കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ മൂന്നാം ലോക കേരള സഭയ്ക്ക് മൂന്ന് കോടി അനുവദിച്ചു സർക്കാർ
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടർന്ന് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ, മൂന്നാം ലോക കേരള സഭയ്ക്ക് വേണ്ടി മൂന്നുകോടി രൂപ അനുവദിച്ച് സർക്കാരിന്റെ ധൂർത്ത്. ജൂൺ 17, 18 തീയതികളിൽ നടക്കുന്ന ലോക കേരള സഭയുടെ നടത്തിപ്പിനായി മൂന്നുകോടി നീക്കിവെച്ച് ഇന്ന് ഉത്തരവ് ഇറക്കി.
അതേസമയം, മോൻസൻ മാവുങ്കൽ വിവാദത്തിൽ പെട്ട ഇറ്റലിയിൽ നിന്നുള്ള പ്രതിനിധി അനിത പുല്ലയിലിനെ മൂന്നാം ലോക കേരള സഭയിൽ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന. സർക്കാരിന്റെ പ്രത്യേക ക്ഷണ പ്രകാരം ഒന്നും രണ്ടും ലോക കേരള സഭയിൽ പങ്കെടുത്ത വ്യക്തിയാണ് അനിത പുല്ലയിൽ.
കോവിഡ് കാലത്ത് പ്രവാസികൾ ദുരിതമനുഭവിക്കുമ്പോൾ ലോക കേരള സഭ പ്രതിനിധികളുടെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നിരിക്കെ ഇനിയും എന്തിനാണ് ഇത്തരമൊരു ചടങ്ങിന് ഇത്രയും കോടി രൂപ ധൂർത്തടിക്കുന്നത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. കോവിഡ് മൂലം വിദേശത്ത് വച്ച് മരിച്ച പ്രവാസികളുടെ കണക്ക് പോലും സർക്കാരിന്റെ രേഖകളിൽ ഇല്ലെന്നതാണ് ശ്രദ്ധേയം.
മുൻവർഷങ്ങളിൽ ലോക കേരള സഭയ്ക്ക് ചുക്കാൻ പിടിച്ചിരുന്ന നിയമസഭാ സ്പീക്കറെ മൂലയ്ക്കിരുത്തി നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ലോക കേരള സഭയുടെ പരമാധികാരം ഏറ്റെടുത്തിരിക്കുന്നത് ഇതിനകം ചർച്ചയായിട്ടുണ്ട്. സ്പീക്കർക്ക് മുന്നേ ലോക കേരള സഭയുടെ തീയതി പ്രഖ്യാപിച്ചതും ശ്രീരാമകൃഷ്ണനായിരുന്നു. ഇതിന് പിന്നാലെ, ശ്രീരാമകൃഷ്ണൻ മുൻകൈയെടുത്ത് സ്ക്രീനിങ് കമ്മിറ്റി, എംപവേർഡ് കമ്മിറ്റി, പ്രോഗ്രാം കമ്മിറ്റി, വെന്യു കമ്മിറ്റി, കൾച്ചറൽ കമ്മിറ്റി, ഫുഡ് ആന്റ് അക്കോമഡേഷൻ കമ്മിറ്റി, പബ്ളിസിറ്റി കമ്മിറ്റി, സെമിനാർ കമ്മിറ്റി, മീഡിയ കമ്മിറ്റി, ഓപ്പൺ ഫോറം കമ്മിറ്റി എന്നിവ രൂപീകരിച്ചു. ഇന്നലെ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ ഉത്തരവ് ഇറങ്ങിയപ്പോഴാണ് കമ്മിറ്റി രൂപീകരണത്തെക്കുറിച്ച് പലരും അറിഞ്ഞതത്രെ. ലോക കേരള സഭാംഗങ്ങളെയും ക്ഷണിതാക്കളെയും തെരഞ്ഞെടുക്കുക, നിലവിലുള്ള സഭയുടെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കുക, ഇവ സംബന്ധിച്ച ശുപാർശ സർക്കാരിൽ സമർപ്പിക്കുക എന്നിവയാണ് സ്ക്രിനിംഗ് കമ്മിറ്റിയുടെ പ്രധാന ചുമതല. പി. ശ്രീരാമകൃഷ്ണനാണ് സ്ക്രീനിംഗ് കമ്മിറ്റിയുടെ ചെയർമാൻ. ശ്രീരാമകൃഷ്ണനെ കൂടാതെ 3 പേർ മാത്രമാണ് സ്ക്രിനിംഗ് കമ്മിറ്റിയിൽ ഉള്ളത്. അതായത്, അംഗങ്ങളുടെ തെരഞ്ഞെടുപ്പിന്റെ പരമാധികാരി ശ്രീരാമകൃഷ്ണൻ എന്നർത്ഥം. ലോക കേരള സഭയുടെ നടത്തിപ്പ്, അനുബന്ധ പ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയാണ് എംപവേർഡ് കമ്മിറ്റിയുടെ ചുമതല. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് എംപവേർഡ് കമ്മിറ്റിയുടെ ചെയർമാൻ. 2018 ലും 2020 ലുമാണ് ഒന്നും രണ്ടും ലോക കേരള സഭകൾ നടന്നത്. 5 കോടിക്ക് മുകളിലായിരുന്നു ഇതിന്റെ ചെലവുകൾ. ലോക കേരള സഭ കൊണ്ട് സാധാരണക്കാരായ പ്രവാസികൾക്ക് യാതൊരു ഗുണവും ഇല്ല എന്ന ആക്ഷേപം ശക്തമാണ്. സോഷ്യൽ മീഡിയ ലോക കേരള സഭയെ വിമർശിക്കുന്നത് പ്രാഞ്ചിയേട്ടൻ സഭയെന്നാണ്. ലോക കേരള സഭയുടെ ധൂർത്തിനെ തുടർന്ന് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്കരിച്ചിരുന്നു. 16 കോടിയോളം മുടക്കി നിർമിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലായിരുന്നു ലോക കേരള സഭ നടന്നത്.