എകെജി സെന്ററില്‍പോയി വായ് തുറക്കാന്‍ തോമസിനോട് മുരളി; കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടപെടരുത്

എകെജി സെന്ററില്‍പോയി വായ് തുറക്കാന്‍ തോമസിനോട് മുരളി; കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇടപെടരുത്

ഇടതുപക്ഷ ക്യാംപിലെത്തിയ കെ വി തോമസിനെ കടന്നാക്രമിച്ച് കെ മുരളിധരന്‍ എംപി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസ് ഇനി എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കെ മുരളീധരന്‍ പരിഹസിച്ചു.  ട്വന്റി 20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട് വോട്ട് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ട്വന്റി-20 വര്‍ഗീയ കക്ഷിയല്ലെന്നും അവരുടെ പിന്തുണ കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. ട്വന്റി-20 യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസം ഇല്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അവര്‍ പിന്തുണ തന്നാല്‍ സ്വാഗതം ചെയ്യും. പരസ്യമായി തന്നെ വോട്ടഭ്യര്‍ത്ഥന നടത്തുകയാണെന്നും മുരളീധരന്‍ വ്യക്തമാക്കി. പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സുവര്‍ണ്ണാവസരമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റായി പോയി. മുഖ്യമന്ത്രിയുടെ നിലപാടുകളെയാണ് യുഡിഎഫ് വിമര്‍ശിക്കുന്നത്. മുഖ്യമന്ത്രിക്ക് അമേരിക്കയില്‍ പോയി വന്നതില്‍ പിന്നെ എന്ത് പറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കെവി തോമസ് പറഞ്ഞിരുന്നു. തന്നെ പുറത്താക്കേണ്ടത് എഐസിസി ആണെന്നും കെപിസിസി അദ്ധ്യക്ഷന്‍ നുണ പറയുകയാണെന്നുമാണ് കെവി തോമസ് പറഞ്ഞത്. ഇതിനോടാണ് കെ മുരളീധരന്റെ പ്രതികരണം.