മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ്; വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കും
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന വിലയിരുത്തൽ; മന്ത്രിയുടെ ഓഫീസിലെ ഇടപെടലുകളും സാമ്പത്തിക ഇടപാടുകളും എസ്‌ഐടി പരിശോധിക്കുന്നു
തിരുവനന്തപുരം: ലിയോണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർത്തേക്കുമെന്ന് റിപ്പോർട്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായും സ്പോൺസർക്ക് അന്യായമായ സാമ്പത്തിക നേട്ടം ലഭിക്കുന്ന തരത്തിൽ ഇടപെടൽ നടത്തിയതായും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വിലയിരുത്തുന്നതായാണ് വിവരം.
മന്ത്രിയുടെ ഓഫീസിൽനിന്ന് വഴിവിട്ട ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. വി. അബ്ദുറഹിമാന്റെ മൊഴിയും അന്വേഷണത്തിന്റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയും ബന്ധപ്പെട്ട രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അദ്ദേഹത്തെ പ്രതി ചേർക്കുന്നതിൽ അന്തിമ തീരുമാനം ഉണ്ടാകുക.
കേസിൽ എസ്‌ഐടി അന്വേഷണം നിർണായക ഘട്ടത്തിലെത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. മുൻ മന്ത്രിയുടെ മൊഴിയും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിയുടെ ഓഫീസിൽനിന്നുള്ള കത്തിടപാടുകൾ, ടെൻഡർ നടപടികളില്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട നടപടികൾ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കായി നടത്തിയ വിദേശയാത്ര എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തെത്തിയ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയ ശേഷമാണ് വി. അബ്ദുറഹിമാന്റെ മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക റിപ്പോർട്ടിലെ ശുപാർശയെന്നാണ് റിപ്പോർട്ട്. വഴിവിട്ട സഹായം ലഭ്യമാക്കുന്നതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളിൽ ആരൊക്കെ പങ്കാളികളായിരുന്നുവെന്നും തുടർ അന്വേഷണത്തിലൂടെ കണ്ടെത്താനാണ് നീക്കം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)