സ്വന്തം നേതാവിന്റെ ഓർമ്മദിന ഫ്ലക്സ് പോലും തിരിച്ചറിയാതെ SFI; കോടിയേരിയുടെ ഫ്ലക്സ് വലിച്ചുകീറി
കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിന ഫ്ലക്സ് പ്രതിഷേധത്തിനിടെ എസ്‌എഫ്‌ഐ പ്രവർത്തകൻ വലിച്ചുകീറിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നാണംകെട്ട് എസ് എഫ് ഐ
കൊല്ലം: അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷിക ദിനത്തിൽ സ്ഥാപിച്ച അനുസ്മരണ ഫ്ലക്സ് എസ്‌എഫ്‌ഐ പ്രതിഷേധത്തിനിടെ വലിച്ചുകീറി. കൊല്ലം ചിന്നക്കടയിലാണ് സംഭവം.
തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ്–കെഎസ്‌യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി എസ്‌എഫ്‌ഐ മാർച്ചുകൾ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലത്തും പ്രതിഷേധ പ്രകടനം നടന്നു. മാർച്ച് ചിന്നക്കടയിലെത്തിയപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന ഒരു പ്രവർത്തകൻ റോഡിലെ മീഡിയനിൽ സ്ഥാപിച്ചിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ ഫ്ലക്സിനരികിലേക്ക് ഓടിയെത്തിയത്.
തുടർന്ന് പ്രവർത്തകൻ ഫ്ലക്സ് വലിച്ചുതാഴെയിടുകയും നശിപ്പിക്കുകയും ചെയ്തു. ഫ്ലക്സ് വലിച്ചുകീറുന്നതിനിടെ ആൾക്കൂട്ടത്തിൽനിന്ന് “കോടിയേരിയുടെ ഫ്ലക്സാണോ കീറിയത്, മാറിപ്പോയോ?” എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
കോടിയേരി ബാലകൃഷ്ണന്റെ നാലാം ഓർമ്മദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സാണ് പ്രതിഷേധത്തിനിടെ നശിപ്പിക്കപ്പെട്ടത്. ഫ്ലക്സ് വലിച്ചുകീറിയ ശേഷം പ്രവർത്തകൻ പ്രതിഷേധ സംഘത്തിനൊപ്പം മുദ്രാവാക്യം വിളിച്ച് നീങ്ങുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.
സംഭവം എസ്‌എഫ്‌ഐയുടെ പ്രതിഷേധത്തിനിടെ സ്വന്തം പ്രസ്ഥാനത്തിന്റെ മുൻ സംസ്ഥാന സെക്രട്ടറിയുടെ അനുസ്മരണ ഫ്ലക്സ് തന്നെ നശിപ്പിച്ചെന്ന വിമർശനത്തിനും വഴിവെച്ചിട്ടുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)