈയിൽ നിർണായക ലിസ്റ്റ്, യുഡിഎഫ് പ്രതിസന്ധിയിൽ ഹൈക്കമാൻഡ് ഇടപെടൽ
അടൂർ പ്രകാശ് ഉയർത്തിയ വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെത്തി; യുഡിഎഫിലെ തർക്കങ്ങൾ പരിഹരിക്കാനും ബോർഡ്-കോർപ്പറേഷൻ വിഭജന ലിസ്റ്റ് കൈമാറാനും നീക്കം.
മുഖ്യമന്ത്രി വി.ഡി. സതീശനും അങ്ങനെ ഡൽഹിയിൽ പറന്നിറങ്ങിയിരിക്കുകയാണ്. ഇന്നലെ അർധരാത്രിയിൽ കൈയിൽ ഒരു ലിസ്റ്റുമായാണ് സതീശൻ വിമാനം കയറിയത്. ഇന്ന് ആ ലിസ്റ്റ് നേതൃത്വത്തിന് കൈമാറും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി യുഡിഎഫിൽ കൈക്കൊണ്ട നിർണായക തീരുമാനങ്ങളാണ് ആ ലിസ്റ്റിലുള്ളത്. അടൂർ പ്രകാശ് അടുത്തിടെ ഉയർത്തിവിട്ട വിവാദങ്ങളിൽ തന്റെ നിലപാട് പറയുക എന്ന ലക്ഷ്യവും സതീശന്റെ ഡൽഹി യാത്രയ്ക്കുണ്ട്. കോൺഗ്രസിൽ പൊടുന്നനെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാണ് ഹൈക്കമാൻഡ് നടത്തുന്നത്.മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കേരളത്തിൽ പാർട്ടി ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് ആഞ്ഞടിച്ച അടൂർ പ്രകാശ് ഇക്കാര്യം കഴിഞ്ഞ ദിവസം പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽക്കണ്ട് പരാതിയായി കൊടുത്തു. പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ് കൺവീനർ.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്നലെ ഖാർഗെയുമായി കേരളത്തിലെ വിഷയങ്ങൾ ചർച്ച നടത്തി. രാത്രിയോടെ മുഖ്യമന്ത്രി സതീശനും ചർച്ചകൾക്കായി ഡൽഹിയിലെത്തിയിട്ടുണ്ട്. മൂന്ന് നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായ ഭിന്നതകൾ വളരെ വേഗം പരിഹരിച്ച് ഒറ്റക്കെട്ടായി പോകാനുള്ള സാഹചര്യം ഒരുക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ ലക്ഷ്യം.പ്രശ്നപരിഹാരം താമസിക്കുന്തോറും അത് കൂടുതൽ വഷളാകുമെന്ന തിരിച്ചറിവാണ് ഉടനടി ഇടപെടാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചത്.പരാതി കൊടുക്കേണ്ടിടത്ത് കൊടുത്തിട്ടുണ്ടെന്നാണ് ഇന്നലെ ഖാർഗെയെ കണ്ടശേഷം അടൂർ പ്രകാശ് പറഞ്ഞത്. യുഡിഎഫ് കൺവീനറായ താനുമായി കൂടിയാലോചിക്കാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ എടുക്കുന്നതെന്നും പല കാര്യങ്ങളും വാർത്തകളിലൂടെയുമാണ് താൻ അറിയുന്നതെന്നുമാണ് അടൂർ പ്രകാശിന്റെ പരാതി.എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായും ജി. ദേവരാജനെ ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായും നിയമിച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെയായിരുന്നു വിമർശനം. ഈ തീരുമാനങ്ങൾ യുഡിഎഫ് കൂട്ടായെടുത്തതല്ല എന്നാണ് അടൂർ പ്രകാശ് പറഞ്ഞത്.

എന്നാൽ അടൂർ പ്രകാശ് ആർക്കും പരാതി നൽകിയിട്ടില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി വ്യക്തമാക്കിയിരിക്കുന്നത്.എന്തായാലും ഈ വിവാദങ്ങൾക്കിടയിൽ ബോർഡ്-കോർപ്പറേഷൻ വിഭജനം യുഡിഎഫിൽ പൂർത്തിയായിട്ടുണ്ട്. ഇന്നലെ ഈ ചർച്ച പൂർത്തിയാക്കി അതിന്റെ ലിസ്റ്റുമായാണ് സതീശൻ ഡൽഹിക്ക് വണ്ടി കയറിയത് എന്നാണ് വിവരം. ലിസ്റ്റ് ദീപാദാസ് മുൻഷിക്ക് കൈമാറും.മുസ്ലിം ലീഗിന് 20 ഉം കേരള കോൺഗ്രസിന് ഏഴും ആർഎസ്പിക്ക് മൂന്നും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാനാണ് ധാരണയായിരിക്കുന്നത്. മുന്നണിയിലെ മറ്റ് കക്ഷികൾക്കെല്ലാം ഓരോ സ്ഥാനങ്ങൾ നൽകും.അസോസിയേറ്റ് അംഗങ്ങളായ പി.വി. അൻവറിനും സി.കെ. ജാനുവിനും പദവി ലഭിക്കുമെന്നാണ് സൂചന. ഇരുവരോടും അടുത്ത ദിവസങ്ങളിൽ തന്നെ ചർച്ച നടക്കും.
പി.ജെ. ജോസഫിന് ക്യാബിനറ്റ് റാങ്കോടെ നിർണായക പദവി നൽകും. മന്ത്രിസ്ഥാനം നൽകാതിരുന്ന മാണി സി. കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവി നൽകാനാണ് തീരുമാനമായിരിക്കുന്നത്.ഭരണത്തിലേറി നാല് മാസത്തിന് ശേഷമാണ് വിഭജനം പൂർത്തിയായത് എന്നോർക്കണം. കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി ഘടകകക്ഷി നേതാക്കളുമായി നടത്തിയ മാരത്തൺ ചർച്ചയിലാണ് ധാരണ ഉണ്ടായത്.
എന്തായാലും അത് യുഡിഎഫിന് വലിയ ആശ്വാസമാണെന്നതിൽ തർക്കമില്ല.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)