വോട്ടർ പട്ടികയിലും ഹിന്ദു–മുസ്ലിം രാഷ്ട്രീയം; 80 ലക്ഷം പേരെ തിരിച്ചെത്തിക്കാൻ ബി.ജെ.പി ക്യാമ്പയിൻ

1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗിയുടെ അവകാശവാദത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി പാർട്ടി; വോട്ടർ പട്ടിക പുതുക്കൽ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള ഉപകരണമാക്കുന്നുവെന്ന വിമർശനം

Nov 14, 2026 - 11:00
0
വോട്ടർ പട്ടികയിലും ഹിന്ദു–മുസ്ലിം രാഷ്ട്രീയം; 80 ലക്ഷം പേരെ തിരിച്ചെത്തിക്കാൻ ബി.ജെ.പി ക്യാമ്പയിൻ

ലഖ്‌നൗ: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പരിഹരിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്വത്തെ ഹിന്ദു–മുസ്ലിം രാഷ്ട്രീയ ചർച്ചയിലേക്ക് വലിച്ചിഴച്ച് ഉത്തർപ്രദേശിലെ ബി.ജെ.പി. പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (SIR) നടപടിക്കിടെ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്നും മുസ്ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനയുണ്ടായെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടതിന് പിന്നാലെ, ഒഴിവാക്കപ്പെട്ടവരെ തിരിച്ചെത്തിക്കാൻ പാർട്ടി പ്രത്യേക ക്യാമ്പയിനുമായി രംഗത്തെത്തി.

2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ബി.ജെ.പിയുടെ നീക്കം. നിലവിൽ നടക്കുന്ന പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൽ (SSR) 40 ലക്ഷം മുതൽ 80 ലക്ഷം വരെ പേരുകളെ തിരിച്ചെത്തിക്കുകയാണ്  ബിജെപിയുടെ ലക്ഷ്യം.ഓരോ നിയമസഭാ മണ്ഡലത്തിലും 10,000 മുതൽ 25,000 വരെ പേരുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ ജില്ലാ നേതൃത്വങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

എന്നാൽ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ മതം തിരിച്ചുള്ള കണക്കുകൾ ഉയർത്തിക്കാട്ടി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയാണ് വിവാദത്തിന്റെ കേന്ദ്രം. വോട്ടവകാശം എന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കേണ്ട വിഷയമല്ലെന്നിരിക്കെ, ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ടർമാരുടെ എണ്ണത്തെ രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രമാക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

ലഖ്‌നൗവിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വോട്ടർ പട്ടിക പുതുക്കലിനായി പാർട്ടി നേതാക്കൾക്ക് കർശന നിർദേശങ്ങൾ നൽകിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അടുത്ത ഒരു മാസത്തേക്ക് മറ്റ് പാർട്ടി പരിപാടികൾ മാറ്റിവെച്ച് വോട്ടർ പട്ടിക പുതുക്കലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഓരോ ബൂത്തിലും കുറഞ്ഞത് 50 പേരെയെങ്കിലും പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. നവംബർ 20 മുതൽ ബൂത്ത് തലത്തിൽ പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോർട്ടിലുണ്ട്.

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 1,500 മുതൽ 3,000 വരെ വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിലെ കുറവ് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2017-ൽ ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള വോട്ട് വ്യത്യാസം 1.55 കോടിയായിരുന്നെങ്കിൽ 2022-ൽ ഇത് 85 ലക്ഷമായി കുറഞ്ഞിരുന്നു. ഈ കണക്കുകളും പാർട്ടിയുടെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോർട്ട്.

നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് വിലാസം മാറ്റിയവരെയും മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരെയും കണ്ടെത്തി ഉത്തർപ്രദേശിലെ വോട്ടർ പട്ടികയിലേക്ക് തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. സ്ത്രീകളെയും യുവാക്കളെയും പുതിയ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്താനും പ്രവർത്തകരെ നിയോഗിക്കും.

എന്നാൽ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പാർട്ടിക്ക് വിജയസാധ്യതയില്ലാത്തതിനാൽ അവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്നും ഹിന്ദു വോട്ടർമാരുടെ പേരുകൾ കൂടുതലായി ഒഴിവാക്കപ്പെട്ടതായി കണ്ടെത്തിയ മണ്ഡലങ്ങളിൽ പ്രവർത്തനം കേന്ദ്രീകരിക്കുമെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കിയതായി റിപ്പോർട്ടിലുണ്ട്.

വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട അർഹരായ എല്ലാവരെയും മതഭേദമന്യേ തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്വമാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളത്. എന്നാൽ പ്രത്യേക മതവിഭാഗത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രചാരണവും മണ്ഡലങ്ങളിലെ വിജയസാധ്യത കണക്കാക്കിയുള്ള ഇടപെടലും വോട്ടർ പട്ടിക പുതുക്കലിന്റെ നിഷ്പക്ഷതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.

എസ്.ഐ.ആറിന് മുമ്പ് ഉത്തർപ്രദേശിൽ 15.44 കോടി വോട്ടർമാരുണ്ടായിരുന്നെങ്കിൽ നടപടികൾ പൂർത്തിയായപ്പോൾ എണ്ണം 13.39 കോടിയായി കുറഞ്ഞു. ഏകദേശം 2.04 കോടി പേരുടെ കുറവാണുണ്ടായത്. പഞ്ചായത്ത് വോട്ടർ പട്ടികയും നിയമസഭാ വോട്ടർ പട്ടികയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പഞ്ചായത്ത് പട്ടികയിൽ പേരുള്ള 66 ലക്ഷം പേർ നിയമസഭാ പട്ടികയിൽ ഇല്ലെന്നും ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ 55 ലക്ഷം ഹിന്ദുക്കളുടെ പേരുകൾ കാണാനില്ലെന്നും 18–19 പ്രായത്തിലുള്ള 4.5 ലക്ഷം പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് യോഗിയുടെ അവകാശവാദം. ഈ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായി സ്ഥിരീകരിച്ച ഔദ്യോഗിക കണക്കുകളായി കാണാനാവില്ല.

വോട്ടർ പട്ടികയിൽനിന്ന് അർഹരായവരുടെ പേരുകൾ ഒഴിവായിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്വമാണ്. അതിന് പകരം മതാടിസ്ഥാനത്തിലുള്ള കണക്കുകൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് ലക്ഷ്യത്തോടെ രാഷ്ട്രീയ പാർട്ടികൾ രംഗത്തിറങ്ങുന്നത് ജനാധിപത്യ പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുകയാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User