ബിഹാറില്‍ തമ്മിലടി രൂക്ഷം; മഹാസഖ്യ സര്‍ക്കാര്‍ വീഴാന്‍ ഒരുങ്ങുന്നു
പാറ്റ്‌ന: ബിഹാര്‍ മഹാസഖ്യത്തില്‍ അതൃപ്തി. ആര്‍ജെഡി നേതാവും നിയമ മന്ത്രിയുമായ കാര്‍ത്തികേയ സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി ജെഡിയുവും കോണ്‍ഗ്രസും രംഗത്ത് വന്നു. ഇദ്ദേഹത്തിനെതിരെ അഴിമതി കേസുള്ളതാണ് കാരണം. അതേസമയം ജെഡിയുവില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ നടപടികളിലേയ്ക്ക് നീങ്ങുമെന്ന് ഒരു വിഭാഗം അറിയിച്ചു കഴിഞ്ഞു. മന്ത്രി സ്ഥാനം നല്‍കാത്തതില്‍ രാജിഭീഷണി മുഴക്കി ജെഡിയു എംഎല്‍എ ബിമ ഭാരതി രംഗത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിമാരെ നിശ്ചയിച്ചത്. ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ് ഉള്ളത്. തേജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകള്‍ നല്‍കി. ജെഡിയു നേതാവായ വിജയ് കുമാര്‍ ചൗധരി ധനമന്ത്രിയാണ്. 31 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് മഹാസഖ്യ സര്‍ക്കാര്‍ മന്ത്രിസഭാ വികസനം പൂര്‍ത്തിയാക്കിയത്. ആര്‍ജെഡിയില്‍ നിന്ന് 16 ഉം ജനതാദളില്‍ (ജെഡിയു) നിന്ന് 11 ഉം പേര്‍ മന്ത്രിമാരായി. കോണ്‍ഗ്രസിന് രണ്ടും എച്ച് എ എമ്മിനും ഒരു മന്ത്രി സ്ഥാനവുമാണ് ലഭിച്ചത്. പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്.