നിഗൂഢതകള്‍ ഒളിപ്പിച്ച് ഈ 'അടിത്തട്ട്' ; അവതരണത്തില്‍ നവ്യാനുഭവം  

നിഗൂഢതകള്‍ ഒളിപ്പിച്ച് ഈ 'അടിത്തട്ട്' ; അവതരണത്തില്‍ നവ്യാനുഭവം  



അഞ്ജലി ദാമോദരന്‍


നിഗൂഢതകളുടെ ഒരു കലവറ തന്നെയാണ് കടല്‍. കടലിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമകളിലും ഇത്തരം നിഗൂഢതയും രഹസ്യവും നമ്മള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കാറുണ്ടെങ്കിലും കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന  മലയാളം സിനിമകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രമേ കാണുകയുള്ളു. അക്കൂട്ടത്തില്‍ ഏറെ പ്രശംസ അര്‍ഹിക്കുന്ന ചിത്രം തന്നെയാണ് ജിജോ ആന്റണി സംവിധാനം ചെയ്ത കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അടിത്തട്ട് എന്ന ചിത്രം. കടലിന്റെ ആഴങ്ങളിലേ വിസ്മയങ്ങളിലേയ്ക്ക് പ്രേക്ഷകനെയും കൊണ്ട് എത്തിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. കൊന്തയും പൂണൂലും, ഡാര്‍വിന്റെ പരിണാമം, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടല്ല ജിജോ ആന്റണി അടിത്തട്ട് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

കടലും കടപ്പുറവും എന്നതിനും അപ്പുറം ഉള്‍കടലിന്റെ കഥ  പ്രേക്ഷകനിലെത്തിക്കുകയാണ് സംവിധയകന്‍.  നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളുടെ ഒന്ന് രണ്ട്  ദിവസത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. കടല്‍ വേട്ടയ്ക്ക് ഇറങ്ങുന്ന വ്യക്തമായ മുഖം നല്‍കാത്ത കഥാപാത്രങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. അടുത്തിടെ മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാലിന്‍ സ്രാങ്കിനു വേണ്ടിയാണ് ആംബ്രോസും സംഘവും കടലില്‍ ഇറങ്ങുന്നത്. സ്റ്റാലിന്റെ കുടുംബത്തിന് വേണ്ടിയും അവന്റെ  മരണകാരണവും അന്വേഷിച്ചാണ് അവര്‍ കടലിലേയ്ക്ക് ഇറങ്ങിയതെന്ന വഴിത്തിരിവ് ചിത്രത്തില്‍ പ്രേക്ഷനെ ത്രസിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ പ്രേക്ഷകന്റെ പല ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ പക്ഷെ സിനിമയ്ക്കാകുന്നില്ല. എങ്കിലും നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളും അവരുടെ ശരീര ഭാഷയും, സംസാര ശൈലിയും ആഴക്കടലിനുള്ളില്‍ ഒരുക്കിയ ദൃശ്യ വിരുന്നും സിനിമ തിയറ്ററുകളിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നുണ്ട്. 

പാപ്പിനു ക്യാമറ കണ്ണാല്‍ ഒപ്പിയെടുത്ത് ദൃശ്യങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ആഴക്കടലില്‍ ബോട്ട് ആടിയുലയുമ്പോള്‍ പ്രേക്ഷകനെയും ആ ഒഴുക്കിന് ഒപ്പം കൊണ്ട് വരാന്‍ പാപ്പിനുവിന്റെ  ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഖൈസ് മിലന്റെ തിരക്കഥയില്‍ പ്രതിപാദിച്ചിരിക്കുന്ന ദൃശ്യ ചാരുത അളവ് ഒട്ടും ചോരാതെ തന്നെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്. ആ ദൃശ്യങ്ങളെ മികച്ചരീതിയില്‍ കോര്‍ത്തിണക്കി തന്നെയാണ് നൗഫല്‍ അബ്ദുള്ള എന്ന എഡിറ്റര്‍ പ്രേക്ഷകന് മുന്നില്‍ എത്തിച്ചിരിക്കുന്നത്. 

അതിലുപരി അഭിനേതാക്കളായ  ഷൈന്‍ടോം ചാക്കോ, സണ്ണി വെയ്ന്‍,  പ്രശാന്ത് അലക്‌സാണ്ടര്‍, ജോസഫ് യേശുദാസ്, ജയപാലന്‍ തുടങ്ങിയവരും അവരുടെ ഭാഗങ്ങള്‍ ഭംഗീരമാക്കി.   ഷൈന്‍ടോം ചാക്കോ അവതരിപ്പിച്ച ആംബ്രോസ് എന്ന കഥാപാത്രം പ്രകടനംകൊണ്ട് ഒരുപടി മുന്നിട്ട് നില്‍ക്കുന്നു.

ഒരു വാണിജ്യ സിനിമയ്ക്കാവശ്യമായ ഘടകങ്ങള്‍ സിനിമയയില്‍ ഇല്ല എന്നതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകനെയും അടിത്തട്ട് തൃപ്തിപെടുത്തണമെന്നില്ല. എന്നാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു അവതരണരീതി, ഒരു പുതിയ പരീക്ഷണം എന്ന രീതിയില്‍ നവ്യാനുഭവം നല്‍കി തന്നെയാണ് അടിത്തട്ട് അവസാനിക്കുന്നത്.