മാസപ്പടി കേസിൽ പിണറായിക്ക് ആശ്വാസമോ? കോൺഗ്രസിൽ ഭിന്നത രൂക്ഷം

മാസപ്പടി കേസിലെ സുപ്രീംകോടതി നടപടിക്ക് പിന്നാലെ പിണറായി വിജയനെതിരായ അന്വേഷണത്തിൽ സർക്കാർ സ്വീകരിച്ച നിലപാടും കോൺഗ്രസിനുള്ളിലെ ഭിന്നതയും വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നു.

Oct 21, 2026 - 15:51
Updated: 1 hour ago
0
മാസപ്പടി കേസിൽ പിണറായിക്ക് ആശ്വാസമോ? കോൺഗ്രസിൽ ഭിന്നത രൂക്ഷം

മാസപ്പടി കേസില്‍ പിണറായി വിജയനെ സുപ്രീംകോടതി ഒന്നും ചെയ്തില്ല... കേസുമായി മുന്നോട്ട് പോകുവാനും എന്നെന്നേക്കുമായി പിണറായി വിജയനെ പൂട്ടുമെന്നും കരുതി കാത്തിരുന്ന കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ക്ക് നിരാശ മാത്രമാണുണ്ടായിരിക്കുന്നത്... കേസില്‍ പിണറായി വിജയന്റെ ഭാഗം കേട്ടില്ലെന്ന ന്യായം നിരത്തിയാണ് സുപ്രീംകോടതി കേസ് ഹൈക്കോടതിയിലേക്ക് തന്നെ വിട്ടിരിക്കുന്നത്... ഇനി കേസ് ഹൈക്കോടതിയിലെത്തി തുടര്‍നടപടികളിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ പിണറായി വിജയന് കൂടുതല്‍ അനുകൂലമായി മാറുമെന്ന് ഉറപ്പാണ്... പിണറായി വിജയനെ കുടുക്കാനുള്ള തെളിവുകള്‍ അടക്കം ശക്തമായി നിലനിന്നിരുന്ന കേസാണ് ഇപ്പോള്‍ ആവിയായിരിക്കുന്നത്... എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും കേസിന്റെ തുടര്‍നടപടികളിലും യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് ഇതിന് കാരണമെന്ന് പറയുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല...

പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയില്‍ നിന്ന് തീരുമാനം വന്നത്... സിഎംആര്‍എല്‍ കമ്പനിയും എക്സാലോജിക് കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെയും സേവനമില്ലാതെ കൈപ്പറ്റിയ പണത്തെയും കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉയര്‍ന്ന ഹര്‍ജികളാണ് നിയമപോരാട്ടങ്ങള്‍ക്ക് വഴിവെച്ചത്... കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു... ഇതിനെതിരെ പിണറായി വിജയന്‍, മകള്‍ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെട്ടിരിക്കുന്നത്...

മാസപ്പടിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ മാസമാദ്യം ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയത് മുതല്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടാണ് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കിയിരിക്കുന്നത്... ഇഡിയുടെ കത്തില്‍ നിയമോപദേശം തേടിയ ശേഷം പ്രാഥമികാന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്... പിണറായിയെ രാഷ്ട്രീയമായി വേട്ടയാടാനില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നതാണ് സര്‍ക്കാര്‍ നിലപാടെന്നാണ് ഇതിന് ന്യായീകരണമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്... അതേസമയം, അന്നൊരു വാര്‍ത്താസമ്മേളനത്തില്‍ സതീശന്‍ പറഞ്ഞത് ഇഡിയുടെ കത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനേക്കാള്‍ കൂടുതല്‍ ഗൗരവതരമായ കാര്യങ്ങള്‍ ഉണ്ട് എന്നായിരുന്നു... അത് സത്യമാണെങ്കില്‍ പിന്നെ എന്തിന് സര്‍ക്കാര്‍ വെച്ചുതാമസിപ്പിച്ചുവെന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്...

ഹൈക്കോടതി സിംഗിള്‍ ബെഞ്ചില്‍ കേസ് വന്നപ്പോള്‍ സര്‍ക്കാര്‍ തങ്ങളുടെ പ്രാഥമികാന്വേഷണമെന്ന നിലപാട് ആവര്‍ത്തിക്കുകയും ന്യായീകരിക്കുകയുമാണ് ചെയ്തത്... കൂടാതെ ഹര്‍ജിക്കാരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തു സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍... പക്ഷേ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളഞ്ഞ കോടതി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയാണ് ചെയ്തത്... ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരിക്കുന്നത്...

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചില്‍ പിണറായി അപ്പീല്‍ നല്‍കിയപ്പോള്‍ അവിടെയും സര്‍ക്കാര്‍ തങ്ങളുടെ നിലപാട് തുടരുകയാണ് ചെയ്തത്... എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അവിടെയും വാശിപിടിച്ചു... ഒരര്‍ത്ഥത്തില്‍ പിണറായിയുടെ വാദങ്ങളെ തുണയ്ക്കുന്നതായി സര്‍ക്കാരിന്റെയും നിലപാട്... പക്ഷേ പിണറായിയുടെ പ്രത്യേക അനുമതി അപേക്ഷ തള്ളിക്കളയുകയാണ് ഡിവിഷന്‍ ബെഞ്ച് ചെയ്തത്... അതായത് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള അനുമതി പോലും കോടതി കൊടുത്തില്ല... അതേ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ കൂടുതല്‍ ദുര്‍ബലമായത് എങ്ങനെ എന്ന ചോദ്യത്തിന് ഇനി വി.ഡി. സതീശന്‍ തന്നെ മറുപടി പറയേണ്ടി വരും...

തുടക്കം മുതല്‍ ഈ കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനോട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു... സര്‍ക്കാര്‍ നിലപാടില്‍ ആശങ്കയറിയിച്ച് ഒരു കൂട്ടം എംഎല്‍എമാര്‍ ആഭ്യന്തരമന്ത്രിക്ക് കത്ത് അയക്കുന്ന സാഹചര്യം പോലുമുണ്ടായി... ഹര്‍ജിക്കാരനെ അധിക്ഷേപിച്ചത് ഉള്‍പ്പെടെ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ നടത്തിയ വാദങ്ങളെ ശക്തമായ ഭാഷയിലാണ് മാത്യു വിമര്‍ശിച്ചത്... എന്നാല്‍ മാത്യുവിനെ പരസ്യമായി തന്നെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തള്ളിപ്പറഞ്ഞതോടെ ഈ വിഷയത്തിലെ കോണ്‍ഗ്രസിലെ പൊട്ടിത്തെറി പുറത്തായി...

അവിടെയും അവസാനിച്ചില്ല കാര്യങ്ങള്‍... കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇക്കാര്യത്തെ ചൊല്ലി മാത്യുവും സതീശനും ഏറ്റുമുട്ടി... ഉമ്മന്‍ചാണ്ടിക്ക് കിട്ടാത്ത നീതി പിണറായിയോട് കാട്ടേണ്ടതില്ല എന്നാണ് മാത്യു പറഞ്ഞത്... എന്നാല്‍ മാത്യുവിന് ചെറുപ്പത്തിന്റെ ചോരത്തിളപ്പാണ്, സര്‍ക്കാര്‍ നിലപാടില്‍ ഒരു തെറ്റുമില്ലെന്നാണ് പാര്‍ട്ടി യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്... ആഭ്യന്തരമന്ത്രിയും അതിനെ പിന്തുണച്ചിട്ടുണ്ട്... സര്‍ക്കാര്‍ നിലപാട് എല്ലാവരും അംഗീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കൂടിയായ സണ്ണി ജോസഫ് പറഞ്ഞപ്പോള്‍ യോഗത്തില്‍ നിന്ന് മാത്യു ഇറങ്ങിപ്പോവുകയും ചെയ്തു...

കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പ്രത്യയശാസ്ത്രപരമായി കടുത്ത എതിരാളികളാണെങ്കിലും, അതീവ ഗൗരവമുള്ള അഴിമതിയാരോപണങ്ങള്‍ വരുമ്പോള്‍ പരസ്പരം സഹായിക്കുന്ന ഡീല്‍ രാഷ്ട്രീയം നിലനില്‍ക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്... പിണറായി വിജയനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത് തങ്ങള്‍ക്കും ഭാവിയില്‍ വിനയാകാം എന്ന ചിന്തയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തലത്തിലുള്ള ചില നേതാക്കളെയും ഈ വിഷയത്തില്‍ മൃദുസമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതെന്ന ആക്ഷേപവും ശക്തമാണ്...

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User