സര്‍ക്കാര്‍ പണി തുടങ്ങി; കലാപാഹ്വാനത്തിന് പിസിക്കും സ്വപ്‌നയ്ക്കുമെതിരെ കേസ് 

സര്‍ക്കാര്‍ പണി തുടങ്ങി; കലാപാഹ്വാനത്തിന് പിസിക്കും സ്വപ്‌നയ്ക്കുമെതിരെ കേസ് 

മുന്‍മന്ത്രി കെ ടി ജലീല്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സുരേഷിനെതിരെയും പി സി ജോര്‍ജിനെതിരെയും ഗുരുതരപരാമര്‍ശങ്ങള്‍. സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. ജലീല്‍ സ്വപ്നയ്ക്ക് എതിരെ നല്‍കിയ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഒരു എഡിജിപിയുടെ നേതൃത്വത്തിലായിരിക്കും പുതിയ സംഘം. പൊലീസ് ജലീലിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോര്‍ജിന്റെയും വാര്‍ത്താസമ്മേളനങ്ങളും പരിശോധിക്കും. സോളാര്‍ കേസ് പ്രതി സരിതയെയും ചോദ്യം ഈ കേസുമായി ബന്ധപ്പെട്ട് ചെയ്യും. സരിതയും ജോര്‍ജുമായിട്ടുള്ള ടെലിഫോണ്‍ സംഭാഷണം നേരത്തേ ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഉണ്ടാക്കിയ ഞെട്ടല്‍ മാറും മുമ്പാണ് വേഗത്തില്‍ സര്‍ക്കാര്‍ തിരിച്ചടിച്ചത്. മുഖ്യമന്ത്രിയും ഡിജിപിയും ക്രമസമാധാനാചുമതലയുള്ള എഡിജിപിയും തമ്മില്‍ ഇന്നലെ രാവിലെ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍ തുടങ്ങിയത്. പിന്നാലെ കെ ടി ജലീല്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സ്വപ്നയും പി സി ജോര്‍ജും ചേര്‍ന്ന് ഗൂഡാലോചന നടത്തി, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ആദ്യം പരാതിയില്‍ കേസെടുക്കാന്‍ കഴിയുമോ എന്ന് പൊലീസ് സംശയിച്ചു. പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 120 ബി, 153 വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിരിക്കുന്നത്.