ഒമാൻ കടലിടുക്കിലെ യുഎസ് ആക്രമണം: കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം ​.

മരണം സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ. യു എസ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.

Jun 11, 2026 - 13:15
0
ഒമാൻ കടലിടുക്കിലെ യുഎസ് ആക്രമണം: കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം ​.

ഒമാൻ കടലിടുക്കിൽ (Gulf of Oman) പലാവു (Palau) പതാകയേന്തിയ എംടി സെറ്റബെല്ലോ' (MT Settebello)എന്ന വാണിജ്യ കപ്പലിന് നേരെ യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു.

ഇറാനിൽ നിന്നുള്ള എണ്ണക്കടത്തിന്മേൽ യുഎസ് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധം ലംഘിച്ചു എന്ന് ആരോപിച്ചാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) കപ്പലിന്റെ എൻജിൻ റൂമിന് നേരെ മിസൈൽ ആക്രമണം നടത്തിയത്. യുഎസ് സേനയുടെ നിർദ്ദേശങ്ങൾ കപ്പൽ ജീവനക്കാർ ആവർത്തിച്ച് ലംഘിച്ചതിനെത്തുടർന്നാണ് 'പ്രിസിഷൻ ഗൈഡഡ്' ബോംബുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം.

കപ്പലിൽ ആകെ 24 ഇന്ത്യൻ നാവികരുൾപ്പെടെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 21 ഇന്ത്യക്കാരെ ഒമാൻ അധികൃതരുടെ സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ കാണാതായ മൂന്ന് പേർ മരണപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട മൂന്ന് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്: ആദിത്യ ശർമ്മ (ഡെക്ക് കേഡറ്റ്, ഹിമാചൽ പ്രദേശ്)ശിവാനന്ദ് ചൗരസ്യ (എഞ്ചിൻ ഫിറ്റർ, ഉത്തർപ്രദേശ്)പട്നാല സുരേഷ് (ചീഫ് എഞ്ചിനീയർ, ആന്ധ്രാപ്രദേശ്) എന്നിവരാണ് കൊല്ലപ്പെട്ടത് 

നാവികരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും, രക്ഷപെടുത്തിയ മറ്റ് ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും കേന്ദ്രമന്ത്രി മന്ത്രാലയ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഇന്ത്യ കടുത്ത അമർഷം രേഖപ്പെടുത്തുകയും അമേരിക്കയോട് ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ന്യൂഡൽഹിയിലെ യുഎസ് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്.

അന്താരാഷ്ട്ര കപ്പൽ ചാനലുകളിലൂടെയുള്ള സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും, സാധാരണക്കാരായ നാവികരുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സൈനിക നടപടികൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ എത്രയും വേഗം ലഘൂകരിക്കാൻ നയതന്ത്രപരമായ ചർച്ചകൾ ഉണ്ടാകണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User