പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയ്ക്കും മക്കൾക്കും ക്രൂരമർദനം; ബിജെപി നേതാവിനെതിരേ വധശ്രമത്തിന് കേസ്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ശ്രീകുമാറിനായി തിരച്ചിൽ ഊർജിതമാക്കി വിയ്യൂർ പോലീസ്.
തൃശ്ശൂരിൽ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ ബിജെപി പ്രാദേശിക നേതാവിനെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബിജെപി തൃശ്ശൂർ മണ്ഡലം വൈസ് പ്രസിഡന്റായ ശ്രീകുമാറിനെതിരേയാണ് വിയ്യൂർ പോലീസ് വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. പ്രതിക്ക് മറ്റൊരു സ്ത്രീയുമായുള്ള വഴിവിട്ട ബന്ധം ഭാര്യ ചോദ്യം ചെയ്തതാണ് ക്രൂരമായ മർദനത്തിൽ കലാശിച്ചത്.
ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിച്ച മക്കൾക്കും ഇയാളിൽ നിന്ന് ക്രൂരമായ മർദനമേറ്റതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ കുടുംബാംഗങ്ങളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി ശ്രീകുമാറിനായുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി.