മഴയാണ്, റോഡിൽ പായരുത്...

hevy rain alert- public and authorities to remain highly vigilant

മഴയാണ്, റോഡിൽ പായരുത്...

മഴക്കാലമാണ്.പല ജില്ലകളിലും വിവിധ ദിവസങ്ങളിൽ റെഡ് അലർട്ട് ഉൾപ്പെടെ ജാഗ്രതാ നിർദേശം സർക്കാർ നൽകുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് അതിതീവ്ര മഴയുണ്ടാകുന്ന രീതിയാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്. അതിനാൽ നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും പെട്ടന്ന് വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പും വാഹന യാത്രക്കാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 
തുറന്നു കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരച്ചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കാൻ സഹായിക്കും.

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനുമുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

മഴയാത്രയിൽ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിങ്ങ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, മുന്നിലെ വാഹനത്തിന്റെ ബ്രേക്ക് ലൈറ്റ് അവർ ബ്രേക്കിടുമ്പോൾ, തെളിയാതിരിക്കുന്നതും അപകടക്കെണിയാണ്. സാധാരണ ഗതിയിൽ മുന്നിലെ വാഹനം ബ്രേക്ക് ഇടുകയാണ് എന്ന് പുറകിലെ വാഹന ഡ്രൈവർക്ക് മനസ്സിലാകണമെങ്കിൽ ബ്രേക്ക് അമർത്തുമ്പോൾ ലൈറ്റ് തെളിയണം. അല്ലാത്ത പക്ഷം മുമ്പെ പുറകെ തൊട്ടുരുമ്മിയുള്ള യാത്രയിൽ 'ഇടി' ഉറപ്പാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
ശക്തമായ മഴയത്ത് മരങ്ങളോ മറ്റ് ഇലക്ട്രിക് ലൈനുകളോ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിങ്ങ് ലാമ്പ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കി ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് തടയും.

മഴക്കാലത്ത് പാർക്കിങ്ങ്, മരങ്ങളുടെ സമീപമോ മലഞ്ചെരുവിലോ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയോ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

തീർത്തും ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവന്നാൽ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നിറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.
ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ച ശേഷം ഒന്നു- രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

വെള്ളക്കെട്ടിലൂടെ പോകുമ്പോൾ എ.സി ഓഫ് ചെയ്യുന്നതാണ് നല്ലത്.

മഴക്കാലത്ത് പൊതുവേ ട്രാഫിക് ബ്ലോക്ക് കൂടും എന്നതിനാൽ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവിസ് സെന്ററിൽ അറിയിക്കുക.വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

ശക്തമായ മഴ മുന്നറിയിപ്പുള്ളപ്പോൾ, പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. മണ്ണിടിച്ചിലും വെള്ളപ്പാച്ചിലുമൊക്കെ പൊടുന്നനെ സംഭവിക്കുന്ന മലയോര മേഖലകളിലൂടെയാണ് യാത്രയെങ്കിൽ പ്രത്യേകിച്ചും. രാത്രിയാത്രയിൽ പിൻസീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് നിർബന്ധമായി ധരിക്കുന്നതാണ് സുരക്ഷിതം. രാത്രി മാത്രമല്ല പകൽ സമയത്തും പൊലീസിനെയോ കാമറകളെയോ ഭയന്ന് മാത്രം സീറ്റ് ബെൽറ്റ് ഇടുന്നവരാണ് നിങ്ങളെങ്കിൽ അത് മാറ്റി വെച്ച് സുരക്ഷിതരായി തുടരേണ്ടത് അവനവന്റെ ജീവന്റെ പ്രശ്‌നമാണെന്ന് സ്വയം മനസ്സിലാക്കി മാറി ചിന്തിക്കുക. സീറ്റ് ബെൽറ്റ് വാഹനത്തിൽ കയറിയാലുടൻ തന്നെ ഇടുന്നത് ശീലമാക്കിയാൽ മടി ഒഴിവാക്കാവുന്നതേയുള്ളൂ.