കോടിയേരിക്കു പ്രണാമമർപ്പിക്കാൻ പതിനായിരങ്ങൾ, കോടിയേരിക്കു പ്രണാമമർപ്പിക്കാൻ പതിനായിരങ്ങൾ, പയ്യാമ്പലത്ത് അന്ത്യ വിശ്രമം അന്ത്യ വിശ്രമം
അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻറെ മൃതദേഹം ഒരു നോക്കു കാണാൻ പതിനായിരങ്ങൾ. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക എയർ ആംബുലൻസിലെത്തിച്ച ഭൗതികശരീരം തുറന്ന ആംബുലൻസിലാണ് പുറത്തേക്കു കൊണ്ടു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പാർട്ടി നേതാക്കൾ തുടങ്ങിയവർ വിമാനത്താവളത്തിൽ മൃതദേഹം ഏറ്റുവാങ്ങാനെത്തി. പുഷ്പാലങ്കൃത വാഹനത്തിൽ കിടത്തിയ പ്രിയ നേതാവിന്റെ മൃതദേഹത്തിൽ നാനാ തുറകളിൽപ്പെട്ട പതിനായിരങ്ങളാണ് ആദരാഞ്ജലികളർപ്പിച്ചിച്ചത്.
ഒന്നര മണി കഴിഞ്ഞ് കാർഗോ ഗേറ്റിലൂടെ പുറത്തേക്കു കടന്നു വന്ന ആംബിലൻസിനൊപ്പം നൂറുകണക്കിനു വാഹനങ്ങളാണ് തലശേരിയിലേക്ക് കോടിയേരിയുടെ ഭൗതിക ശരീരത്തെ അനുധാവനം ചെയ്തത്.
11.30 ഓടെയാണ് എയർ ആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. ഭാര്യ വിനോദിനിയും മകൻ ബിനീഷ് കോടിയേരിയും എയർ ആംബുലൻസിലെത്തി. മൃതദേഹം ഏറ്റുവാങ്ങാൻ റെഡ് വോളണ്ടിയർമാരും നേതാക്കളും കണ്ണൂർ വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരി ടൌൺ ഹാളിൽ മൃതദേഹം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തലശേരി ടൗൺ ഹാളിൽ അന്തിമോപചാരമർപ്പിച്ചു. പതിനാല് കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദരമർപ്പിക്കാൻ വിലാപയാത്ര നിർത്തി സൗകര്യമൊരുക്കിയിരുന്നു. കോടിയേരിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ കൂടുതൽ നേതാക്കൾ കണ്ണൂരിലേക്കെത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തിങ്കളാഴ്ച തലശേരിയിലെത്തി ആദരാഞ്ജലി അർപ്പിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആദരാഞ്ജലി അർപ്പിച്ചു. സിഎംപി നേതാവ് സി.പി ജോൺ ആദരാഞ്ജലി അർപ്പിച്ചു.
രാത്രി പത്ത് മണിയോടെ മൃതദേഹം ടൗൺ ഹാളിൽ നിന്ന് കോടിയേരിയിലുള്ള വീട്ടിലേക്കു കൊണ്ടു പോകും. അവിടെ കുടുംബാംഗങ്ങൾക്കു മാത്രമാണ് മൃതദേഹം കാണാൻ സൗകര്യമുണ്ടാവുക. നാളെ രാവിലെ വരെ വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം പിന്നീട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കു കൊണ്ടുവരും. ജില്ലയിൽ നിന്നുള്ള പ്രവർത്തകർക്കും നേതാക്കൾക്കും ഇവിടെയാണ് ആദരാഞ്ജലി അർപ്പിക്കാൻ അവസരം. തുടർന്ന് പയ്യമ്പലം ശ്മശാനത്തിലെത്തിച്ച് ഇ.കെ. നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മാരകങ്ങൾക്കു സമീപം ദഹിപ്പിക്കും. സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയാണു സംസ്കാരം. കോടിയേരിയോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച ഹർത്താൽ പ്രഖ്യാപിച്ചു.
കോടിയേരിയുടെ ദേഹവിയോഗത്തിൽ സിപിഐ സംസ്ഥാന സമ്മേളനം അനുശോചനം രേഖപ്പെടുത്തി. പൊതുപരിപാടികളെല്ലാം റദ്ദാക്കി. സമ്മേളനം നടക്കുന്നതിനാൽ നേതാക്കൾ ആർക്കും കണ്ണൂർക്ക് പോകാനാകുന്നില്ലെന്ന് കാനം പറഞ്ഞു. അതേസമയം, കോടിയേരിയോടുള്ള ആദര സൂചകമായി പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.