മൂന്ന് മാസമായി പാർലമെന്റ് തുറന്നിട്ടും സമ്മേളനമില്ല; മോദിയുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ത്?

വനിതാ സംവരണ ബില്ലും മണ്ഡല പുനർനിർണയവും ലക്ഷ്യമിട്ട് പാർലമെന്റ് സമ്മേളനം വീണ്ടും വിളിച്ചുചേർക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുമ്പോൾ പ്രതിപക്ഷ ഐക്യം തകർക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളും സജീവമാകുന്നു.

Nov 09, 2026 - 15:02
Updated: 3 hours ago
0
മൂന്ന് മാസമായി പാർലമെന്റ് തുറന്നിട്ടും സമ്മേളനമില്ല; മോദിയുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്ത്?

കേന്ദ്രസർക്കാർ സാങ്കേതികമായി പാർലമെന്റ് മലർക്കെ തുറന്നിട്ടിട്ട് മൂന്ന് മാസത്തോളമാകുന്നു. ഔദ്യോഗികമായി ഇനിയും മൺസൂൺ സെഷൻ പിരിച്ചുവിടാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പല ലക്ഷ്യങ്ങളോടെയാണ് ബിജെപി ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാൽ ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ല എന്നതാണ് ഏറെ രസകരം. ജൂലൈ 20നാണ് പാർലമെന്റിന്റെ മൺസൂൺ സെഷൻ ആരംഭിച്ചത്. സംഭവബഹുലമായ സഭ ഓഗസ്റ്റ് 13ന് പിരിഞ്ഞു. സാധാരണ ഗതിയിൽ ഒരു സെഷൻ കഴിഞ്ഞ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞാൽ സമ്മേളനം അവസാനിപ്പിച്ചതായി രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിക്കും. എന്നാൽ ഇവിടെ ഇതുവരെ അതുണ്ടായിട്ടില്ല. സഭ പ്രൊറോഗ് ചെയ്യാതെ നിലനിർത്തിയിരിക്കുകയാണ്. തങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നോട്ടീസ് നൽകി സഭ സമ്മേളിക്കാനുള്ള അവസരം ഒരുക്കിനിർത്തിയിരിക്കുകയാണ് ഇതിലൂടെ കേന്ദ്രസർക്കാരും അതിനെ നയിക്കുന്ന ബിജെപിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ട് ദിവസം മുൻപ് നോട്ടീസ് നൽകി സഭ വീണ്ടും ചേരാനാകും. എന്നാൽ സാധാരണ ഗതിയിൽ 14 ദിവസം മുൻപ് നോട്ടീസ് നൽകി മാത്രമേ അത് സാധ്യമാകൂ. അതാണ് വ്യത്യാസം.

മൺസൂൺ സെഷൻ അവസാനിച്ചിട്ട് ഇപ്പോൾ 88 ദിവസമായിരിക്കുകയാണ്. ചില നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ ബിജെപിയും കേന്ദ്രസർക്കാരും ആഗ്രഹിക്കുന്നുണ്ട്. അതാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ എന്നത് വ്യക്തം. അതിൽ ഏറ്റവും പ്രധാനം മണ്ഡല പുനർനിർണയം ലക്ഷ്യമിടുന്ന വനിതാ സംവരണ ബില്ലാണ്. സാധാരണ ബില്ലുകൾ പാസാക്കുന്നത് പോലെ ഇത് പാസാക്കാനാകില്ല, കാരണം ഇത് ഭരണഘടനാ ഭേദഗതി ബില്ലാണ്. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ബിൽ പാസാകുകയുള്ളൂ. നേരത്തെ ഏപ്രിലിൽ ഇതേ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം ശക്തമായി എതിർത്ത് തോൽപ്പിക്കുകയായിരുന്നു. വനിതകൾക്ക് 50 ശതമാനം സംവരണം വാഗ്ദാനം ചെയ്ത് ലോക്‌സഭാ സീറ്റുകൾ വർധിപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്. തങ്ങൾക്ക് സ്വാധീനമുള്ള ഉത്തരേന്ത്യയിൽ ലോക്‌സഭാ സീറ്റുകൾ വർധിപ്പിച്ച് രാജ്യത്തിന്റെ ഭരണം നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കാനുള്ള നീക്കമാണ് ഈ ബില്ലിലൂടെ നടത്തുന്നത്. അത് തിരിച്ചറിഞ്ഞാണ് പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർക്കുന്നതും. എന്നാൽ എങ്ങനെയും ബിൽ പാസാക്കിയെടുക്കാനുള്ള വഴികൾ മോദിയും ഷായും തേടുന്നുണ്ട്. പ്രതിപക്ഷത്ത് നിന്ന് പല പാർട്ടികളെയും തങ്ങൾക്കൊപ്പം കൊണ്ടുവരാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. അതിന് മോദിയും ഷായും നേരിട്ട് ഇറങ്ങുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തൃണമൂലിനെ പിളർത്തി കുറച്ച് എംപിമാരെ ചാക്കിട്ട് പിടിച്ചെങ്കിലും അതുകൊണ്ട് കാര്യം നടക്കില്ല. അതോടെയാണ് എൻസിപി ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്നാലെ പോയത്. എന്നാൽ അതിന് വെച്ച വെള്ളം വാങ്ങിവെച്ചേക്ക് എന്നാണ് കഴിഞ്ഞ ദിവസം ശരത് പവാർ വിഭാഗത്തിന്റെ പ്രധാന നേതാവ് അമിത് ഷായുടെ മുഖത്ത് നോക്കി പറഞ്ഞിരിക്കുന്നത്. പല പദവികളും വാഗ്ദാനം ചെയ്തെങ്കിലും അവർ വഴങ്ങുന്നില്ല. തമിഴ്‌നാട്ടിൽ കോൺഗ്രസിനോട് പിണങ്ങി നിൽക്കുന്ന ഡിഎംകെയെ പിടിക്കാനും ഷാ നേരിട്ട് ചർച്ച നടത്തിയെങ്കിലും ഒത്തിട്ടില്ല. ആരെയെങ്കിലും ഒക്കെ ഒത്തുകിട്ടിയാൽ പിന്നെ ഒരു നിമിഷം പോലും കളയാതെ ഉടനടി സഭ വിളിച്ചുചേർത്ത് ബിൽ പാസാക്കിയെടുക്കുക, അതാണ് തന്ത്രം.

നിലവിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രാഹുലിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നിന്ന് പോരാട്ടം നയിക്കുകയാണ്. പാർട്ടികളെ അടർത്തിയെടുത്ത് അത് തകർക്കുക എന്ന ഉദ്ദേശം കൂടിയുണ്ട് ബിജെപിക്ക്. പക്ഷേ ബിജെപിയുടെ നീക്കം തിരിച്ചറിഞ്ഞുള്ള കളികൾ തന്നെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നടത്തുന്നത്. ബിൽ പാസായാലുണ്ടാകുന്ന പ്രത്യാഘാതം പാർട്ടികൾക്കെല്ലാം നന്നായറിയാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കാനുള്ള തീരുമാനം നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇപ്പോൾ കൂടുതൽ കരുത്തോടെ സമരവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭിന്നിപ്പിന് മുന്നണിയിൽ അവസരമില്ല. സഭയിൽ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ തോൽപ്പിക്കാനുള്ള ഉറച്ച തീരുമാനത്തിൽ തന്നെയാണ് പ്രതിപക്ഷം. മൺസൂൺ സെഷനിൽ ഒറ്റ ദിവസം പോലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സഭയിൽ എത്തിയിരുന്നില്ല എന്നോർക്കണം. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ സമരത്തെ തുടർന്ന് വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടി വന്നത് മോദിക്ക് വലിയ നാണക്കേടായ സംഭവമായിരുന്നു. പിന്നാലെ സഭയിൽ നിന്ന് ഒളിച്ചോടുകയാണ് ഇരുവരും ചെയ്തത്. ഇപ്പോൾ രാഹുൽ ഗാന്ധി വിവിധ വിഷയങ്ങളിൽ മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ്. എന്നാൽ അത് ഏറ്റെടുക്കാൻ മോദിയോ പാർട്ടിയോ തയ്യാറായിട്ടില്ല. പാർലമെന്റിൽ സംവാദത്തിന് വരൂ എന്നാണ് ഷാ പറയുന്നത്. പാർലമെന്റ് തുറന്നിട്ടിട്ടുണ്ടെങ്കിലും പക്ഷേ എന്ന് സമ്മേളനം ചേരുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User