ദസറയ്ക്കിടെ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

മുൻപും സമാന കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടയാൾ വീണ്ടും കുറ്റകൃത്യം ചെയ്തത് ജാമ്യത്തിലിരിക്കെ; വിധി മൈസൂരു അതിവേഗ കോടതി

Oct 18, 2026 - 14:38
0
ദസറയ്ക്കിടെ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

മൈസൂർ : ദസറ ആഘോഷങ്ങൾക്കിടെ കുടുംബത്തോടൊപ്പം ബലൂൺ വിൽക്കാനെത്തിയ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മൈസൂരു സിദ്ധലിംഗാപുര സ്വദേശി കാർത്തിക് (32) എന്നയാൾക്കാണ് മൈസൂരുവിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്.

2025 ഒക്ടോബർ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ദസറ ആഘോഷങ്ങളുടെ ഭാഗമായി ബലൂൺ വിൽക്കാനെത്തിയ കുട്ടി, കച്ചവടം കഴിഞ്ഞ് രാത്രി കുടുംബത്തോടൊപ്പം ദസറ ഗ്രൗണ്ടിൽ ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

നരസിംഹരാജ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനകം പ്രതിയെ കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച കാർത്തിക്കിനെ പൊലീസ് കാലിന് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്.

മുൻപും സമാന കുറ്റകൃത്യത്തിൽ ശിക്ഷിക്കപ്പെട്ടു

ബസ് ക്ലീനറായി ജോലി ചെയ്തിരുന്ന കാർത്തിക് മുൻപും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2019-ൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും നാലുവർഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഈ കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് കാർത്തിക് വീണ്ടും കുറ്റകൃത്യം നടത്തിയത്. കേസിലെ വാദം പൂർത്തിയായതോടെയാണ് ഒമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് മൈസൂരു അതിവേഗ കോടതി വധശിക്ഷ വിധിച്ചത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User