ഒരു വർഷത്തിനിടെ മൂന്ന് വോട്ടർ കണക്കുകൾ! രാജസ്ഥാനിൽ പുതിയ വിവാദം

രാജസ്ഥാനിലെ എസ്.ഐ.ആർ, എസ്.എസ്.ആർ വോട്ടർ പട്ടികകളിലെ കണക്കുകൾ തമ്മിലുള്ള വലിയ അന്തരം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെക്കുറിച്ച് പുതിയ ചോദ്യങ്ങളുയർത്തുന്നു.

Nov 13, 2026 - 11:25
Updated: 8 hours ago
0
ഒരു വർഷത്തിനിടെ മൂന്ന് വോട്ടർ കണക്കുകൾ! രാജസ്ഥാനിൽ പുതിയ വിവാദം

രാജ്യവ്യാപകമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് രാജസ്ഥാനിലെ പുതിയ കരട് വോട്ടർ പട്ടികയും വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാജസ്ഥാനിൽ നിന്ന് പുറത്തുവന്ന പുതിയ വോട്ടർ കണക്കുകൾ വലിയൊരു ആശയക്കുഴപ്പത്തിന് തന്നെയാണ് വഴിവെച്ചിരിക്കുന്നത്. 2027-ലെ സ്പെഷ്യൽ സമ്മറി റിവിഷന്റെ (SSR) ഭാഗമായി വ്യാഴാഴ്ച പ്രസിദ്ധീകരിച്ച കരട് പട്ടിക പ്രകാരം രാജസ്ഥാനിൽ 5.26 കോടി വോട്ടർമാരാണുള്ളത്. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച SIR അന്തിമ പട്ടികയിലുണ്ടായിരുന്ന 5.15 കോടി വോട്ടർമാരേക്കാൾ 11 ലക്ഷം പേർ ഇതിൽ കൂടുതലാണ്. എന്നാൽ ഒക്ടോബർ ആദ്യവാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ പട്ടികയിലെ 5.45 കോടി എന്ന കണക്കിനേക്കാൾ 18 ലക്ഷത്തോളം കുറവുമാണ് പുതിയ പട്ടികയിലുള്ളത്. ഇതോടെ ഒരു വർഷത്തിനുള്ളിൽ തന്നെ ഒരേ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത ഔദ്യോഗിക വോട്ടർ കണക്കുകൾ നിലനിൽക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഫെബ്രുവരിയിലെ എസ്.ഐ.ആർ അന്തിമ പട്ടികയിലെ 5.15 കോടി, ഒക്ടോബറിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിലെ 5.45 കോടി, ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട എസ്.എസ്.ആർ കരട് പട്ടികയിലെ 5.26 കോടി എന്നിങ്ങനെ ഒരേ സംസ്ഥാനത്തെ ഔദ്യോഗിക പട്ടികകളിൽ ഇത്രയധികം അന്തരം വരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നവീൻ മഹാജൻ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ അനുസരിച്ച്, പുതിയ എസ്.എസ്.ആർ കരട് പട്ടികയിൽ ആകെ 5,26,67,416 വോട്ടർമാരാണുള്ളത്. ഇതിൽ 2,75,24,780 പുരുഷ വോട്ടർമാരും 2,51,42,052 സ്ത്രീ വോട്ടർമാരും 584 ട്രാൻസ്‌ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 2027 ജനുവരി 1 ആണ് ഈ വോട്ടർ പട്ടിക പുതുക്കലിന്റെ യോഗ്യതാ തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. പട്ടികയിലുള്ള മാറ്റങ്ങൾ സമർപ്പിക്കാൻ നവംബർ 12 മുതൽ ഡിസംബർ 11 വരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിലെ പരിശോധനകൾക്കും തീർപ്പാക്കലുകൾക്കും ശേഷമുള്ള അന്തിമ വോട്ടർ പട്ടിക 2027 ജനുവരി 4-ന് പ്രസിദ്ധീകരിക്കും. 2027 ജനുവരി 1-ന് 18 വയസ്സ് തികയുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്നും 2027 ഒക്ടോബർ 1-നകം 18 വയസ്സ് തികയുന്ന യുവജനങ്ങൾക്ക് മുൻകൂട്ടി അപേക്ഷ സമർപ്പിക്കാമെന്നും നവീൻ മഹാജൻ വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടർ കണക്കുകളിലെ ഈ വലിയ വ്യത്യാസം മനസ്സിലാക്കാൻ എസ്.ഐ.ആറും എസ്.എസ്.ആറും തമ്മിലുള്ള പ്രവർത്തന രീതിയിലെ വ്യത്യാസം അറിയേണ്ടതുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർ വീടുകൾ തോറും കയറിയിറങ്ങി നടത്തുന്ന വളരെ ആഴത്തിലുള്ള പരിശോധനാ പ്രക്രിയയാണ് എസ്.ഐ.ആർ. ഇതിൽ നിലവിലുള്ള വോട്ടർമാർക്ക് മുൻകൂട്ടി പൂരിപ്പിച്ച ഫോമുകൾ നൽകുകയും പുതുക്കിയ പട്ടികയിൽ പേര് നിലനിർത്തുന്നതിനായി അവർ അത് തിരികെ സമർപ്പിക്കുകയും വേണം. നേരത്തെ രാജസ്ഥാനിൽ നടന്ന എസ്.ഐ.ആർ പ്രക്രിയയിലൂടെ സ്ഥിരമായി താമസം മാറിയവർ, മരിച്ചവർ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി 41 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ എസ്.എസ്.ആർ ആരംഭിക്കുന്നത് അവസാനമായി പ്രസിദ്ധീകരിച്ച അന്തിമ പട്ടികയെ അടിസ്ഥാനമാക്കിയാണ്. ഇതിൽ നിലവിലുള്ള വോട്ടർമാരെ പൊതുവെ അതേപടി നിലനിർത്തുകയാണ് ചെയ്യുന്നത്. പട്ടികയിൽ പേര് തുടരുന്നതിനായി അവർ വീണ്ടും യോഗ്യത തെളിയിക്കേണ്ടതില്ല. പുതിയ പേരുകൾ ചേർക്കുക, അനർഹരെ ഒഴിവാക്കുക, തെറ്റുകൾ തിരുത്തുക എന്നിവയിലൂടെ പട്ടിക പുതുക്കുക മാത്രമാണ് ഈ പ്രക്രിയയുടെ ലക്ഷ്യം. ഈ പ്രവർത്തന രീതിയിലെ വ്യത്യാസം കൊണ്ടാണ് ഒരു കരട് എസ്.എസ്.ആർ പട്ടികയും അന്തിമ എസ്.ഐ.ആർ പട്ടികയും തമ്മിൽ പൊരുത്തപ്പെടാതെ വരുന്നതെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ടെങ്കിലും, ഔദ്യോഗിക കണക്കുകളിലെ ഈ ഭീമമായ അന്തരം പ്രതിപക്ഷത്തിന്റെ 'വോട്ടുകൊള്ള' ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുകയാണ്. നിലവിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുകയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ജനുവരിയിൽ അന്തിമ പട്ടിക പുറത്തിറക്കുന്നതിന് മുൻപായി നിശ്ചിത ഫോമുകൾ വഴി വോട്ടർമാർക്ക് പേര് ചേർക്കാനും ഒഴിവാക്കാനും തിരുത്തലുകൾ വരുത്താനും അവസരമുണ്ട്. അർഹരായ എല്ലാ പൗരന്മാരും കരട് പട്ടികയിൽ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പേര് വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ അപേക്ഷിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും, രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ സുതാര്യതയെച്ചൊല്ലി പ്രതിഷേധങ്ങൾ കത്തുന്ന സാഹചര്യത്തിൽ രാജസ്ഥാനിലെ ഈ കണക്കുകളിലെ പൊരുത്തക്കേടിലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകേണ്ടിവരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User