കരുവന്നൂരിന് പിന്നാലെ വീണ്ടും സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്; സിപിഎം നിയന്ത്രണത്തിലുള്ള നന്തിപുലം ബാങ്കിൽ 4.25 കോടി രൂപയുടെ ക്രമക്കേട്
നിക്ഷേപകരുടെ പണം സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് കണ്ടെത്തൽ; പ്രസിഡന്റിന്റെ ഒടിപി നമ്പറിനു പകരം സ്വന്തം മൊബൈൽ നമ്പർ; ഓഡിറ്റ് പിടികൂടിയതോടെ പൊലീസിൽ പരാതി, ഒരു കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ചു
തൃശൂർ: സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ പണം എത്രത്തോളം സുരക്ഷിതമാണ്? സിപിഎം നിയന്ത്രണത്തിലുള്ള തൃശൂരിലെ നന്തിപുലം സർവീസ് സഹകരണ ബാങ്കിൽ പുറത്തുവന്ന 4.25 കോടി രൂപയുടെ തട്ടിപ്പ് ഈ ചോദ്യം വീണ്ടും ഉയർത്തുകയാണ്. ബാങ്കിന്റെ മുൻ സെക്രട്ടറി നിക്ഷേപ ഫണ്ടിൽനിന്ന് പണം വകമാറ്റി സ്വന്തം പേരിൽ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായാണ് ഓഡിറ്റ് പരിശോധനയിലെ കണ്ടെത്തൽ.
കഴിഞ്ഞ വർഷം മേയ് മുതൽ ജൂലൈ വരെയുള്ള മൂന്ന് മാസത്തിനിടെയാണ് പലതവണയായി പണം കൈമാറിയത്. ബാങ്കിന്റെ ഒടിപി സംവിധാനത്തിൽ പ്രസിഡന്റിന്റെ ഔദ്യോഗിക നമ്പറിനു പകരം സ്വന്തം മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്താണ് ഇടപാടുകൾ നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. നാല് കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനാണ് പണം ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ ഭാരവാഹി കൂടിയായിരുന്ന മുൻ സെക്രട്ടറി കഴിഞ്ഞ മാർച്ചിൽ സർവീസിൽനിന്ന് വിരമിച്ചിരുന്നു. വിരമിക്കലിന് ശേഷമാണ് ഓഡിറ്റ് പരിശോധനയിൽ തട്ടിപ്പ് പുറത്തുവന്നത്.
ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് ഭരണസമിതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടപ്പെട്ട 4.25 കോടി രൂപയും പലിശയും മുൻ സെക്രട്ടറിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി തിരിച്ചുപിടിക്കാനുള്ള നടപടികൾ സഹകരണ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുൻ സെക്രട്ടറിയുടെ പേരിൽ ബാങ്കിലുള്ള സ്വർണവും പണവുമായുള്ള ഏകദേശം ഒരു കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ചു.
അരനൂറ്റാണ്ടോളമായി സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നത് ഭരണസമിതിയുടെ മേൽനോട്ട സംവിധാനങ്ങളെയും പ്രതിക്കൂട്ടിലാക്കുന്നു. മൂന്ന് മാസത്തോളം നടന്ന കോടികളുടെ ഇടപാടുകൾ ആരും അറിഞ്ഞില്ലെന്നത് ഗുരുതരമായ ചോദ്യമാണ്. ഓഡിറ്റ് പിടികൂടിയ ശേഷമാണ് നടപടികളിലേക്ക് നീങ്ങിയതെന്നതും ശ്രദ്ധേയം.
കരുവന്നൂർ തട്ടിപ്പിന് പിന്നാലെ വീണ്ടും സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് പുറത്തുവരുമ്പോൾ ഉത്തരവാദിത്വം മുൻ സെക്രട്ടറിയിൽ മാത്രം ഒതുക്കാനാകില്ല. നിക്ഷേപകരുടെ മുഴുവൻ പണവും തിരിച്ചുപിടിക്കുകയും ഭരണപരമായ വീഴ്ചകൾ പരിശോധിച്ച് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിലെത്തിക്കുകയും വേണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)